
ചാറ്റ് ബോട്ടുകൾ മൂലം ഇല്ലാതാകുന്ന ജോലികൾ; എഴുത്തുകാരും, ആർജെകളും പട്ടികയിൽ
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചുള്ള ചാറ്റ്ബോട്ടുകൾ ശക്തമായതോടെ പല മേഖലകളിലായി നിരവധി പേരുടെ ജോലി പോകുമെന്ന് മൈക്രോസോഫ്റ്റ് പഠനം. എഐക്ക് കൃത്യതയോടെ ചെയ്യാൻ കഴിയുന്ന ജോലികളെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് വിവർത്തകരും പരിഭാഷകരുമാണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് ചരിത്രകാരന്മാർ, പാസഞ്ചർ അറ്റന്‍റ്മാർ, സർവീസ് സെയിൽ പ്രതിനിധികൾ എന്നിവരാണ്. മൂന്നാം സ്ഥാനത്ത് എഴുത്തുകാരും രചയിതാക്കളും സിഎൻസി ടൂൾ പ്രോഗ്രാമർ, ടെലിഫോൺ ഓപ്പറേറ്റർമാർ, കസ്റ്റമർ സർവീസ് പ്രതിനിധികൾ എന്നിവരുമാണ്.
ടിക്കറ്റ് ഏജന്‍റുമാർ, പബ്ലിക് റിലേഷൻസ് സ്പെഷ്യലിസ്റ്റുകൾ, ഡേറ്റ ഗവേഷകർ, റേഡിയോ ഡിജെകൾ, ടെലിമാർക്കറ്റ്മാർ, ന്യൂസ് അനലിസ്റ്റുകൾ , പൊളിറ്റിക്കൽ ഗവേഷകർ, എഡിറ്റർമാർ എന്നിവരും പട്ടികയിൽ ഉണ്ട്.
ആശയവിനിമയം, ധനകാര്യ മേഖലയിലെ പഠനം, ഹോസ്പിറ്റാലിറ്റി, സാങ്കേതികവിദ്യ ആവശ്യമായി വരുന്ന നിരവധി മേഖലകൾ എന്നിവിടങ്ങളിലെല്ലാം എഐയുടെ കടന്നു കയറ്റമുണ്ടാകുമെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ചോദ്യങ്ങൾക്ക് മറുപടി നൽകുക, വിവരങ്ങൾ സ്വരൂപിക്കുക, എഴുതുക എന്നിവയെല്ലാം എഐ താരമത്യേന എളുപ്പത്തിലും കൃത്യതയോടെയും ചെയ്യുന്നുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.