ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്

ടീമിനെ പതിനാറു വർഷം പരിശീലിപ്പിച്ച് അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിക്കൊടുത്ത സ്റ്റീഫൻ ഫ്ലെമിങ്ങിന്‍റെ പിൻഗാമിയായി സഹീർ ഖാനെ നിയമിച്ചു.
Zheer Khan new CSK head coach

സഹീരർ ഖാൻ, എം.എസ്. ധോണി.

File photo

Updated on

ചെന്നൈ: പ്രവചനങ്ങളെല്ലാം കാറ്റിൽപ്പറത്തി ചെന്നൈ സൂപ്പർ കിങ്സ് പുതിയ ഹെഡ് കോച്ചായി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാനെ നിയമിച്ചു. 2027 ഐപിഎൽ സീസണിലേക്കാണ് കരാർ. ടീമിനെ പതിനാറു വർഷം പരിശീലിപ്പിച്ച് അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിക്കൊടുത്ത സ്റ്റീഫൻ ഫ്ലെമിങ്ങിന്‍റെ പിൻഗാമിയായാണ് സഹീറിന്‍റെ വരവ്.

2011-ലെ ഏകദിന ലോകകപ്പ് കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച സഹീറിന്, പതിനാലു വർഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറുണ്ട്. 2025 സെപ്റ്റംബർ വരെ ലഖ്നൗ സൂപ്പർ ജയന്റ്സിന്‍റെ മെന്‍ററായി പ്രവർത്തിച്ച സഹീർ, അതിനു മുൻപ് 2018 മുതൽ 2022 വരെ മുംബൈ ഇന്ത്യൻസിനൊപ്പമായിരുന്നു—ആദ്യം ഡയറക്റ്റർ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസ് ആയും, പിന്നീട് ടീം ഉടമകൾ ലോകമെമ്പാടും ടി20 ടീമുകൾ വാങ്ങിക്കൂട്ടിയപ്പോൾ ഗ്ലോബൽ ഹെഡ് ഓഫ് ഡെവലപ്മെന്‍റ് ആയും. എന്നാൽ, സിഎസ്‌കെയിലാണ് ഹെഡ് കോച്ച് എന്ന നിലയിലുള്ള ആദ്യ നിയമനം.

"ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നിന്‍റെ ഭാഗമാകുന്നത് വലിയ ബഹുമതിയാണ്," സഹീർ പ്രതികരിച്ചു. "ഒരു ക്രിക്കറ്റർ എന്ന നിലയിൽ, കളത്തിൽ സിഎസ്‌കെയെ നേരിട്ടിട്ടുണ്ട്, ആ പോരാട്ടങ്ങൾ ഏറെ ആസ്വദിച്ചിട്ടുമുണ്ട്", അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ ഇന്ത്യൻസിനൊപ്പം ഹെഡ് കോച്ച് മഹേല ജയവർധനെയുടെ പരിശീലകസംഘത്തിനൊപ്പം, 2019-ലും 2020-ലും തുടർച്ചയായി കിരീടം നേടിയ അനുഭവം സഹീറിനുണ്ട്. കളിക്കാരൻ എന്ന നിലയിൽ 100 ഐപിഎൽ മത്സരങ്ങൾ കളിച്ച സഹീർ 102 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2010, 2011 വർഷങ്ങളിലെ ഫൈനലുകളിൽ അദ്ദേഹത്തിന്‍റെ ടീമുകൾ കളിച്ചെങ്കിലും, രണ്ടിലും സിഎസ്‌കെയോടു തോൽക്കുകായയിരുന്നു.

സമീപകാലത്ത് ഐപിഎല്ലിൽ ദുഷ്കരമായ ഘട്ടത്തിലൂടെയാണ് സിഎസ്‌കെ കടന്നുപോകുന്നത്. എംഎസ് ധോണിയുടെ പൂർണകാല ക്യാപ്റ്റൻസിയിലെ അവസാന സീസണിൽ കിരീടം നേടിയതിനു ശേഷം, മൂന്നു വർഷമായി പ്ലേഓഫ് കാണാൻ പോലും ടീമിനു കഴിഞ്ഞിട്ടില്ല. 2025-ൽ പട്ടികയിൽ ഏറ്റവും താഴെ ടീം ഫിനിഷ് ചെയ്തതോടെ, പ്രവർത്തന രീതിയിൽ തന്നെ മാറ്റം അനിവാര്യമായി. പരിചയസമ്പന്നരായ കളിക്കാരിൽ വലിയ വിശ്വാസം അർപ്പിച്ചിരുന്ന ഫ്രാഞ്ചൈസി, യുവതാരങ്ങളിലേക്കും തെളിയിക്കപ്പെടാത്ത പ്രതിഭകളിലേക്കും തിരിഞ്ഞു. ആയുഷ് മാത്രെ, ഡിവാൾഡ് ബ്രെവിസ്, കാർത്തിക് ശർമ തുടങ്ങിയവരെ ടീമിലെത്തിച്ചെങ്കിലും, ടീമെന്ന നിലയിൽ പഴയ പ്രതാപത്തിന്‍റെ നിഴൽ പോലുമായില്ല.

ആദ്യം കളിക്കാരനായും പിന്നീട് കോച്ചായും 2008 മുതൽ സിഎസ്‌കെയ്ക്കൊപ്പമുണ്ടായിരുന്ന ഫ്ലെമിങ്, 2026 ജൂലൈയിൽ ഹെഡ് കോച്ച് സ്ഥാനം ഒഴിഞ്ഞു. ആറു ജയവും എട്ടു തോൽവിയുമായി പട്ടികയിൽ എട്ടാം സ്ഥാനത്തോടെ ടീം ലീഗ് ഘട്ടം അവസാനിപ്പിച്ചതിനു പിന്നാലെയായിരുന്നു ആ തീരുമാനം.

സിഎസ്‌കെ ഉടമകൾക്ക് ദക്ഷിണാഫ്രിക്കയിലെ എസ്എ20-യിലും അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റിലും സ്വന്തം ടീമുകളുണ്ട്. ഇവ രണ്ടും ഇതുവരെ ഫ്ലെമിങ്ങിന്‍റെ പരിശീലനത്തിലായിരുന്നു. ജോബർഗ് സൂപ്പർ കിങ്സിന്‍റെ പുതിയ കോച്ചായി ആൽബി മോർക്കലിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ടെക്സസ് സൂപ്പർ കിങ്സിന്‍റെ കോച്ചിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

logo
Metro Vaartha
www.metrovaartha.com