

നെപ്റ്റ്യൂണിനും അപ്പുറം ഭൂമിയെപ്പോലെ ഒരു കൂറ്റൻ ഗ്രഹമുണ്ട്; സംശയവുമായി ശാസ്ത്രജ്ഞർ
സൗരയൂഥത്തിൽ തന്നെ ഭൂമിക്ക് സമാനമായ, ഭൂമിയേക്കാൾ വലിയ ഒരു ഗ്രഹമുണ്ടെന്ന സംശയത്തിലാണിപ്പോൾ ശാസ്ത്രജ്ഞർ. സൗരയൂഥത്തിലെ ചില വസ്തുക്കളുടെ അസ്വാഭാവികമായ സഞ്ചാരമാണ് ഇത്തരമൊരു സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. നെപ്റ്റ്യൂണിനുമപ്പുറമാണ് ഇങ്ങനെയൊരു സാധ്യതയുള്ളതെന്നാണ് ഗവേഷകർ പറയുന്നത്. പിX2 എന്നാണ് ഈ സാങ്കൽപ്പിക ഗ്രഹത്തിന് നൽകിയിരിക്കുന്ന പേര്. റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ മന്ത്ലി നോട്ടീസ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സാങ്കൽപ്പിക ഗ്രഹത്തിന് ഭൂമിയേക്കാൾ രണ്ട് ഇരട്ടി പിണ്ഡം വരെയുണ്ടാകാം. മാത്രമല്ല സൂര്യനിൽ നിന്ന് പതിനായിരക്കണക്കിന് ബില്യൺ മൈലുകൾക്ക് അപ്പുറമായിരിക്കും ഈ ഗ്രഹത്തിന്റെ സഞ്ചാരപാതയെന്നും പഠനക്കുറിപ്പ് എഴുതിയ പാട്രിക് സോഫിയ ലികാവ്ക പറയുന്നു. ഓസ്ട്രേലിയയിലെ സതേൺ ക്വീൻസ് ലാൻഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ആണ് പാട്രിക്. ഭൂമിയേക്കാൾ പത്ത് മടങ്ങ് പിണ്ഡമുള്ള ഒരു ഗ്രഹം നെപ്റ്റ്യൂണിനുമപ്പുറത്തെ വസ്തുക്കളെ സ്വാധീനിക്കുന്നു എന്നു ചൂണിക്കാണിക്കുന്ന പ്ലാനറ്റ് നയൻ ഹൈപ്പോതെസിസിനു സമാനമാണ് ഈ സിദ്ധാന്തവും.
നെപ്റ്റ്യൂണിനപ്പുറത്ത് കാണപ്പെടുന്ന ട്രാൻസ്- നെപ്റ്റ്യൂണിയൻ എന്നറിയപ്പെടുന്ന ചില വസ്തുക്കൾ പലപ്പോഴും അവയുടെ സഞ്ചാരപാത ദീർഘമാക്കുന്നതായി ഗവേഷകർ ശ്രദ്ധിച്ചിരുന്നു. എന്നാൽ സൗരയൂഥത്തിലെ അറിയപ്പെടുന്ന ഗ്രഹങ്ങളുടെ ആകർഷണം കൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സെഡ്ന എന്ന വസ്തുവിന്റെ സഞ്ചാരപഥം അതിനൊരു ഉദാഹരണമാണ്. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ ആകർഷണ മേഖലയ്ക്കും അപ്പുറത്താണ് ഇതിന്റെ ചെരിഞ്ഞ ഭ്രമണപഥം. അജ്ഞാതമായ മറ്റേതെങ്കിലും വസ്തുക്കളുടെ സാന്നിധ്യമാണ് ഇത്തരം സഞ്ചാരത്തിന് കാരണമെന്നാണ് പ്ലാനറ്ററി ഗവേഷകനായ ജോന്റി ഹോർണർ പറയുന്നത്. അങ്ങനെയൊരു ഗ്രഹം കണ്ടെത്തിയാൽ അത് സൗരയൂഥത്തെക്കുറിച്ചുള്ള ധാരണകളെ തന്നെ തിരുത്തിക്കുറിക്കുന്നതായിരിക്കും.