

അന്താരാഷ്ട്ര അരാക്നോളജി കോൺഗ്രസിനു കൊച്ചിയിൽ സമാപനം.
AI generated summary, newsroom reviewed
കൊച്ചി: പശ്ചിമഘട്ടത്തിലെ ഇലപൊഴിയും വനങ്ങളിൽ ഇതുവരെ ആരുടെയും കണ്ണിൽപ്പെടാതെ കഴിഞ്ഞ 14 ചെറുജീവികളെ ഗവേഷകർ കണ്ടെത്തി. രണ്ടു വംശങ്ങളിലായുള്ള ഈ പുതിയ സ്യൂഡോസ്കോർപിയോണുകളുടെ വിവരം ഏഴു ദിവസം നീണ്ട ശാസ്ത്രസംവാദങ്ങൾക്കുശേഷം കൊച്ചിയിൽ സമാപിച്ച 23-ാമത് അന്താരാഷ്ട്ര അരാക്നോളജി കോൺഗ്രസിലാണ് അവതരിപ്പിച്ചത്.
തേളിനോടു രൂപസാദൃശ്യമുള്ള, എന്നാൽ വാലില്ലാത്ത ചെറുജീവികളാണു സ്യൂഡോസ്കോർപിയോണുകൾ. ഇന്ത്യയിൽ ആദ്യമായും ഏഷ്യയിൽ രണ്ടാം തവണയും നടന്ന കോൺഗ്രസിൽ അൻപതിലധികം രാജ്യത്തുനിന്നുള്ള ഇരുന്നൂറിലേറെ ശാസ്ത്രജ്ഞരും ഗവേഷകരും വിദ്യാർഥികളും പങ്കെടുത്തു.
തൃക്കാക്കര ഭാരതമാതാ കോളജിലെ ജന്തുശാസ്ത്ര വിഭാഗം ഗവേഷകരായ ജിതിൻ ജോൺസൺ, മാത്യു എം. ജോസഫ്, സെൻട്രൽ ഒക്ലഹോമ സർവകലാശാലയിലെ സ്റ്റെഫാനി എഫ്. ലോറിയ, ഹാംബർഗിലെ മ്യൂസിയം ഓഫ് നേച്ചറിലെ ഡാനിലോ ഹാംസ് എന്നിവരടങ്ങിയ അന്താരാഷ്ട്ര സംഘമാണു കണ്ടെത്തലിനു പിന്നിൽ. ആധുനിക മോളിക്യുലാർ ഫൈലോജെനെറ്റിക്, ബയോജിയോഗ്രാഫിക്കൽ രീതികളും സൂക്ഷ്മമായ രൂപഘടനാപഠനവും സംയോജിപ്പിച്ചായിരുന്നു ഗവേഷണം.
പ്രാചീന ജീവിവർഗങ്ങളുടെ പരിണാമചരിത്രത്തിലേക്കും പശ്ചിമഘട്ടത്തിലെ ഇലപൊഴിയും വനമേഖലകളിലെ പ്രത്യേക ആവാസവ്യവസ്ഥകൾ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയിലേക്കും വിരൽചൂണ്ടുന്നതാണു പഠനം.
ചിലന്തിവല പറയും, വായു എത്ര മലിനം
പരിസ്ഥിതി മലിനീകരണം അളക്കാൻ ചിലന്തികളെയും അവയുടെ വലകളെയും ജൈവ സൂചകങ്ങളായി ഉപയോഗിക്കാമെന്ന ഗവേഷണങ്ങളും സമ്മേളനത്തിൽ ഏറെ ശ്രദ്ധനേടി. വായുവിലൂടെയുള്ള മലിനീകരണ വസ്തുക്കൾക്കു പുറമേ ചിലന്തിവലകളിൽ അടിഞ്ഞുകൂടുന്ന ഘനലോഹങ്ങളെയും മൈക്രോപ്ലാസ്റ്റിക് കണങ്ങളെയും കുറിച്ചു കൊച്ചിയിൽ നടക്കുന്ന പഠനങ്ങളും ചർച്ചയായി.
ദ്വിനാമ പദ്ധതി പ്രകാരം ശാസ്ത്രീയമായി വിവരിക്കപ്പെട്ട ആദ്യ ജന്തുവർഗമായ 'അറേനിയസ് ആംഗുലേറ്റസ്'എന്ന ചിലന്തിയുടെ സ്വത്വം പുനഃപരിശോധിച്ച് സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷനിലെ ജോനാഥൻ എ. കോഡിംഗ്ടൺ അവതരിപ്പിച്ച പ്രബന്ധവും പ്രധാന ആകർഷണമായി.
ഏഴു ദിവസം, 170 അവതരണം
ഇന്റർനാഷണൽ സൊസൈറ്റി ഓഫ് അരാക്നോളജിക്കുവേണ്ടി തൃക്കാക്കര ഭാരതമാതാ കോളജും (ഓട്ടോണമസ്) കുറവിലങ്ങാട് ദേവമാതാ കോളജും ചേർന്നാണു ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ കോൺഗ്രസ് സംഘടിപ്പിച്ചത്.
'സ്പിന്നിങ് കണക്ഷൻസ് ആൻഡ് വീവിങ് നോളജ്'എന്ന പ്രമേയത്തിൽ ആറ് പ്ലീനറി പ്രഭാഷണം, അഞ്ച് യുവ അരാക്നോളജിസ്റ്റ് അവതരണം, നാല് പ്രത്യേക സിമ്പോസിയം എന്നിവ ഉൾപ്പെടെ 170-ഓളം ശാസ്ത്രീയ അവതരണങ്ങൾ നടന്നു. വർഗീകരണശാസ്ത്രം, പരിണാമം, ജീനോമിക്സ്, വിഷമുള്ള അരാക്നിഡുകളും ചികിത്സാശാസ്ത്രവും, ചിലന്തിവലയും ബയോമെറ്റീരിയലുകളും തുടങ്ങിയ മേഖലകൾ ചർച്ചയായി.
യുവഗവേഷകരുടെ അവതരണങ്ങളിൽ ഹാർവാർഡ് സർവകലാശാലയിലെ (യുഎസ്) കെയ്ലിൻ എൽ. ചോങ് ഒന്നാം സമ്മാനം നേടി. പ്രബന്ധാവതരണത്തിൽ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ജോർജ് പോപോവിച്ചി രണ്ടാം സ്ഥാനവും ബ്രസീലിലെ ഇൻസ്റ്റിറ്റ്യൂട്ടോ ബുട്ടാന്റനിലെ റാഫേൽ ഫോൺസെക്ക-ഫെരേര മൂന്നാം സ്ഥാനവും നേടി. പോസ്റ്റർ അവതരണത്തിൽ ഹൈദരാബാദിലെ സിഎസ്ഐആർ-സിസിഎംബിയിലെ പ്രതീക് ഖോപ്കർ രണ്ടാം സ്ഥാനവും അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ വില്യം ഫിലിപ്സ് മൂന്നാം സ്ഥാനവും നേടി.
ശാസ്ത്രചർച്ചകൾക്കു പുറമേ പശ്ചിമഘട്ടത്തിലേക്കുള്ള ഫീൽഡ് സന്ദർശനം, കായൽയാത്ര, സാംസ്കാരിക പരിപാടികൾ, അരാക്നോ ഒളിമ്പിക്സ് എന്നിവയും സംഘടിപ്പിച്ചു. ഇന്ത്യൻ അരാക്നോളജി ഗവേഷണരംഗത്തിന് ആഗോള ശാസ്ത്രസമൂഹവുമായി പുതിയ സഹകരണസാധ്യതകൾ തുറന്നിട്ടാണ് ഏഴു ദിവസം നീണ്ട സമ്മേളനത്തിനു തിരശ്ശീല വീണത്.