"പഠിപ്പിക്കാൻ അറിയില്ലെങ്കിൽ വീട്ടിൽ പോടോ...!" ആംഗ്രി പേരന്‍റായി അധ്യാപകരെ പരിശീലിപ്പിക്കാൻ കലിപ്പൻ റോബോട്ട്! അധ്യാപകർ രക്ഷപെടുമോ അതോ എഐ നാടുവിടുമോ?

അധ്യാപകരെ മാതാപിതാക്കളുടെ വായിലിരിക്കുന്നതു കേൾക്കാനും അതിനോട് മാന്യമായി പ്രതികരിക്കാനും ശീലിപ്പിക്കുന്നതിനുള്ള ഒന്നാന്തരം കലിപ്പൻ റോബോട്ടിനെ വികസിപ്പിച്ചെടുത്തിരിക്കുന്നു.
Angry parent robot to train teachers

അധ്യാപകരെ പരിശീലിപ്പിക്കാൻ കലിപ്പൻ റോബോട്ട്.

പ്രതീകാത്മക ചിത്രം

Updated on

സ്കൂളിൽ പിടിഎ മീറ്റിങ്ങെന്നും ഓപ്പൺ ഹൗസെന്നുമൊക്കെ കേൾക്കുമ്പോഴേ ചില അധ്യാപകരുടെ നെഞ്ചിൽ തീയാണ്. "എന്‍റെ മോൻ വീട്ടിൽ ഭയങ്കര ശാന്തനാ, താൻ എന്തോ ചെയ്ഞ്ഞിട്ടാ അവൻ ക്ലാസിൽ കുസൃതി കാണിക്കുന്നത്", "അവന് മാർക്ക് കുറയാൻ കാരണം നിങ്ങൾ ശരിക്ക് പഠിപ്പിക്കാത്തതുകൊണ്ടാ!" എന്നൊക്കെ പറഞ്ഞ് രോഷാകുലരായി ഇരച്ചുകയറി വരുന്ന ചില പ്രകോപിതരായ മാതാപിതാക്കൾ... ഈ സീൻ കണ്ട് പേടിച്ച് പണി നിർത്തി ഓടുന്ന തുടക്കക്കാരായ അധ്യാപകരെ രക്ഷിക്കാൻ ഓസ്ട്രേലിയയിലെ 'ലാ ട്രോബ് സർവകലാശാല' (La Trobe University) ഒരു പുതിയ ആളെ ഇറക്കിയിട്ടുണ്ട്: ഫ്ലെച്ച് (Fletch) എന്ന് പേരുള്ള ഒരു അസ്സൽ എഐ റോബോട്ട്!

സംഭവം വേറൊന്നുമല്ല, പുതിയതായി ജോലിയിൽ കയറുന്ന അധ്യാപകരെ മാതാപിതാക്കളുടെ വായിലിരിക്കുന്നതു കേൾക്കാനും അതിനോട് മാന്യമായി പ്രതികരിക്കാനും ശീലിപ്പിക്കുന്നതിനുള്ള ഒന്നാന്തരം കലിപ്പൻ റോബോട്ടാണ് കക്ഷി!

ഓസ്ട്രേലിയയിലെ സ്കൂളുകളിൽ ദേഷ്യക്കാരും അക്രമാസക്തരുമായ മാതാപിതാക്കളുടെ ശല്യം കാരണം നിരവധി അധ്യാപകരാണ് ജോലി രാജിവച്ച് ഓടുന്നത്. കഴിഞ്ഞ 15 വർഷത്തിനിടെ അധ്യാപകർക്ക് നേരെയുള്ള അതിക്രമങ്ങൾ 80 ശതമാനത്തോളമാണ് ഉയർന്നത്. ഇത് സഹിക്കാനാവാതെ അധ്യാപനം ഉപേക്ഷിക്കുന്നവരെ പിടിച്ചുനിർത്താനാണ് ഈ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പരീക്ഷണം.

സ്കൂളുകളിൽ മാതാപിതാക്കൾ സാധാരണയായി ഉണ്ടാക്കാറുള്ള സകല വഴക്കുകളും ഡേറ്റയായി ഈ റോബോട്ടിന്‍റെ കൃത്രിമ തലച്ചോറിലേക്ക് ഫീഡ് ചെയ്തിട്ടുണ്ട്. നേരിട്ട് മാതാപിതാക്കളിൽ നിന്ന് ചീത്തവിളി കേട്ട് കരയുന്നതിനു പകരം, റോബോട്ടിന്‍റെ മുന്നിലിരുന്ന് അധ്യാപകർക്ക് പരിശീലിക്കാം. റോബോട്ട് വന്ന് തട്ടിക്കയറുമ്പോൾ എങ്ങനെ ശാന്തമായി മറുപടി നൽകണം, വിക്കാതെ എങ്ങനെ സംസാരിക്കണം എന്നൊക്കെ പ്രാക്റ്റിസ് ചെയ്യാം!

റോബോട്ടിനോട് സംസാരിക്കുമ്പോൾ പതറിപ്പോയാലും കുഴപ്പമില്ല, റീസെറ്റ് ബട്ടൺ അടിച്ച് വീണ്ടും ശ്രമിക്കാം. (സത്യത്തിൽ മാതാപിതാക്കൾക്ക് റീസെറ്റ് ബട്ടൺ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനേ അല്ലേ എന്നു പരിതപിക്കുന്ന അധ്യാപകരും ഏറെ!)

മിക്ക മാതാപിതാക്കളും മാന്യമായി പെരുമാറുന്നവരാണെങ്കിലും, ചിലരുടെ അനാവശ്യമായ ദേഷ്യവും അക്രമസ്വഭാവവുമാണ് അധ്യാപകരെ മാനസികമായി തകർക്കുന്നത് എന്നാണ് ഡിജിറ്റൽ എജ്യുക്കേഷൻ വിദഗ്ധയായ തെരേസ കീൻ പറയുന്നത്. അതിനുള്ള ഒരു പോംവഴിയായാണ് ഫ്ലെച്ചിനെ കാണുന്നത്.

എന്തായാലും സംഗതി കലക്കി! ഇനിയിപ്പോൾ ഈ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് റോബോട്ട് കുറച്ചുനാൾ അധ്യാപകരെ ചീത്ത പറഞ്ഞ് മടുത്ത്, "ഇതിലും ഭേദം വല്ല ചാറ്റ് ജിപിടിയുടെ പണിക്ക് പോകുന്നതായിരുന്നു" എന്നു പറഞ്ഞ് സിസ്റ്റം ഹാങ്ങായി ഓടിപ്പോകാതിരുന്നാൽ മതിയായിരുന്നു!

logo
Metro Vaartha
www.metrovaartha.com