പാക് യാത്രികന് വേണ്ടി ബഹിരാകാശത്ത് ഹലാൽ ബട്ടർ ചിക്കനെത്തിച്ച് ചൈന

ദക്ഷിണേഷ്യൻ വിഭവങ്ങളുടെ രുചിയും അലിയുടെ ഭക്ഷണനിയന്ത്രണങ്ങളും സമന്വയിപ്പിച്ചു കൊണ്ടാണ് വിഭവങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.
China sends Halal butter chicken into space for a Pakistani astronaut

മുഹമ്മദ് സീഷാൻ അലി

Updated on: 

ബീജിങ്: പാക്കിസ്ഥാന്‍റെ ആദ്യ ബഹിരാകാശ യാത്രികനു വേണ്ടി ഹലാൽ വിഭവങ്ങൾ തയാറാക്കി ബഹിരാകാശ നിലയത്തിലെത്തിച്ച് ചൈന. ചൈനയുടെ ഷെൻഷോ -24 ബഹിരാകാശ പേടകത്തിൽ ചൈനക്കാരായ ടാങ് ഹോങ്ബോ, വു യി എന്നിവർക്കൊപ്പം പാക്കിസ്ഥാന്‍റെ ആദ്യ ബഹിരാകാശ യാത്രികനായ മുഹമ്മദ് സീഷാൻ അലി ടിയാങ്ഗോങ് ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു കഴിഞ്ഞു. അലിയുൾപ്പെടെ മൂന്നു പേർ കൂടി പ്രവേശിച്ചതോടെ നിലയത്തിലുള്ളവരുടെ എണ്ണം 6 ആയി. പുതിയ യാത്രികർക്കൊപ്പമാണ് സ്പെഷ്യൽ വിഭവങ്ങളും ചൈന ബഹിരാകാശ നിലയത്തിൽ എത്തിച്ചിരിക്കുന്നത്.

ബഹിരാകാശത്തെത്തുമ്പോൾ അലിയുടെ ആദ്യ രുചി വീട്ടിലേതിനു സമാനമായിരിക്കണമെന്നാണ് ചൈനയുടെ തീരുമാനം. ബട്ടർ ചിക്കനു പുറമേ ബീഫ് നിഹാരി, മട്ടൻ കുറുമ, കടല എന്നിവയാണ് അലിക്കു വേണ്ടി പ്രത്യേകം ഉണ്ടാക്കിയത്. ഇവയുടെ ചിത്രങ്ങളും ചൈന പുറത്തു വിട്ടു. ദക്ഷിണേഷ്യൻ വിഭവങ്ങളുടെ രുചിയും അലിയുടെ ഭക്ഷണനിയന്ത്രണങ്ങളും സമന്വയിപ്പിച്ചു കൊണ്ടാണ് വിഭവങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.

അലിയുടെ ആഗ്രഹപ്രകാരമുള്ള സുഗന്ധദ്രവ്യങ്ങളും മഞ്ഞളുമെല്ലാം പല തവണ പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷമാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ മെനു പ്രകാരം സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത പാക്കിസ്ഥാനി പാൽ ചായയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ചൈനീസ് കട്ടൻ ചായയും റൈസും മതിയെന്ന് തീരുമാനിക്കുകയായിരുന്നു. പാക്കിസ്ഥാൻ വ്യോമസേനയിലെ സൈനികനാണ് അലി.