
ഞായറാഴ്ച പൂർണ ചന്ദ്രഗ്രഹണം; 'രക്തചന്ദ്രനെ' നമുക്കും കാണാം
Filepic
ന്യൂഡൽഹി: പൂർണ ചന്ദ്രഗ്രഹണത്തിന് ഒരുങ്ങു ശാസ്ത്രലോകം. സെപ്റ്റംബർ7-8 തിയതികളിലായാണ് പൂർണചന്ദ്രഗ്രഹണം. സൂര്യനും ചന്ദ്രനുമിടയിലൂടെ ഭൂമി കടന്നു പോകുന്ന സമയത്ത് ചന്ദ്രനിലേക്ക് നിഴൽ വീഴുന്നതാണ് ചന്ദ്രഗ്രഹണത്തിന് കാരണമാകുന്നത്. ഈ സമയത്ത് ചന്ദ്രോപരിതലത്തിലുണ്ടാകുന്ന തിളക്കമേറിയ ചുവന്ന നിറം ബ്ലഡ് മൂൺ എന്ന പ്രതിഭാസത്തിനും ഇടയാക്കും. ഏഷ്യ, പടിഞ്ഞാറൽ ഓസ്ട്രേലിയ, യൂറോപ്പിലെ ചില ഭാഗങ്ങൾ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും ഇത്തവണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇത്തവണ ഇന്ത്യയിൽ നിന്നും ചന്ദ്രഗ്രഹണം വീക്ഷിക്കാൻ സാധിക്കും.
ദക്ഷിണേന്ത്യയിൽ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലും മധ്യഇന്ത്യയിൽ ഭോപ്പാൽ, നാഗ്പുർ, റായ്പുർ എന്നിവിടങ്ങളിലും ഉത്തരേന്ത്യയിൽ ഡൽഹി, ചണ്ഡിഗഡ്, ജയ്പുർ, ലക്നൗ എന്നിവിടങ്ങളിലും മുംബൈ, അഹമ്മദാബാദ്, പുനെ, കോൽക്കത്ത, ഭുവനേശ്വർ , ഗ്വാഹട്ടി എന്നിവിടങ്ങളിലും ചന്ദ്രഗ്രഹണം വ്യക്തമായിരിക്കും. ലോകത്തിലെ 85 ശതമാനം പേർക്കും വീക്ഷിക്കാൻ ആകുന്ന സമയത്താണ് ഇത്തവണത്തെ ചന്ദ്രഗ്രഹണം.
ചന്ദ്രൻ ആകാശത്തിൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതും ബ്ലഡ് മൂൺ കാണുന്നതിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു. അധികം വെളിച്ചമില്ലാത്ത പ്രദേശങ്ങളിൽ നിന്ന് നഗ്നനേത്രങ്ങളാൽ ചന്ദ്രഗ്രഹണം വീക്ഷിക്കാൻ സാധിക്കും.
സെപ്റ്റംബർ 7ന് വൈകിട്ട് 8.58ന് ആരംഭിക്കുന്ന ഗ്രഹണം രാത്രി 11 മുതൽ 12.22 വരെയാണ് പൂർണമായ അവസ്ഥയിലായിരിക്കും. വെളുപ്പിന് 2.25 ന് ഗ്രഹണം അവസാനിക്കും.