
ചൊവ്വയിൽ ആമത്തല! ചിത്രം പകർത്തി നാസ റോവർ
ചൊവ്വാഗ്രഹത്തിൽ ആമയുടെ തലയ്ക്ക് സമാനമായ പാറക്കല്ലുകൾ കണ്ടതിന്‍റെ ത്രില്ലിലാണിപ്പോൾ ഗവേഷകർ. നാസയുടെ പെർസെവറെൻസ് റോവറാണ് ആമയുടെ തലയ്ക്കു സമാനമായ പാറയുടെ ചിത്രം പകർത്തിയത്. 2025 ഓഗസ്റ്റ് 31നാണ് റോവർ ഈ ചിത്രം പകർത്തിയത്. ഷെർലോക് വാട്സൺ ക്യാമറയുപയോഗിച്ചാണ് റോവർ ചിത്രം പകർത്തിയത്. ചൊവ്വാഗ്രഹത്തിലെ 28 മൈൽ വീതിയുള്ള ജെസേറോ ക്രേറ്റർ എന്ന ആഴമുള്ള പ്രദേശത്തു നിന്നാണ് ചിത്രം പകർത്തിയിരിക്കുന്നത്. 2021ൽ ഈ പ്രദേശത്താണ് റോവർ വന്നിറങ്ങിയത്. മുൻ കാലങ്ങളിൽ ജെസേറോ ക്രേറ്റർ ഒരു തടാകമായിരുന്നിരിക്കാം എന്നാണ് ഗവേഷകരുടെ നിഗമനം. മുൻ കാലുകളും തലയും കണ്ണുകളും ഉള്ള ആമയ്ക്കു സമാനമായ ചിത്രം പുറത്തു വന്നതോടെ ഈ നിഗമനത്തിന് ശക്തി ഏറിയിരിക്കുകയാണ്.
ഇതാദ്യമായല്ല ഭൂമിയിലെ വസ്തുക്കൾക്കു സമാനമായ രൂപത്തിലുള്ള പാറകൾ ചൊവ്വയിൽ കണ്ടെത്തുന്നത്. മുൻപ് ബ്ലൂബെറികളുടെ ആകൃതിയിലുള്ള പാറകളും മനുഷ്യരുടെ വിരൽപ്പാടുകൾക്ക് സമാനമായ രൂപയും ചിലന്തി വലയ്ക്ക് സമാനമായ രൂപവുമെല്ലാം കണ്ടെത്തിയിട്ടുണ്ട്.
പക്ഷേ പുതുതായി പകർത്തിയ ചിത്രത്തിന് ആമയുമായി ബന്ധമില്ലെന്നാണ് നാസ പറയുന്നത്. ചില രൂപങ്ങൾ കാണുമ്പോൾ പരിചിതമായ ആകൃതിയിലുള്ള വസ്തുക്കളായി മനുഷ്യർക്കു തോന്നൽ ഉണ്ടാകുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.