

അന്‍റാർട്ടിക്കയിൽ അതിവേഗം മഞ്ഞുരുകുന്നതിന് കാരണം പെൻഗ്വിന്‍റെ കാഷ്ടം: പഠനം
കാലാവസ്ഥാ വ്യതിയാനം അന്‍റാർട്ടിക്കയെ വലിയ രീതിയിൽ ബാധിച്ചു കൊണ്ടിരിക്കുകയാണ്. മഞ്ഞ് വൻ തോതിൽ ഉരുകുന്നതാണ് പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. ഇപ്പോഴിതാ മഞ്ഞുരുകുന്നതിന്‍റെ വേഗം കൂട്ടുന്നതിൽ പെൻഗ്വിനുകളും കാരണമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. പെൻഗ്വിനുകളുടെ കാഷ്ടം മഞ്ഞിൽ കാണപ്പെടുന്ന ഒരു തരം ആൽഗെകൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നുവെന്നും അവ പടർന്ന് മഞ്ഞുരുകുന്നത് വേഗത്തിലാക്കുന്നുവെന്നുമാണ് ജേണൽ ഒഫ് ജിയോഫിസിക്കൽ റിസർച്ച്: ബയോജിയോസയൻസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനം വ്യക്തമാക്കുന്നത്.
ആഗോളതാപനം വർധിക്കുന്നതിനൊപ്പം ഈ ആൽഗെകൾ മഞ്ഞിന്‍റെ ഉപരിതലത്തിൽ പടരുന്നതിന്‍റെ വേഗവും കൂടുന്നത്. ലഭിക്കുന്ന പോഷകങ്ങളുടെ അളവ് കൂടുന്നതിനനുസരിച്ച് ആൽഗെകളുടെ നിറത്തിലും മാറ്റമുണ്ടാകും. ഒട്ടും പോഷകം ലഭിക്കുന്നില്ലെങ്കിൽ ചുവന്ന നിറത്തിലായിരിക്കും ആൽഗെകൾ കാണപ്പെടുക. സൂര്യപ്രകാശത്തിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതിനുള്ളൊരു മാർഗമാണിത്. ആവശ്യത്തിന് പോഷകം ലഭിക്കുന്നുണ്ടെങ്കിൽ അവയുടെ നിറം പച്ചയായി മാറും. മാത്രമല്ല പ്രകാശസംശ്ലേഷണം നടത്തുവാൻ വേണ്ടി സൂര്യപ്രകാശത്തെ വിനിയോഗിക്കുകയും ചെയ്യും.
പച്ച നിറത്തിലുള്ള ആൽഗെകൾ മഞ്ഞിനു മുകളിൽ ഇരുണ്ട പ്രതലം ഉണ്ടാക്കുകയും അതു കൂടുതൽ സൂര്യപ്രകാശത്തെ ആകർഷിക്കുകയും ചെയ്യും. പെൻഗ്വിന്‍റെ കാഷ്ടം ഈ പ്രവർത്തനത്തെ കൂടുതൽ വേഗത്തിലാക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ക്രയോസ്ഫിയർ ബയോജിയോ കെമിസിസ്റ്റും പഠനത്തിന്‍റെ രചയിതാവുമായ ആലിയ ഖാൻ പറയുന്നു. ഈ പ്രശ്നത്തെ എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ അന്‍റാർട്ടികയിൽ മഞ്ഞില്ലാത്ത മേഖലകൾ കൂടി വരും എന്നും ആലിയ. ഭൂമിയിലെ മഞ്ഞ്പാളികളിൽ 12.5 ട്രില്യൺ ടണ്ണോളം 47 വർഷത്തിനിടെ നഷ്ടപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേ സമയം പെൻഗ്വിനുകളുടെ കാഷ്ടം അന്‍റാർട്ടിക്കയിലെ മൃഗങ്ങളുടെ എണ്ണം കണ്ടെത്തുന്നതിലും വലിയ പങ്ക് വഹിക്കുന്നുണഅട്. 2024ൽ പെൻഗ്വിൻ കാഷ്ടം കുമിഞ്ഞു കൂടിയ മേഖലകൾ വഴിയാണ് ഉപഗ്രഹങ്ങൾ എമ്പറർ പെൻഗ്വിനുകളും കോളനികൾ കണ്ടെത്തിയത്