പിഎസ്എൽവിയുടെ പരിഷ്കരിച്ച മൂന്നാം ഘട്ടം വിജയം

തുടർച്ചയായ രണ്ടു വിക്ഷേപണ പരാജയങ്ങൾ നേരിട്ട പിഎസ്എൽവി റോക്കറ്റിന്‍റെ മൂന്നാം ഘട്ടം പരിഷ്കരിച്ചശേഷം ഇസ്രൊ നടത്തിയ പരീക്ഷണം വിജയം
PSLV test success

ശ്രീഹരിക്കോട്ടയിൽ സതീഷ് ധവാൻ സ്പെയ്സ് സെന്‍ററിലെ സ്റ്റാറ്റിക് ടെസ്റ്റ് ഫെസിലിറ്റിയിൽ നടത്തിയ ഗ്രൗണ്ട് സ്റ്റാറ്റിക് പരീക്ഷണം.

Updated on: 

ശ്രീഹരിക്കോട്ട: തുടർച്ചയായ രണ്ടു വിക്ഷേപണ പരാജയങ്ങൾ നേരിട്ട പിഎസ്എൽവി റോക്കറ്റിന്‍റെ മൂന്നാം ഘട്ടം പരിഷ്കരിച്ചശേഷം ഇസ്രൊ നടത്തിയ പരീക്ഷണം വിജയം. ശ്രീഹരിക്കോട്ടയിൽ സതീഷ് ധവാൻ സ്പെയ്സ് സെന്‍ററിലെ സ്റ്റാറ്റിക് ടെസ്റ്റ് ഫെസിലിറ്റിയിൽ നടത്തിയ ഗ്രൗണ്ട് സ്റ്റാറ്റിക് പരീക്ഷണമാണു വിജയം കണ്ടത്.

നേരത്തേ, പിഎസ്എൽവി- സി61, സി62 ദൗത്യങ്ങൾ റോക്കറ്റിന്‍റെ മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതികത്തകരാറുകൾ മൂലം പരാജയപ്പെട്ടിരുന്നു. ഇത് ഇസ്രൊയെ കടുത്ത സമ്മർദത്തിലാക്കുകയും വിശദ പരിശോധനകൾക്കും അന്വേഷണങ്ങൾക്കും പ്രേരിപ്പിക്കുകയും ചെയ്തു.

തുടർന്ന് പിഎസ്3 ഘട്ടത്തിന്‍റെ രൂപകൽപ്പന, അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ, സംയോജന പ്രക്രിയകൾ, ഗുണനിലവാര പരിശോധനകൾ എന്നിവയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി.

റോക്കറ്റിന്‍റെ നോസിൽ ഘടനയിൽ നിർണായകമായ മാറ്റങ്ങൾ വരുത്തി രൂപകൽപ്പന കൂടുതൽ കരുത്തുറ്റതാക്കിയെന്ന് ഇസ്രൊ. യന്ത്രഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്നതു ശക്തിപ്പെടുത്തുകയും സീലിങ് സംവിധാനങ്ങളിൽ അധിക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇക്കാര്യങ്ങളിൽ വിവിധ ഘട്ടങ്ങളിലായി നടത്തുന്ന പരിശോധനകളിലും മാറ്റം വരുത്തി.

പരീക്ഷണത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ വിശദമായ അവലോകനത്തിനും വിശകലനത്തിനും ശേഷം, തുടർപരീക്ഷണങ്ങൾ നടത്താനാണ് ഇസ്രൊയുടെ തീരുമാനം. പിഎസ്എൽവി ദൗത്യങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിൽ ഈ വിജയം നിർണായകമാകും.