

"കറന്‍റ് ബിൽ അടക്കാൻ പണമില്ല"; തെരുവിൽ ഭിക്ഷ യാചിച്ച് റോബോട്ട്
ബീജിങ്: കറന്‍റ് ബിൽ അടയ്ക്കാൻ പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് തെരുവിൽ ഭിക്ഷ യാചിച്ച് ഹ്യൂമനോയിഡ് റോബോട്ട്. ചൈനയിലെ തെരുവിലാണ് യാത്രക്കാരെ അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്. തെരുവിലിരുന്ന് കൈ കൂപ്പി ഭിക്ഷ യാചിക്കുന്ന റോബോട്ടിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിലും ഹിറ്റാണ്. റീചാർജ് ചെയ്യാൻ കാശില്ല. ഇലക്‌ട്രിസിറ്റി ബിൽ അടയ്ക്കാൻ സഹായിക്കണമെന്നാണ് റോബോട്ട് ലൗഡ് സ്പീക്കറിലൂടെ വിളിച്ചു പറയുന്നത്.
തെരുവിൽ മുട്ടുകാലിൽ ഇരുന്ന് ഇരു കൈകളും കൂപ്പിയാണ് യാചന. തൊട്ടു മുൻപിൽ തന്നെ ഒരു പാത്രവും ഒരു ക്യൂആർകോഡും വച്ചിട്ടുണ്ട്. തെരുവിലൂടെ കടന്നു പോകുന്ന ചിലർ റോബോട്ടിന് പണം ഇട്ടു കൊടുക്കുന്നതായും കാണാം.
യുണിട്രീ ഹ്യൂമനോയ്ഡ് റോബോട്ടാണ് തെരുവിലിരുന്ന് യാചിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതേ കമ്പനിയാണ് പെംബ എന്ന ഹ്യൂമനോയ്ഡ് റോബോട്ടിനെ ഇക്വഡോറിലെ ഉച്ചകോടിയിൽ പങ്കെടുപ്പിച്ചതും.
തെരുവിൽ റോബോട്ടിലെ ഭിക്ഷ യാചിപ്പിച്ചു കൊണ്ടുള്ള കമ്പനിയുടെ മാർക്കറ്റിങ് ഗംഭീരമെന്നാണ് ചിലർ എക്സിൽ കുറിച്ചിരിക്കുന്നത്.