

നർമദാ തടത്തിൽ കണ്ടെത്തിയ ഫോസിൽ.
ഭോപ്പാൽ: ചരിത്രാതീത കാലത്തെ 'ആന'യുടെ കീഴ്ത്താടിയെല്ലിന്റെ ഫോസിൽ മധ്യപ്രദേശിൽ നർമദാ തടത്തിൽ കണ്ടെത്തി. 65 ലക്ഷം വർഷം പഴക്കം മതിക്കുന്നതാണു ഫോസിൽ. ഇന്നുള്ള ആനകളുടെ പൂർവികരായിരുന്ന 'സ്റ്റെഗോഡോൺ നമാഡിക്കസ്' എന്ന വംശനാശം സംഭവിച്ച ജീവിവർഗത്തിൽപ്പെട്ടതാണിതെന്നു പ്രാഥമിക നിഗമനം.
ഏകദേശം 10.5 അടി ഉയരമുണ്ടായിരുന്ന ആനയുടെ താടിയെല്ലാണ് റെയ്സൻ ജില്ലാ ആസ്ഥാനത്തുനിന്ന് 100 കിലോമീറ്റർ അകലെ ദേവ്രി തഹസിലിലെ പതായ് ഗ്രാമത്തിന് സമീപം കണ്ടെത്തിയത്. നദീതീരത്തെ മണ്ണൊലിപ്പിനെത്തുടർന്നാണ് ഫോസിൽ പുറത്തുവന്നത്. ജിയോളജിക്കൽ സർവെ ഒഫ് ഇന്ത്യയുടെ (ജിഎസ്ഐ) നാലംഗ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
മധ്യ-അന്ത്യ പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ മധ്യേന്ത്യയിൽ ജീവിച്ചിരുന്ന സ്റ്റെഗോഡോൺ നമാഡിക്കസിന് തോളറ്റം വരെ ഏകദേശം 3.2 മീറ്റർ (10.5 അടി) ഉയരവും 7.5 ടൺ ഭാരവുമുണ്ടായിരുന്നതായി കണക്കാക്കുന്നു. നർമദാ താഴ്വരയിലെ പ്രാചീന പരിസ്ഥിതി, ചരിത്രാതീത കാലത്തെ ജീവജാലങ്ങൾ, മനുഷ്യപരിണാമ ചരിത്രം എന്നിവയെക്കുറിച്ച് നിർണായക വിവരങ്ങൾ നൽകാൻ ഈ കണ്ടെത്തലിന് സാധിക്കുമെന്ന് സാഗർ സർവകലാശാലയിലെ മുൻ പ്രൊഫസർ പി.കെ. കത്താൽ പറഞ്ഞു.
സസ്യഭുക്കായിരുന്ന ഇവയുടെ അണപ്പല്ലുകളിലെ സവിശേഷമായ ഇനാമൽ വരമ്പുകൾ കട്ടിയുള്ള സസ്യങ്ങൾ ചവച്ചരയ്ക്കാൻ സഹായിക്കുന്നവയായിരുന്നു. ഭോപ്പാലിൽ നിന്നുള്ള ജിയോളജിസ്റ്റ് ഹസൻ മസാജ് ഉൾപ്പെടുന്ന ജിഎസ്ഐ സംഘമാണു കഴിഞ്ഞ സ്ഥലം സന്ദർശിച്ച് ഫോസിലിന്റെ ഘടനയും പരിസരവും പരിശോധിച്ചതെന്ന് ദേവ്രി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അങ്കിത് ജെയിൻ അറിയിച്ചു.
സംഘം ഉടൻ തന്നെ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും ഇതോടെ ഫോസിലിന്റെ ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യം കൂടുതൽ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
AI generated summary, newsroom reviewed