
ശുഭാംശു ശുക്ല
ന്യൂഡൽഹി: ആക്സിയം-4 ദൗത്യത്തിനായി ബഹിരാകാശത്തെത്തിയ ഇന്ത്യൻ പൗരൻ ശുഭാംശു ശുക്ലയും സംഘവും ജൂലൈ15ന് തിരിച്ച് ഭൂമിയിലെത്തും. 18 ദിവസമാണ് ശുഭാംശു ബഹിരാകാശത്ത് ചെലവഴിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. നിലയത്തിൽ നിന്നും തിങ്കളാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 4.35ന് സംഘം യാത്ര തിരിക്കുമെന്ന് നാഷമണൽ ഏറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. കാലിഫോർണിയ തീരത്തോട് ചേർന്ന് ജൂലൈ15ന് ഇന്ത്യൻ സമയം വൈകിട്ട് 3 മണിക്ക് സംഘം തിരിച്ചെത്തും.
അതിനു ശേഷം 7 ദിവസം യാത്രികർക്കായി റീഹാബിലിറ്റേഷൻ പ്രോഗ്രാമും തയാറാക്കിയിട്ടുണ്ട്. ബഹിരാകാശത്ത് നിന്ന് വ്യത്യസ്തമായി ഭൂമിയുടെ ഗുരുത്വാകർഷണ ബലവുമായി വീണ്ടും പരിചയത്തിലാകുന്നതിനാണ് ഈ പ്രോഗ്രാം. ശുക്ലയുടെ യാത്രയ്ക്കായി ഇസ്രൊ 550 കോടി രൂപയാണ് ചെലവഴിച്ചത്. ഭൂമിക്കു ചുറ്റും മണിക്കൂറിൽ 28,000 കിലോമീറ്റർ എന്ന വേഗത്തിലാണ് ബഹിരാകാശ നിലയം സഞ്ചരിക്കുന്നത്.
ശുക്ലയ്ക്കൊപ്പം അമെരിക്കൻ സഞ്ചാരി പെഗ്ഗി വിറ്റ്സൺ, ഹംഗറിയിലെ ടിബോർ കാപു, പോളണ്ടിലെ സ്ലോഷ് ഉസ്നാൻസ്കി എന്നിവരാണ് സംഘത്തിലുള്ളത്. നാലംഗ സംഘം അറുപതിലധികം ഗവേഷണങ്ങൾ നടത്തി. മനുഷ്യാരോഗ്യം, പ്രകൃതിവിഷയക നിരീക്ഷണം, ഭൗതിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായുള്ള ഗവേഷണം. 31 രാജ്യങ്ങളുടെ പങ്കാളിത്തമാണ് യാത്രയ്ക്കുണ്ടായിരുന്നത്.