Axiom-4 mission: Diabetes research led by Dr. Shamsheer Vaylil also goes to space

ആക്സിയം-4 ദൗത്യം: ഡോ.ഷംഷീർ വയലിലിന്‍റെ നേതൃത്വത്തിലുള്ള പ്രമേഹ ഗവേഷണവും ബഹിരാകാശത്തേക്ക്

ആക്സിയം-4 ദൗത്യം: ഡോ.ഷംഷീർ വയലിലിന്‍റെ നേതൃത്വത്തിലുള്ള പ്രമേഹ ഗവേഷണവും ബഹിരാകാശത്തേക്ക്

ദൗത്യത്തിലുടനീളം മൈക്രോ ഗ്രാവിറ്റിയിലുള്ള ശരീരത്തിലെ ഗ്ളൂക്കോസ് മെറ്റബോളിസത്തെക്കുറിച്ച് വിദഗ്ധ മെഡിക്കൽ സംഘം പഠിക്കും.
Published on

അബുദാബി: ഇന്ത്യയുടെ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെടുന്ന സംഘം ആക്‌സിയം 4 ചരിത്ര ദൗത്യത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചപ്പോൾ മലയാളികൾക്കും അത് അഭിമാന മുഹൂർത്തമായി മാറുന്നു.യു എ ഇ യിലെ പ്രമുഖ ആരോഗ്യ സംരംഭകനും മലയാളിയുമായ ഡോ. ഷംഷീർ വയലിൽ വിഭാവനം ചെയ്ത പ്രമേഹ ഗവേഷണ പദ്ധതിയായ 'സ്വീറ്റ് റൈഡിനും (Suite Ride) ദൗത്യത്തോടൊപ്പം തുടക്കം കുറിക്കുകയാണ്.

ഡോ. ഷംഷീർ സ്ഥാപക ചെയർമാനായ ബുർജീൽ ഹോൾഡിങ്‌സ് ആക്‌സിയം സ്പേസുമായി ചേർന്ന് വികസിപ്പിച്ച പദ്ധതി ബഹിരാകാശത്തും ഭൂമിയിലും പ്രമേഹത്തിന്‍റെ പരിമിതികളെ മറികടക്കുന്നതിനുള്ള മൈക്രോ ഗ്രാവിറ്റിയിലെ അത്യാധുനിക ഗവേഷണത്തിനാണ് വഴിയൊരുക്കുന്നത്. നാസ അടക്കമുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഗവേഷണം നിലവിൽ പ്രമേഹ ബാധിതർക്ക് ബഹിരാകാശ ദൗത്യത്തിന്‍റെ ഭാഗമാകുന്നതിനുള്ള നിയന്ത്രങ്ങൾ നീക്കുന്നതിന് വഴിയൊരുക്കും. ഇതോടൊപ്പം, ഭൂമിയിൽ പ്രമേഹം ഉൾപ്പടെയുള്ള രോഗങ്ങളുടെ ചികിത്സയിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശുഭാംശു അടങ്ങുന്ന ദൗത്യസംഘം 14 ദിവസങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങും. ദൗത്യത്തിലുടനീളം മൈക്രോ ഗ്രാവിറ്റിയിലുള്ള ശരീരത്തിലെ ഗ്ളൂക്കോസ് മെറ്റബോളിസത്തെക്കുറിച്ച് വിദഗ്ധ മെഡിക്കൽ സംഘം പഠിക്കും.

"ഇതൊരു അഭിമാന മുഹൂർത്തമാണ്. പ്രമേഹം പോലുള്ള അവസ്ഥ നമ്മുടെ സ്വപ്നങ്ങൾക്ക് തടസ്സമാകരുതെന്നുള്ള വിശ്വാസത്തിൽ നിന്നാണ് സ്വീറ്റ് റൈഡ് എന്ന ആശയം പിറക്കുന്നത്. ഈ പഠനത്തിൽ നിന്നുള്ള കണ്ടെത്തലുകൾ ഭാവിയിലെ ബഹിരാകാശ യാത്രികർക്ക് മാത്രമല്ല ഭൂമിയിലെ രോഗികൾക്കും പ്രയോജനപ്പെടാനുള്ള സാധ്യതയേറെയാണ്," കെന്നഡി സ്പേസ് സെന്‍ററിൽ നടന്ന വിജയകരമായ വിക്ഷേപണത്തിന് ശേഷം ഡോ. ഷംഷീർ പറഞ്ഞു.

മൈക്രോഗ്രാവിറ്റിയിൽ നിന്ന് ഗ്രാവിറ്റിയിലേക്ക്

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 18 വയസ്സിന് മുകളിലുള്ള 77 മില്യൺ ആളുകൾ ടൈപ്പ് 2 പ്രമേഹ രോഗികളാണ്. സമീപ ഭാവിയിൽ 25 മില്യൺ ആളുകൾ പ്രമേഹ രോഗികളാകാൻ സാധ്യത ഉണ്ടെന്നാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ സ്വീറ്റ് റൈഡിന്‍റെ പ്രാധാന്യമേറെയാണ്.

ഗവേഷണത്തിന്‍റെ ഭാഗമായി, പ്രമേഹ രോഗികളിൽ ഗ്ളൂക്കോസ് ലെവൽ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന കണ്ടിന്യുസ് ഗ്ളൂക്കോസ് മോണിറ്ററുകളുടെ കൃത്യത സമഗ്രമായ പ്രീഫ്ലൈറ്റ്, ഇൻഫ്ലൈറ്റ്, പോസ്റ്റ്ഫ്ലൈറ്റ് പ്രോട്ടോകോളുകളിലൂടെ മൈക്രോഗ്രാവിറ്റിയിൽ പരീക്ഷിക്കും. ഒന്നോ അതിലധികമോ ബഹിരാകാശ യാത്രികർ ദൗത്യത്തിലുടനീളം ഇത് ധരിക്കും. ഇതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ആക്‌സിയത്തിന്‍റെയും ബുർജീലിന്‍റെയും വിദഗ്ദ്ധർ വിശകലനം ചെയ്യും.

ഈ പഠനത്തിലൂടെ ഭാവിയിൽ ഇൻസുലിൻ ഉപയോഗിക്കുന്ന ബഹിരാകാശ യാത്രികരുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്ന് ബുർജീലിന്‍റെ സ്വീറ്റ് റൈഡ് ക്ലിനിക്കൽ മേധാവി ഡോ. മുഹമ്മദ്‌ ഫിത്യാൻ പറഞ്ഞു.

ഗ്ലൂക്കോസിന്‍റെ അളവ് തിട്ടപ്പെടുത്തുന്നതിനായി യാത്ര സമയത്ത് പോയിന്‍റ്-ഓഫ്-കെയർ രക്ത സാമ്പിളുകൾ ശേഖരിക്കും. ഇതിനായുള്ള ലാൻസെറ്റുകൾ, സൂചികൾ, ബ്ലഡ് ഗ്ലൂക്കോസ് മെഷീനുകൾ എന്നിവ ബുർജീലാണ് നൽകിയിരിക്കുന്നത്.

നിലവിൽ, പ്രമേഹരോഗികൾ ബഹിരാകാശ യാത്രയിൽ പങ്കെടുക്കുന്നതിന് വിലങ്ങു തടിയായി നിൽക്കുന്നത് മെഡിക്കൽ, ലോജിസ്റ്റിക് വെല്ലുവിളികളാണ്. സ്വീറ്റ് റൈഡിലൂടെ മൈക്രോഗ്രാവിറ്റിയിൽ പ്രമേഹമില്ലാത്ത വ്യക്തികളിൽ ഗ്ലൂക്കോസ് നിയന്ത്രണം എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് പ്രമേഹമുള്ളവരിൽ എന്ത് സംഭവിക്കുമെന്ന് വിലയിരുത്തുന്നതിനുള്ള ആദ്യപടിയാണ്.

നാസയുടെ മുതിർന്ന ബഹിരാകാശ യാത്രിക പെഗ്ഗി വിറ്റ്സൺ (കമാൻഡർ), പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി (മിഷൻ സ്പെഷ്യലിസ്റ്റ്), ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു (മിഷൻ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് ബഹിരാകാശ യാത്രയിൽ ശുഭാൻശു ശുക്ലയോടൊപ്പമുള്ള മറ്റ് അംഗങ്ങൾ.

logo
Metro Vaartha
www.metrovaartha.com