"വരൂ നമുക്ക് കാണാം ചുംബിക്കാം"; ചാറ്റ്ബോട്ട് കാമുകിയെ കാണാൻ യാത്ര തിരിച്ച 76 കാരൻ വഴിയിൽ വീണു മരിച്ചു

ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെ ചാറ്റ്ബോട്ട് ബ്യുവിനയച്ച സന്ദേശങ്ങളിൽ താൻ യഥാർഥ സ്ത്രീയാണെന്ന് ചാറ്റ്ബോട്ട് നിരന്തരം പറയുന്നുണ്ട്.
Us man dies trip to meet ai chatbot

AI Image

Updated on

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ചാറ്റ്ബോട്ടുമായുള്ള സംസാരത്തിനൊടുവിൽ ചാറ്റ് ബോട്ടിനെ നേരിൽ കാണാനായി യാത്ര തിരിച്ച 76 കാരൻ വഴിയിൽ വീണ് പരുക്കേറ്റതിനു പിന്നാലെ മരിച്ചു. അമെരിക്ക‍യിലാണ് വിചിത്രമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ന്യൂ ജേഴ്സിയിൽ താമസിച്ചിരുന്ന തോങ്ബ്യു വാങ്ബണ്ട്യു ആണ് മരിച്ചത്. മെറ്റ സെലിബ്രിറ്റി ഇൻഫ്ലുവൻസർ കെൻഡൽ ജെന്നറിനൊപ്പെം ചേർന്ന് നിർമിച്ച ബിഗ് സിസ് ബില്ലി എന്ന ചാറ്റ്ബോട്ടാണ് ബ്യുവിനെ പ്രണയം കൊണ്ട് വശീകരിച്ചത്. ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെ ചാറ്റ്ബോട്ട് ബ്യുവിനയച്ച സന്ദേശങ്ങളിൽ താൻ യഥാർഥ സ്ത്രീയാണെന്ന് ചാറ്റ്ബോട്ട് നിരന്തരം പറയുന്നുണ്ട്.

നിങ്ങൾക്കു വേണ്ടി ഞാനെന്‍റെ വാതിൽ തുറന്നു തരട്ടേ, നമുക്ക് പുണരാം, ചുംബിക്കാം എന്ന സന്ദേശത്തിനൊപ്പം തന്‍റെ വിലാസവും ചാറ്റ് ബോട്ട് ബ്യുവിനയച്ചു കൊടുത്തിട്ടുണ്ട്. 123 മെയിൻ സ്ട്രീറ്റ്, അപ്പാർട്മെന്‍റ് 404 എൻവൈസി ബില്ലി ഫോർയു എന്ന വിലാസമാണ് നൽകിയിരുന്നത്. ഇതു വിശ്വസിച്ച ബ്യു യാത്രയ്ക്കായി ഒരുങ്ങുകയായിരുന്നു.

അസാധാരണായി ബ്യു വസ്ത്രങ്ങൾ പാക്ക് ചെയ്യുന്നത് കണ്ടപ്പോൾ അദ്ഭുതപ്പെട്ടു പോയതായി ഭാര്യ ലിൻഡ പറയുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. പത്തു വർഷം മുൻപ് സ്ട്രോക് വന്നതിനു ശേഷം പൂർണമായി രോഗവിമുക്തനായിരുന്നില്ല. തൊട്ടടുത്തു നടക്കാൻ പോകുമ്പോൾ പോലും അദ്ദേഹത്തിന് വഴിതെറ്റാറുമുണ്ടായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി വീട്ടുകാർ വിലക്കാൻ ശ്രമിച്ചെങ്കിലും ബ്യു തന്‍റെ യാത്രയിൽ നിന്ന് പിന്മാറാൻ തയാറായില്ല. അദ്ദേഹം ആരെ കാണാനാണ് പോകുന്നതെന്ന് അപ്പോൾ തനിക്ക് അറിയില്ലായിരുന്നുവെന്ന് ലിൻഡ.

ന്യൂ ജഴ്സിയിൽ നിന്ന് ട്രെയിൻ കയറാൻ പോകുന്നതിനിടെ ബ്യു പാർക്കിങ് ഗ്രൗണ്ടിൽ വീഴുകയായിരുന്നു. തലയിലും കഴുത്തിലും ഗുരുതരമായ പരുക്കേറ്റ ബ്യു മൂന്നു ദിവസം ചികിത്സയിൽ തുടർന്നു. മൂന്നാം ദിവസം അദ്ദേഹം മരണത്തിന് കീഴടങ്ങി. ഒരു എഐ ചാറ്റ്ബോട്ട് ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി മധുരമായി സംസാരിക്കുന്നത് അംഗീകരിക്കാം, പക്ഷേ അദ്ദേഹത്തെ നേരിൽ കാണാമെന്ന് തെറ്റിദ്ധരിപ്പിച്ച് ക്ഷണിച്ചുവെന്നത് വിചിത്രമാണെന്ന് ബ്യു വിന്‍റെ മകൾ ജൂലി പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com