

കൗണ്ടിയിൽ സ്റ്റോക്സിനെ വീഴ്ത്തിയ ചഹൽ മാജിക്; സ്റ്റംപ് തെറിപ്പിച്ച് താരം, വിഡിയോ വൈറൽ|Video
ലണ്ടൻ: കൗണ്ടി ക്രിക്കറ്റിൽ തീപ്പൊരി പ്രകടനം പുറത്തെടുത്ത് ഇന്ത‍്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. ഡർഹാം കൗണ്ടി ടീമിനെതിരായ മത്സരത്തിൽ 36 റൺസ് മാത്രം വിട്ടുകൊടുത്ത് നാലുവിക്കറ്റാണ് താരം വീഴ്ത്തിയത്. ഇംഗ്ലണ്ടിന്‍റെ മുൻ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അടക്കമുള്ളവരായിരുന്നു ചഹലിന്‍റെ ഇരകൾ.
നോർത്താംപ്റ്റൺഷയറും ഡർഹവും തമ്മിലുള്ള മത്സരത്തിന്‍റെ 47ാം ഓവറിൽ ചഹൽ ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്ത് നേരിടാൻ ആക്രമണോത്സുകമായി ബാറ്റേന്തുന്നതിന് പകരം പ്രതിരോധത്തിന് ശ്രമിക്കുകയായിരുന്നു സ്റ്റോക്സ്.
എന്നാൽ, സ്റ്റോക്സിന്‍റെ പ്രതിരോധം തകർത്തുകൊണ്ട് ഓഫ് സ്റ്റംപ് തെറിച്ച് പന്ത് കടന്നു പോയി. സ്റ്റോക്സ് ക്ലീൻ ബൗൾഡാകുന്നതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ സോഷ‍്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. 14 റൺസ് മാത്രമെ സ്റ്റോക്സിന് നേടാനായുള്ളൂ. ഇതോടെ ഡർഹം 205 റൺസിന് ഓൾഔട്ടായി.
ഇന്ത‍്യൻ താരം മായങ്ക് അഗർവാളായിരുന്നു ഡർഹമിന്‍റെ രണ്ടാം ടോപ് സ്കോറർ. 57 പന്തിൽ നിന്നും താരം 37 റൺസ് അടിച്ചെടുത്തു.
ഇന്ത‍്യൻ സ്പിന്നർമാർക്കെതിരേ സ്റ്റോക്സ് അൽപ്പം ദുർബലനാണെന്നാണ് ചഹൽ തെളിയിച്ചത്. നേരത്തെ മറ്റൊരു ഇന്ത‍്യൻ സ്പിന്നർ സായ് കിഷോറും സ്റ്റോക്സിനെ പുറത്താക്കിയിരുന്നു.
കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുമ്പോഴും ഏറെനാളുകളായി ചഹൽ ഇന്ത‍്യയുടെ സജീവ ടീമിന്‍റെ ഭാഗമല്ല. 2023ലാണ് താരം അവസാനമായി ഇന്ത‍്യയ്ക്കു വേണ്ടി കളിച്ചത്. 2024ൽ ടി20 ടീമിന്‍റെ ഭാഗമായിരുന്നുവെങ്കിലും പ്ലെയിങ് ഇലവനിൽ ഇടം ലഭിച്ചില്ല.