
അപ്രതീക്ഷിത പ്രതിസന്ധി; ഇസ്രൊയുടെ നൂറ്റൊന്നാമത് ഉപഗ്രഹ ദൗത്യം വിഫലമായി
ശ്രീഹരിക്കോട്ട: ഇസ്രൊയുടെ 101ാം ഉപഗ്രഹം വിക്ഷേപണം വിഫലമായി. പ്രതികൂല കാലാവസ്ഥയിലും ഭൗമോപരിതലത്തിന്റെ വ്യക്തതയുള്ള ചിത്രങ്ങളെടുക്കാനും ഭൂമിയിലേക്ക് അയയ്ക്കാനും കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹ (ഇഒഎസ്-09, റിസാറ്റ് 1ബി)വുമായി പിഎസ്എൽവി സി61 കുതിച്ചുയർന്നുവെങ്കിലും മിനിറ്റുകൾക്കകം ദൗത്യം പരാജയപ്പെട്ടു.
22 മണിക്കൂറിന്റെ കൗണ്ട് ഡൗണിനുശേഷം ഞായറാഴ്ച പുലർച്ചെ 5.59നാണു വിക്ഷേപണം നടത്തിയത്. എന്നാൽ ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കാൻ സാധിച്ചില്ല.
കൃഷി, വനനിരീക്ഷണം, ദുരന്ത നിവാരണം, നഗരാസൂത്രണം എന്നിവയിൽ വലിയ സഹായമാകും പുതിയ ഉപഗ്രഹം എന്നായിരുന്നു പ്രതീക്ഷ. വിക്ഷേപണത്തിന്‍റെ രണ്ടാമത്തെ സ്റ്റേജ് വരെ എല്ലാം ശരിയായ നിലയിലായിരുന്നുവെന്ന് ഇസ്രൊ മേധാവി വി. നാരായണൻ പറയുന്നു. മൂന്നാമത്തെ സ്റ്റേജിലാണ് പ്രശ്നങ്ങൾ ഉണ്ടായത്.