
ലോകത്തെ ഏറ്റവും വലിയ ഗാർഹിക പുരപ്പുറ സോളാർ പദ്ധതിയായ "പിഎം സൂര്യഘർ മുഫ്ത് ബിജലി യോജന' (PMSGMBY) ഇന്ത്യയുടെ സൗരോർജ മേഖലയെ മാറ്റിമറിക്കുന്നു. 2025 മാർച്ചോടെ 10 ലക്ഷം വീടുകളിൽ സ്ഥാപിക്കുമെന്നും 2025 ഒക്റ്റോബറിൽ 20 ലക്ഷമായും 2026 മാർച്ചോടെ 40 ലക്ഷമായും 2027 മാർച്ചോടെ ഒരു കോടിയായും ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
ഈ പദ്ധതി ആരംഭിച്ച് 9 മാസത്തിനുള്ളിൽ 6.3 ലക്ഷം വീടുകളിൽ പുരപ്പുറ സൗരോർജ നിലയം സ്ഥാപിച്ചു. പ്രതിമാസ ശരാശരി 70,000 ആണ്. 2024 ഫെബ്രുവരിയിൽ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് പ്രതിമാസ ശരാശരി 7,000 ആയിരുന്നു. ഇതിനെ അപേക്ഷിച്ച് പത്തിരട്ടി വർധനയാണു നിലവിൽ രേഖപ്പെടുത്തുന്നത്. കരുത്തുറ്റ അടിസ്ഥാന സൗകര്യങ്ങളും പങ്കാളികളുടെ സഹകരണവും പ്രതിഫലിപ്പിച്ച് ഗുജറാത്ത്, മഹാരാഷ്‌ട്ര, കേരളം, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ പദ്ധതിയിൽ അസാധാരണമായ പുരോഗതി കൈവരിച്ചു.
പ്രതീക്ഷിച്ചതിനും മുമ്പേയുള്ള PMSGMBYയുടെ പുരോഗതി ദൃഢമായ അടിത്തറ പാകിയതിന്‍റെ തെളിവാണ്. വരും മാസങ്ങളിൽ ദ്രുതഗതിയിലുള്ള വളർച്ചയുടെ പാതയിലുള്ള പദ്ധതി, പുരപ്പുറ സൗരോർജത്തിൽ സുസ്ഥിര ഭാവിക്കു വഴിയൊരുക്കുന്നു.
വെല്ലുവിളികൾക്കു ദ്രുതഗതിയിൽ പരിഹാരം
പദ്ധതി അതിവേഗം നടപ്പാക്കുന്നതിന് പ്രാരംഭതലത്തിലെ വെല്ലുവിളികൾ ഫലപ്രദമായി അഭിസംബോധന ചെയ്തു. ആവശ്യമായ വൈദ്യുതശേഷി ഉറപ്പാക്കാൻ ഡിസ്‌കോമുകൾ ഓട്ടോ- ലോഡ് മെച്ചപ്പെടുത്തലുകൾ നടത്തി. അതേസമയം 10 കിലോവാട്ട് വരെയുള്ള സംവിധാനങ്ങൾക്കുള്ള സാങ്കേതിക സാധ്യതാ റിപ്പോർട്ടുകൾ (ടിഎഫ്ആർ) ഒഴിവാക്കി നിയന്ത്രണ തടസങ്ങൾ കുറച്ചു. ഡിസ്‌കോമുകളുടെ സമയബന്ധിത പരിശോധനകൾ സബ്‌സിഡി വിതരണം വേഗത്തിലാക്കുകയും നടപടികൾ നെറ്റ് മീറ്ററുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു. വിൽപ്പന അടിത്തറ വിപുലീകരിക്കാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിലുള്ള വിന്യാസത്തെ പിന്തുണച്ചു. 3 കിലോവാട്ട് വരെയുള്ള സംവിധാനങ്ങൾക്കായി ജൻ സമർഥ് പോർട്ടലിലൂടെ താങ്ങാനാകുന്ന ധനസഹായ മാർഗങ്ങൾ ഒരുക്കി.
അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കൽ
90ലധികം ഡിസ്‌കോമുകൾ, ബാങ്കുകൾ, മറ്റ് പങ്കാളികൾ എന്നിവയെ സമന്വയിപ്പിക്കുന്നതിന് കരുത്തുറ്റ ഐടി സംവിധാനങ്ങൾ നിർമിക്കുന്നത് ഈ തോതിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നിർണായകമായിരുന്നു. ഏകദേശം 9,000 വിൽപ്പനക്കാർ സജീവമാകുകയും ദിവസേന കൂടുതൽ പേർ ഭാഗമാകുകയും ചെയ്യുന്നതിനാൽ വിൽപ്പനാധിഷ്ഠിത വികസനത്തിനു മുൻഗണന നൽകിയിട്ടുണ്ട്.
ഉയർന്ന നിലവാരമുള്ള സ്ഥാപിക്കലുകളും സേവനവിതരണവും ഉറപ്പാക്കുന്നതിന് ശേഷി വർധിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾ 40,000 ഉദ്യോഗസ്ഥർക്കു പരിശീലനമേകി. അടുത്ത 8 മാസത്തിനുള്ളിൽ 2 ലക്ഷം സാങ്കേതിക വിദഗ്ധർക്കു കൂടി പരിശീലനം നൽകും. കൂടാതെ, പുരപ്പുറ സൗരോർജ നിലയങ്ങൾ പരിശോധിച്ച് കമ്മിഷൻ ചെയ്യുന്നതിനും നെറ്റ് മീറ്ററുകൾ നൽകുന്നതിനുമായി 50,000ലധികം ഡിസ്‌കോം എൻജിനിയർമാർക്ക് പ്രത്യേക പരിശീലനം ലഭിക്കുന്നു.
ഉപഭോക്തൃ പ്രക്രിയകൾ ലളിതമാക്കൽ
ഈ പദ്ധതി ഉപഭോക്തൃ പ്രക്രിയകൾ വലിയ തോതിൽ ലളിതമാക്കി. മുമ്പ്, അപേക്ഷകർ നിരവധി രേഖകൾ സമർപ്പിക്കുകയും ഡിസ്കോം ഓഫീസുകളിൽ ആവർത്തിച്ചുള്ള സന്ദർശനം നടത്തുകയും ചെയ്യണമായിരുന്നു. ഇപ്പോൾ, മിക്ക ഡിസ്‌കോമുകളും 10 കിലോവാട്ടിനു താഴെയുള്ള സംവിധാനങ്ങൾക്ക് സാങ്കേതിക സാധ്യതാ അനുമതികൾ ഒഴിവാക്കുകയും അവയുടെ പ്രക്രിയകൾ ഡിജിറ്റൽരൂപത്തിലാക്കുകയും രേഖകൾ സമർപ്പിക്കൽ ഭാരം കുറയ്ക്കുകയും അപേക്ഷകൾ കാര്യക്ഷമമാക്കുകയും ചെയ്തു.
www.pmsuryaghar.gov.in എന്ന പോർട്ടലിൽ 5 മിനിറ്റിനുള്ളിൽ ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കാം. ഇത് വിൽപ്പനക്കാരുടെ പട്ടിക കണ്ടെത്താനും തെരഞ്ഞെടുക്കലിനും അനുവദിക്കുന്നു. അപേക്ഷകന് മേൽക്കൂര കാണാനും പുരപ്പുറ സൗരോർജ സംവിധാനത്തിന്‍റെ ശേഷി ആസൂത്രണം ചെയ്യാനും പോർട്ടലിന്‍റെ ജിഐഎസ് സവിശേഷത ഉപയോഗിക്കാം. പോർട്ടലിൽ തന്നെ 7% പലിശ നിരക്കിലുള്ള വായ്പയ്ക്ക് പരിധികളില്ലാതെ അപേക്ഷിക്കാം. സ്ഥാപിച്ചതിനു ശേഷം വിശദാംശങ്ങൾ മിനിറ്റുകൾക്കുള്ളിൽ അപ്‌ലോഡ് ചെയ്യാം. പരിശോധനയ്ക്കായി പോർട്ടൽ സ്വയമേവ ഡിസ്‌കോമിനു വിവരം നൽകുന്നു. അതിനുശേഷം അപേക്ഷകന് പോർട്ടലിൽ സബ്‌സിഡി ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കാം.
കാര്യക്ഷമമായ സബ്‌സിഡി വിതരണം
കാര്യക്ഷമമായ സബ്‌സിഡി വിതരണമാണ് മറ്റൊരു പ്രധാന നേട്ടം. 2024 ജൂണിൽ മാതൃകാ പെരുമാറ്റച്ചട്ടം അവസാനിച്ചതിനെ തുടർന്ന്, ഉടനടി വിതരണം ആരംഭിച്ചു. 2024 നവംബറോടെ 4 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് 3,100 കോടി രൂപയിലധികം വിതരണം ചെയ്തു. പ്രതിമാസം ശരാശരി 67,000 കുടുംബങ്ങൾക്ക് സബ്‌സിഡി ലഭിക്കുന്നതിനാൽ, ഈ പദ്ധതി പ്രവർത്തനക്ഷമതയും സമയബന്ധിതമായ സാമ്പത്തിക സഹായത്തിനുള്ള പ്രതിജ്ഞാബദ്ധതയും പ്രകടമാക്കുന്നു. ഉപഭോക്തൃ സംതൃപ്തി വർധിപ്പിച്ച്, ഇപ്പോൾ 15 ദിവസത്തിനുള്ളിൽ സബ്‌സിഡിക്കുള്ള നടപടികൾ നടത്തുന്നു.
സംതൃപ്ത കുടുംബങ്ങൾ
വീട്ടുകാർക്ക് അതിവേഗം സബ്‌സിഡി ലഭിക്കുകയും വൈദ്യുതി ബില്ലുകൾ ഗണ്യമായി കുറയുകയും ചെയ്തതോടെ കൂടുതൽ അപേക്ഷകൾ പ്രവഹിക്കുകയാണ്. 28% കുടുംബങ്ങൾക്ക് വൈദ്യുതി ബിൽ തുക പൂജ്യമാണ്.
ബോധവത്കരണ പരിപാടികൾ
വിപുലമായ ബോധവത്കരണ യജ്ഞങ്ങൾ ഈ ശ്രമങ്ങളെ പൂർത്തീകരിക്കുകയും രജിസ്‌ട്രേഷനുകൾ നടത്തുകയും പദ്ധതിയുടെ നേട്ടങ്ങളെക്കുറിച്ച് കുടുംബങ്ങളെ ബോധവത്കരിക്കുകയും ചെയ്തു. ഈ പ്രചാരണ പരിപാടികൾ പങ്കാളിത്തം വർധിപ്പിക്കുമെന്നും സുസ്ഥിര വേഗതയും വ്യാപക സ്വീകാര്യതയും ഉറപ്പാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.