
ഗഗൻയാൻ പദ്ധതി നടപ്പിലാക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഇസ്രൊ. ദർവാഡിലെ യൂണിവേഴ്സിറ്റി ഒഫ് അഗ്രികൾച്ചറൽ സയൻസസ് ( യുഎഎസ്) വികസിപ്പിച്ചെടുത്ത 20 പഴയീച്ചകളും ഗഗൻയാനിന്‍റെ ഭാഗമാകും. ബഹിരാകാശത്തിൽ വൃക്കയിൽ കല്ല് രൂപപ്പെടുന്നതുമായിബന്ധപ്പെട്ട പഠനത്തിനായാണ് പഴയീച്ചകളെ ഉപയോഗിക്കുന്നത്. ദീർഘകാലം നീണ്ടു നിൽക്കുന്ന ബഹികാരാകാശ യാത്രകളിൽ യാത്രികരെ പ്രധാനമായും അലട്ടുന്ന പ്രശ്നമാണ് വൃക്കയിൽ കല്ല് രൂപപ്പെടുന്നത്. ബഹിരാകാശ യാത്രക്കിടയിലുള്ള നിർജലീകരണം, യൂറിൻ അസിഡിറ്റി എന്നിവയും വൃക്കയിൽ കല്ലുണ്ടാകുന്നതിനെ ത്വരിത ഗതിയിലാക്കും.
പഴയീച്ചകളുടെ ജീനുകൾക്ക് മനുഷ്യരുടെ ജീനുകളുമായി 77 ശതമാനം സാമ്യമുണ്ട്. അതു കൊണ്ടു തന്നെ വൃക്കയിൽ കല്ല് രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട പഠനത്തിന് ഏറ്റവും ഉചിതം പഴയീച്ചകൾ തന്നെയാണ് ദർവാഡ് യുഎഎസിലെ ഗവേഷകൻ ഡോ. കിരൺ കുമാർ പറയുന്നു. ബഹികാരാശത്ത് വച്ച് വൃക്കയിൽ അതിവേഗം കല്ല് രൂപപ്പെടുന്നതിനു പിന്നിലെ മോളിക്യുലാർ, ജനറ്റിക് ഘടകങ്ങൾ കണ്ടെത്തി കഴിഞ്ഞാൽ അതിനു തക്ക മുന്നൊരുക്കങ്ങൾ സ്വീകരിക്കാനും അതു വഴി ബഹിരാകാശ യാത്രികരുടെ ആരോഗ്യം ഉറപ്പു വരുത്താനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ഗഗൻയാൻ. പദ്ധതിയിൽ പങ്കെടുക്കുന്ന യാത്രികരെയും തെരഞ്ഞെടുത്തിട്ടുണ്ട്. നാല് യാത്രികരാണ് ഗഗൻയാൻ വഴി ബഹിരാകാശത്തേക്ക് യാത്ര ചെയ്യുക.