
സാൻ ഫ്രാൻസിസ്കോ: എക്സ് പ്ലാറ്റ്ഫോമിനെ തന്‍റെ സ്വന്തം എഐ സ്റ്റാർട്ടപ്പായ എക്സ് എഐയ്ക്ക് വിറ്റ് ഇലോൺ മസ്ക്.33 ബില്യൺ ഡോളറിനാണ് വിൽപ്പന. എഐ സാങ്കേതിക വിദ്യകളിലൂടെ എക്സിന്‍റെ റീച്ച് ഇനിയും വർധിപ്പിക്കുമെന്ന മസ്ക് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. 600 മില്യൺ ഉപയോക്താക്കളാണ് എക്സിന് ഉള്ളത്. എക്സ്എഐ ക്ക് 80 ബില്യൺ ഡോളറും എക്സിന് 33 ബില്യൺ ഡോളറും മൂല്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഇരു കമ്പനികളെയും ലയിപ്പിച്ചിരിക്കുന്നത്. 2022ൽ 44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. പിന്നീട് എക്സ് എന്നു പേരുമാറ്റവും നടത്തി.
അതിനടുത്ത വർഷമാണ് എക്സ്എഐ ആരംഭിച്ചത്. ഗ്രോക് 3 എന്ന ഏറ്റവും പുതിയ വേർഷൻ ചാറ്റ് ബോട്ടിനെ എക്സ്എഐ അടുത്തിടെ പുറത്തിറക്കിയിരുന്നു. ചാറ്റ്ജിപിടി, ചൈനയുടെ ഡീപ് സീക്ക് എന്നിവരുമായി മത്സരിക്കാനാണ് മസ്കിന്‍റെ നീക്കം. മസ്കും ഓൾട്മാനും അടങ്ങുന്ന 11 അംഗ സംഘമാണ് 2015ൽ ഓപ്പൺ എഐ ആരംഭിച്ചത്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിലെ ഗൂഗിളിന്‍റെ അപ്രമാദിത്വം അവസാനിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. മൂന്നു വർഷത്തിനു ശേഷം മസ്ക് അതിൽ നിന്ന് വേർപിരിഞ്ഞു.