

ബംഗളൂരു: സാങ്കേതിക പ്രശ്നങ്ങളെത്തുടർന്നു രണ്ടു തവണ മാറ്റിയ സ്പെയ്സ് ഡോക്കിങ് പരീക്ഷണത്തിലേക്ക് (സ്പെയ്ഡെക്സ്) ഇസ്രൊ നിർണായക ചുവടുവയ്ക്കുന്നു. കൂട്ടിച്ചേർക്കാനുള്ള രണ്ട് ഉപഗ്രഹങ്ങളും ബഹിരാകാശത്ത് നിലവിൽ 1.5 കിലോമീറ്റർ അകലെയാണ്. ശനിയാഴ്ച രാവിലെ ഇത് 500 മീറ്ററാക്കി കുറയ്ക്കുമെന്ന് ഇസ്രൊ അറിയിച്ചു. ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുകയും വേർപെടുത്തുകയും ചെയ്യാനുള്ള സാങ്കേതിക വിദ്യ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞമാസം 30നാണ് ഇസ്രൊ സ്പെയ്ഡെക്സ് വിക്ഷേപിച്ചത്.
പിഎസ്എൽവി സി60 റോക്കറ്റിൽ എസ്ഡിഎക്സ് 01 (ചെയ്സർ), എസ്ഡിഎക്സ്02 (ടാർഗറ്റ്) എന്നീ ഉപഗ്രഹങ്ങളാണ് പരീക്ഷണത്തിനു വേണ്ടി വിക്ഷേപിച്ചത്.
മറ്റ് 24 പരീക്ഷണ പേടകങ്ങളും പിഎസ്എൽവി ഭ്രമണപഥത്തിലെത്തിച്ചിരുന്നു. 220 കിലോഗ്രാം വീതം ഭാരമുള്ള സ്പെയ്ഡെക്സ് ഉപഗ്രങ്ങൾ നിലവിൽ 475 കിലോമീറ്റർ ഉയരത്തിൽ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ്.