

നിർമിതബുദ്ധിയിൽ (എഐ) വലിയ ഒരു വിപ്ലവത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്. പ്രധാനമന്ത്രി മോദിയുടെ ദാർശനിക നേതൃത്വമാണ് ഈ പരിവർത്തനത്തിന് പിന്നിൽ. കംപ്യൂട്ടിങ് പവർ, ജിപിയുഎസ്, ഗവേഷണം എന്നീ മേഖലകളിൽ കുറഞ്ഞ ചെലവിൽ അവസരങ്ങൾ ലഭ്യമാകുന്ന ഒരു എഐ ആവാസവ്യവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഗവൺമെന്‍റ് നേരിട്ട് പരിപോഷിപ്പിക്കുകയാണ്.
എഐ എന്നത് വരേണ്യരായ ചുരുക്കം ചിലർക്ക് മാത്രമായുള്ളതല്ലെന്നും സാങ്കേതിക മേഖലയിലെ വൻകിട കമ്പനികളും ആഗോള ഭീമന്മാരും ഈ മേഖലയിൽ സർവാധിപത്യം സ്ഥാപിക്കുന്നില്ലെന്നും മോദി സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും നവസംരംഭകർക്കും നൂതന ആശയങ്ങളുള്ള പ്രതിഭകൾക്കും വേണ്ടി ലോകോത്തരമായ എഐ അടിസ്ഥാന സൗകര്യങ്ങൾ വിപ്ലവകരമായ നയസമീപനങ്ങളിലൂടെ മോദി ഗവൺമെന്‍റ് ഒരുക്കുന്നു. ഇതിലൂടെ നിർമിതബുദ്ധി മേഖലയിൽ ആരോഗ്യകരമായ മത്സരത്തിനുള്ള വേദി സൃഷ്ടിക്കുന്നു. ഇന്ത്യ എഐ ദൗത്യം, നിർമിതബുദ്ധിവികസനത്തിനായി മികവിന്‍റെ കേന്ദ്രങ്ങൾ തുടങ്ങി മോദി ഗവൺമെന്‍റിന്‍റെ ഈ ദിശയിലെ സംരംഭങ്ങളെല്ലാം രാജ്യത്തിന്‍റെ എഐ ആവാസവ്യവസ്ഥ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യയെ ആഗോള എഐ നേതൃത്വത്തിലേക്ക് ഉയർത്താൻ മോദി ഗവൺമെന്‍റ് എന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കാം:
ഇന്ത്യ എഐ ദൗത്യം: ഒരു ചുവട് മുന്നിൽ
ഇന്ത്യയുടെ നിർമിതബുദ്ധി ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പെന്ന നിലയിൽ, മോദി ഗവൺമെന്‍റ് 2024 ൽ 10,300 കോടി രൂപ അനുവദിച്ചുകൊണ്ട് ഇന്ത്യ എഐ ദൗത്യത്തിന് അംഗീകാരം നൽകി. അടുത്ത അഞ്ച് വർഷത്തേക്കുള്ള ഈ ധനസഹായം ഇന്ത്യ എഐ ദൗത്യത്തിന്‍റെ വ്യത്യസ്ത ഘടകങ്ങളെ ഉത്തേജിപ്പിക്കാൻ പര്യാപ്തമാണ്.
ഇന്ത്യൻ ഭാഷകൾ ഉപയോഗിച്ച് ഇന്ത്യൻ സാഹചര്യത്തിനനുയോജ്യമായ തദ്ദേശീയ നിർമിതബുദ്ധി പരിഹാരങ്ങൾ സജ്ജമാക്കുന്നതിലേക്ക് ഇന്ത്യ എഐ ദൗത്യം അടുക്കുകയാണ്.
ജിപിയു അടിസ്ഥാനസൗകര്യവും ഓപ്പൺ മാർക്കറ്റും
ഇന്ത്യാ എഐ ദൗത്യം ആരംഭിച്ച് 10 മാസത്തിനുള്ളിൽ, അഭൂതപൂർവമായ പ്രതികരണമാണ് ബന്ധപ്പെട്ട മന്ത്രാലയത്തിന് ലഭിച്ചത്. ഏകദേശം 18,693 ഗ്രാഫിക് പ്രോസസിങ് യൂണിറ്റ് അഥവാ ജിപിയു ഉപയോഗിക്കുന്ന ഉന്നത നിലവാരമുള്ളതും ശക്തവുമായ ഒരു പൊതു കംപ്യൂട്ടിങ് സൗകര്യം സൃഷ്ടിക്കാനും കഴിഞ്ഞു. ഇത് ഓപ്പൺ സോഴ്‌സ് മോഡലായ ഡീപ്‌സീക്കിനെക്കാൾ ഒമ്പത് മടങ്ങും ചാറ്റ്ജിപിടിയുടെ മൂന്നിൽ രണ്ടും ശേഷിയിലുള്ളതാണ്.
ജിപിയു മാർക്കറ്റ് പ്ലേസ് തുറന്ന ആദ്യ സർക്കാരാണിത്. പ്രധാന രാജ്യങ്ങളിൽ വൻകിട വ്യവസായികൾ എഐ വിപണിയിൽ ആധിപത്യം പുലർത്തുമ്പോൾ, ഇതിൽ നിന്ന് വ്യത്യസ്തമായി ചെറിയ സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, വിദ്യാർത്ഥികൾ തുടങ്ങി നാനാ മേഖലയിലുള്ളവർക്ക് പ്രകടനമികവുള്ള കംപ്യൂട്ടിങ് വിഭവങ്ങളിലേക്ക് പ്രവേശനം സാധ്യമാക്കാൻ ഇന്ത്യയ്ക്കായി.
ഇന്ത്യ എഐ ഡേറ്റാസെറ്റ് പ്ലാറ്റ്‌ഫോം
എഐ ഗവേഷണത്തെയും നവീകരണത്തെയും മുന്നോട്ട് നയിക്കുന്ന ഇന്ധനമാണ് ഡാറ്റ. സമ്പന്നവും വൈവിധ്യപൂർണവും വിപുലവുമായ ഡേറ്റാസെറ്റുകൾ ഇല്ലെങ്കിൽ, അതീവ വൈദഗ്ധ്യമുള്ള ഡേറ്റാ ശാസ്ത്രജ്ഞരും ഡെവലപ്പർമാരും പോലും പരിമിതികൾ നേരിടും. ഇത് തിരിച്ചറിഞ്ഞുകൊണ്ട്, വിശാലമായ ഗവേഷണ സമൂഹത്തിന് ഓപ്പൺ ഡേറ്റാസെറ്റുകൾ ലഭ്യമാക്കാൻ മോദി ഗവൺമെന്‍റ് സജീവമായി ഇടപെടുന്നു.
ഇന്ത്യാ എഐ ഡേറ്റാസെറ്റ് പ്ലാറ്റ്‌ഫോമിലൂടെ ഗവൺമെന്‍റ് ലക്ഷ്യമിടുന്നത് ഉന്നത നിലവാരമുള്ളതും വ്യക്തിയധിഷ്ഠിതമല്ലാത്തതുമായ ഡേറ്റാ സെറ്റുകളിലേക്കുള്ള പ്രവേശനം സുഗമമാക്കുക, ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും തടസ്സരഹിത പ്രവേശനം സാധ്യമാക്കുന്ന ഒരു ഏകീകൃത ഡേറ്റാ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക, എഐ അധിഷ്ഠിത നവീകരണം ത്വരിതപ്പെടുത്തുക എന്നിവയാണ്. ഈ മേഖലയിലെ നൂതന സംരംഭങ്ങളെ മുന്നോട്ട് നയിക്കുകയും എഐ ആപ്ലിക്കേഷനുകളുടെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഉറവിടം വെളിപ്പെടുത്താത്ത വലിയ ഡാറ്റ ശേഖരം ഈ എഐ ഡേറ്റാസെറ്റ് പ്ലാറ്റ്‌ഫോമിലുണ്ടാകും.
എഐ മികവിന്‍റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു
ന്യൂഡൽഹിയിൽ ആരോഗ്യ സംരക്ഷണം, കൃഷി, സുസ്ഥിര നഗരവികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മൂന്ന് എഐ മികവിന്‍റെ കേന്ദ്രങ്ങൾ (CoE) സ്ഥാപിക്കുമെന്ന് 2023-ൽ മോദി ഗവൺമെന്‍റ്
പ്രഖ്യാപിച്ചിരുന്നു. 2025 ലെ ബജറ്റിൽ 500 കോടി രൂപ ചെലവിൽ എഐ വിദ്യാഭ്യാസത്തിനായി ഒരു പുതിയ മികവിന്‍റെ കേന്ദ്രം കൂടി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസമേഖലയിൽ ഇത്തരത്തിലുള്ള നാലാമത്തെ എഐ- മികവിന്‍റെ കേന്ദ്രമാണിത്.
ഇന്ത്യയുടെ ഫൗണ്ടേഷണൽ ലാർജ് ലാംഗ്വേജ് മോഡലുകൾ
ഇന്ത്യ ശക്തമായ ഒരു എഐ ആവാസവ്യവസ്ഥ വികസിപ്പിക്കുക മാത്രമല്ല, ഫൗണ്ടേഷണൽ എഐ മോഡലുകൾ സൃഷ്ടിക്കുന്നതിൽ ഇതിനോടകം ഗണ്യമായ മുന്നേറ്റം നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ എഐ മുന്നേറ്റം തദ്ദേശീയമാണെന്ന് ഗവൺമെന്‍റ് ഉറപ്പാക്കിയിട്ടുണ്ട്. എൽഎൽഎമ്മുകളും എസ്എൽഎമ്മുകളും ഉൾപ്പെടെ തദ്ദേശീയ ഫൗണ്ടേഷണൽ എഐ മോഡലുകൾ വികസിപ്പിക്കാനുള്ള ഒരു സുപ്രധാന സംരംഭത്തിന് ഇന്ത്യ എഐ ദൗത്യം രൂപം നൽകി.
ഭാഷാ വിവർത്തന പ്ലാറ്റ്‌ഫോമായ ഡിജിറ്റൽ ഇന്ത്യ ഭാഷിണി ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ്. ആഗോളതലത്തിൽ ഗവൺമെന്‍റ് ധനസഹായത്തോടെ പ്രവർത്തിക്കുന്ന ആദ്യ മൾട്ടിമോഡൽ എൽഎൽഎം സംരംഭമാണ് ഭാരത്ജെൻ (BharatGen). സർവ്വം-1 എഐ മോഡൽ, എഐ ഭൂമികയിലെ നിർണായക പരിമിതികൾ പരിഹരിച്ച്, ഈ നൂതനമായ ലാർജ് ലാംഗ്വേജ് മോഡലിനെ ഇന്ത്യൻ ഭാഷകൾക്കുതകും വിധം മെച്ചപ്പെടുത്തുകയും സജ്ജമാക്കുകയും ചെയ്തിരിക്കുന്നു. എഐ4 ബിഎച്ച്āആർഎടി വികസിപ്പിച്ചെടുത്ത ഒരു ഓപ്പൺ സോഴ്‌സ് വീഡിയോ ട്രാൻസ്‌ക്രിപ്‌റ്റ്‌സ് ആണ് ചിത്രലേഖ.
ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക് എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വൈവിധ്യമാർന്ന ബഹുഭാഷാ എഐ സംവിധാനമായ എവറസ്റ്റ് 1.0, എസ്എംഎൽ ഹനൂമാൻ പുറത്തിറക്കി. നിലവിൽ 35 ഭാഷകളെ ഈ സംവിധാനം പിന്തുണയ്ക്കുന്നു. ഭാഷാ ശേഷി താമസിയാതെ 90 ആയി വികസിപ്പിക്കാൻ ഒരുങ്ങുന്നു.
പ്രതിഭയിലും നൈപുണ്യവികസനത്തിലും ഇന്ത്യ മുന്നിൽ
ഇന്ത്യ എഐ ഫ്യൂച്ചർ സ്കിൽസ് സംരംഭത്തിന് കീഴിൽ, ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് എഐ കോഴ്സുകൾ വ്യാപിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. കൂടാതെ, എൻഐആർഎഫ് റാങ്കിങ്ങുള്ള മികച്ച 50 ഗവേഷണ സ്ഥാപനങ്ങളിൽ എഐ-യെക്കുറിച്ച് ഗവേഷണം നടത്തുന്ന മുഴുവൻ സമയ പിഎച്ച്ഡി ഗവേഷകർക്ക് ഫെലോഷിപ്പുകൾ നൽകി വരുന്നു.
എഐ വിദ്യാഭ്യാസ സൗകര്യങ്ങളിലേക്കുള്ള സാർവത്രിക പ്രവേശനം ഉറപ്പാക്കാൻ, രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിൽ ഗവൺമെന്‍റ് ഡാറ്റ, എഐ ലാബുകൾ സ്ഥാപിക്കുന്നു. സ്റ്റാൻഫോർഡ് എഐ സൂചിക 2024 പ്രകാരം, എഐ നൈപുണ്യ വികസനത്തിൽ ഇന്ത്യ ആഗോളതലത്തിൽ മുന്നിലാണ്. 2.8 സ്കോറുമായി ഇന്ത്യ എഐ നൈപുണ്യ വികസനത്തിൽ ആഗോളതലത്തിൽ യുഎസിനെയും (2.2), ജർമ്മനിയെയും (1.9) മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തു നിൽക്കുന്നു.
അഞ്ച് എഐ ടാലന്‍റ് ഹബ്ബുകളിൽ സ്ഥാനം പിടിച്ച് ഇന്ത്യ
2025 ആകുമ്പോഴേക്കും ഇന്ത്യയുടെ എഐ വ്യവസായം 28.8 ബില്യൺ യുഎസ് ഡോളറിലെത്തുമെന്നും 45% വാർഷിക വളർച്ചാ നിരക്കുണ്ടാകുമെന്നും വീബോക്‌സിന്‍റെ “ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് 2024” പ്രവചിക്കുന്നു.
2024 നവംബറിലെ നാസ്കോം റിപ്പോർട്ട് പ്രകാരം, ആഗോള മാന്ദ്യത്തിനിടയിലും ഇന്ത്യയുടെ ജനറേറ്റിവ് എഐ ആവാസവ്യവസ്ഥ ശ്രദ്ധേയമായി വളർച്ച കൈവരിച്ചു. ബിസിജി BCG സമാഹരിച്ച ഒരു സമീപകാല റിപ്പോർട്ട് പ്രകാരം, എഐ അനുവർത്തനത്തിൽ ഇന്ത്യ മുന്നിലാണ്. 80% കമ്പനികളും നിർമിതബുദ്ധിയെ തന്ത്രപരമായ പ്രധാന മുൻഗണനയായി തിരിച്ചറിയുന്നു. ഇത് ആഗോള ശരാശരിയായ 75 ശതമാനത്തിലും കൂടുതലാണ്.
ഇന്ത്യയിലെ എഐ വിപണി വളർച്ച
ബിസിജി നാസ്കോം റിപ്പോർട്ട് 2024 വ്യക്തമാക്കിയത് പോലെ, ഇന്ത്യയിലെ എഐ വിപണി അതിവേഗ വളർച്ചയുടെ പാതയിലാണ്. നവീകരണത്തിനും തൊഴിൽ സൃഷ്ടിയ്ക്കും ഊന്നൽ നൽകിക്കൊണ്ട് എഐ വിപണി 25-35%സിഎജിആർ-വളർച്ച രേഖപ്പെടുത്തുന്നു. 520ലധികം ടെക് ഇൻകുബേറ്ററുകളുടെയും ആക്സിലറേറ്ററുകളുടെയും കേന്ദ്രമാണ് ഇന്ത്യ. എണ്ണത്തിൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ആക്റ്റീവ് പ്രോഗ്രാമുകളാണ് ഇന്ത്യയ്ക്കുള്ളത്. 42% പ്രോഗ്രാമുകളും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സജ്ജീകരിച്ചവയാണ്.