
തലയിണയ്ക്ക് കീഴിൽ മൊബൈൽ വച്ച് കിടന്നുറങ്ങുന്നത് മരണത്തിന് ഇടയാക്കുമെന്ന വാദം സമൂഹമാധ്യമങ്ങളിൽ ശക്തമാണ്. അതിൽ സത്യമുണ്ടോയെന്ന് പരിശോധിക്കാം. മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ ആണ് പ്രശ്നക്കാരൻ എന്നാണ് വാദം. എന്നാൽ, ഈ വാദത്തിന് അടിസ്ഥാനമില്ലെന്നാണ് ഡോക്റ്റർമാരും ഗവേഷകരും പറയുന്നത്.
തലയിണയ്ക്ക് അടിയിൽ സൂക്ഷിക്കുന്ന മൊബൈലിൽ നിന്ന് അപകടകാരികളായ റേഡിയേഷൻ മൂക്കിലൂടെ ശരീരത്തിലേക്ക് പ്രവേശിച്ച് തലച്ചോറിൽ വരെയെത്തുമെന്നാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന ഒരു പോസ്റ്റിൽ അവകാശപ്പെടുന്നത്. എന്നാൽ, ഇത് അടിസ്ഥാനമില്ലാത്ത പ്രചരണമാണെന്നാണ് കണ്ടെത്തൽ.
മൊബൈൽ ഫോണിൽ നിന്ന് നോൺ അയണൈസിങ് റേഡിയേഷനുകളാണ് പുറത്തു വരുന്നത്. അവയിൽ ഊർജം വളരെ കുറവായിരിക്കും. ഡിഎൻഎയെയോ ഏതെങ്കിലും ഒരു കോശത്തെയോ കേടു വരുത്താൻ മാത്രമുള്ള ശക്തി അതിനുണ്ടാകില്ല.
എക്സ് റേയ്സ് പോലുള്ള അയണൈസിങ് റേഡിയേഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ മൊബൈൽ ഫോണിലെ വൈഫൈയും ബ്ലൂടൂത്തും വഴിയുള്ള റേഡിയേഷനുകൾ ചെറു തെന്നലിനു തുല്യമാണ്. മാരകമായ യാതൊന്നും ഈ റേഡിയേഷൻ മൂലമുണ്ടാകില്ലെന്ന് ചുരുക്കം.
ലോകാരോഗ്യ സംഘടനയോ, ഇന്‍റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറോ മൊബൈൽ റേഡിയേഷൻ മാരകമാണെന്നതിൽ സ്ഥിരീകരണം നൽകിയിട്ടില്ലെന്ന് ഡോക്റ്റർമാർ പറയുന്നു.
മൊബൈൽ ഫോൺ ഉപയോഗത്തെക്കുറിച്ചുള്ള ദീർഘകാലമായുള്ള പഠനങ്ങളിൽ പോലും അതു മൂലം തലച്ചോറിന് അസുഖം ബാധിക്കുമെന്ന് കണ്ടെത്തിയിട്ടില്ല. എന്നിട്ടും മൊബൈൽ ഫോൺ ഉപയോഗം ബ്രെയിൻ കാൻസറിന് ഇടയാക്കുമെന്ന മട്ടിലുള്ള പ്രചരണം ശക്തമാണ്. കഴിഞ്ഞ 20 വർഷമായി മൊബൈൽ ഫോണുകൾ സജീവമാണ്.
മറ്റൊന്ന് മൊബൈൽ ഫോണുകളിൽ നിന്നുള്ള റേഡിയേഷൻ മൂക്കിലേക്ക് ഇരച്ചു കയറില്ലെന്നതാണ്. അന്തരീക്ഷത്തിൽ തുല്യമായ രീതിയിലായിരിക്കും ഇവ പരക്കുക. അതു മാത്രമല്ല തലയോട്ടി ഇവയിൽ നിന്ന് വേണ്ട രീതിയിൽ പരിരക്ഷയും നൽകും.