

വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ: ജയിച്ചാൽ ടീം ഇന്ത്യക്ക് റെക്കോഡ് പ്രതിഫലം
മുംബൈ: വനിതാ ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാൽ ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത് റെക്കോഡ് പുരസ്കാരതുക. വിജയികളാകുന്ന ടീമിന് ട്രോഫിക്കൊപ്പം 4.48 മില്യൺ യുഎസ് ഡോളർ അതായത് ഏകദേശം 39.78 കോടി രൂപയാണ് പുരസ്കാരമായി ലഭിക്കുക. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 2.24 മില്യൺ ഡോളർ പുരസ്കാരമായി ലഭിക്കും. ടൂർണമെന്‍റിൽ പങ്കെടുക്കുകയും മൂന്നു ഗ്രൂപ്പ് സ്റ്റേജുകളിൽ വിജയിക്കുകയും ചെയ്തതോടെ ഇന്ത്യൻ വനിതാ ടീം ഇപ്പോൾ തന്നെ 3.1 കോടി രൂപയോളം സ്വന്തമാക്കിക്കഴിഞ്ഞു. ഫൈനലിൽ കൂടി വിജയിച്ചാൽ ഇന്ത്യയ്ക്ക് 42 കോടിയിൽ അധികം രൂപ സ്വന്തമാകും.
ലീഗ് തലത്തിൽ ഇന്ത്യയേക്കാൾ രണ്ട് വിജയം അധികമുള്ള ദക്ഷിണാഫ്രിക്ക ഇതിനിടെ 4,00,000 ഡോളർ സ്വന്തമാക്കിയിട്ടുണ്ട്.
2025 സെപ്റ്റംബറിലാണ് ഐസിസി പുരസ്കാര തുക പ്രഖ്യാപിച്ചത്. 2022 ലെ ലോകകപ്പ് പുരസ്കാര തുകയുമായി താരതമ്യം ചെയ്യുമ്പോൾ 239 ശതമാനം വർധനയാണ് പുരസ്കാര തുകയിൽ ഉണ്ടായിരിക്കുന്നത്. പുരുഷന്മാരുടെ വേൾഡ് കപ്പ് ഫൈനലിൽ വിജയിച്ച ടീമിന് 4 മില്യൺ ഡോളറാണ് സമ്മാനമായി നൽകിയിരുന്നത്.