

4410 കിലോഗ്രാം ഭാരം! സിഎംഎസ്-03 ഉപഗ്രഹത്തെ വിക്ഷേപിക്കാൻ 'ബാഹുബലി'
ശ്രീഹരിക്കോട്ട: ഇന്ത്യൻ മണ്ണിൽ നിന്ന് ഏറ്റവും ഭാരമേറിയ ആശയ വിനിമയ ഉപഗ്രഹം സിഎംഎസ്-03 വിക്ഷേപിക്കാനൊരുങ്ങി ഇസ്രൊ. 4410 കിലോ ഗ്രാം ഭാരമാണ് സിഎംഎസ്-03ക്കുള്ളത്. ജിയോസിംക്രോണസ് ട്രാൻസ്ഫർ ഓർബിറ്റ് (ജിടിഒ)ലേക്കാണ് ഉപഗ്രഹം എത്തിക്കുക. ഭാരമേറിയ വസ്തുക്കൾ ഉൾക്കൊള്ളാൻ കാര്യക്ഷമതയുള്ള ബാഹുബലി എന്നു വിശേഷിപ്പിക്കുന്ന എൽവിഎം3-എം5 റോക്കറ്റായിരിക്കും വിക്ഷേപണത്തിനായി ഉപയോഗിക്കുക.
43.5 മീറ്റർ ഉയരുമുള്ള റോക്കറ്റ് ഞായറാഴ്ച വൈകിട്ട് 5.26ന് സിഎംഎസ്-03യുമായി ബഹിരാകാശത്തേക്ക് കുതിക്കും. ഇതിനു മുൻപ് ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ആശയവിനിമയ ഉപഗ്രഹം ജിസാറ്റ്-11 ആണ്.
2018 ഡിസംബറിൽ ഫ്രഞ്ച് ഗ്വിയാനയിലെ കുറോ ലോഞ്ച് ബേസിൽ നിന്നായിരുന്നു ജിസാറ്റിന്‍റെ വിക്ഷേപണം. അന്ന് 5,854 കിലോഗ്രാം ഭാരമുള്ള വസ്തുക്കൾ വഹിക്കാൻ കഴിയുന്ന അരിയാന-5 വിഎ-246 റോക്കറ്റിലായിരുന്നു വിക്ഷേപണം.