

നിക്ക് ബോസ്ട്രോം
സൂപ്പർ ഇന്‍റലിജന്‍റ് എഐ വിജയകരമായി വികസിപ്പിച്ചെടുത്താൽ മനുഷ്യർക്ക് 1400 വയസു വരെ ജീവിക്കാനാകുമെന്ന് വാദിച്ച് സ്വീഡിഷ് തത്വചിന്തകനും ഓക്സ്ഫഡ് മുൻ പ്രൊഫസറുമായ നിക്ക് ബോസ്ട്രോം. അതായത് മനുഷ്യർക്ക് ഇപ്പോൾ ജീവിക്കുന്നതിനേക്കാൾ 11 മടങ്ങ് അധികം കാലം ജീവിക്കാമെന്നാണ് ബോസ്ട്രോം വാദിക്കുന്നത്. നിലവിൽ 122 വയസിൽ മരിച്ച ജീൻ കാൽമെന്‍റ് ആണ് ഭൂമിയിൽ ഏറ്റവും അധികം കാലം ജീവിച്ച മനുഷ്യൻ.
ഇത്തരമൊരു വിചിത്രമായ വാദത്തിലേക്ക് എത്തുന്നതിനുള്ള കാരണവും ബോസ്ട്രോം വ്യക്തമാക്കുന്നുണ്ട്. ശരീരത്തിന് പ്രായമാകുന്ന പ്രവർത്തനം എഐയുടെ സഹായത്തോടെ ശാസ്ത്രജ്ഞർക്ക് ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് പ്രൊഫസർ വിശ്വസിക്കുന്നത്.
പ്രത്യേകിച്ച് ജീവ ശാസ്ത്ര, വൈദ്യ ശാസ്ത്ര രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കാൻ ഇതുവഴി സാധിക്കും. പ്രായമാകുന്ന പ്രക്രിയ ഇല്ലാതാക്കാം. അതോടെ ശരീരത്തിന് പ്രായമാകുന്നതു മൂലം ഉണ്ടാകാറുള്ള അസുഖങ്ങളിൽ ഭൂരിഭാഗവും ഇല്ലാതാകും. അതു കൊണ്ടു തന്നെ മരണത്തിനുള്ള സാധ്യത കുറഞ്ഞ് മനുഷ്യർ ആരോഗ്യവാന്മാരായി യുവത്വത്തോടെ ജീവിക്കുമെന്നാണ് ബോസ്ട്രോം പറയുന്നത്.
ഇപ്പോൾ വികസിത രാജ്യങ്ങളിൽ 20 മുതൽ 25 വരെ പ്രായമുള്ളവരുടെ മരണനിരക്ക് 0.05 ശതമാനം മുതൽ 0.08 ശതമാനം വരെയാണ്. ഈ കണക്കനുസരിച്ച് എഐ പൂർണമായും വികസിപ്പിക്കാൻ സാധിച്ചാൽ മനുഷ്യരിലെ മരണനിരക്ക് വെറും 0.07 ശതമാനം ആയി കുറയ്ക്കാൻ കഴിയുമെന്നാണ് ബോസ്ട്രോം പറയുന്നത്.
മരണനിരക്ക് സ്ഥിരതയോടെ നിലനിൽക്കുകയാണെങ്കിൽ ആയുസ് ഏകദേശം 1/0.0007 ആയിരിക്കും. ആ രീതിയിൽ കണക്കു കൂട്ടുമ്പോഴാണ് ഒരു മനുഷ്യന് 1400 വയസ് വരെ ജീവിക്കാൻ സാധിക്കുമെന്ന നിഗമനത്തിലെത്തുന്നത്.
അതേസമയം, ഈ വാദം പൂർണമായും തികച്ചും സാങ്കൽപ്പികമായ ഒരു സാഹചര്യത്തിൽ ഗണിതശാസ്ത്രം ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമിച്ചതാണ്. മാത്രമല്ല അപകടങ്ങൾ, ആക്രമണം തുടങ്ങിയ കാരണങ്ങൾ മൂലം മനുഷ്യർ മരിക്കുന്നതിനെ പ്രതിരോധിക്കാൻ സാധിക്കുകയുമില്ല.
എഐ വികസിപ്പിക്കുന്നതിലൂടെ അൾസ്ഹൈമേഴ്സ് അസുഖം ഭേദമാക്കാമെന്നും കാൻസർ ചികിത്സകൾ കൂടുതൽ മെച്ചപ്പെടുത്താമെന്നും ബോസ്ട്രോം വാദിക്കുന്നുണ്ട്.