

അജയ് ശർമ
നഗര ജീവിതത്തിന്‍റെ തിരക്കിൽ നിന്നും മാറി മറ്റൊരു നഗരത്തിൽ വിശ്രമ ജീവിതം നയിക്കാൻ ഇഷ്‌ട്ടമുള്ളവർ ഏറെയാണ്. എന്നാൽ അങ്ങനെ ജീവിക്കാൻ ചെലവ് എത്ര വരും? ഇത്തരത്തിൽ ഗോവയിലേക്ക് താമസം മാറിയ കോർപ്പറേറ്റ് ജീവനക്കാരൻ തന്‍റെ ഒരുമാസത്തെ ചെലവ് കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്. ഗോവയിൽ താമസിക്കുന്ന അജയ് ശർമ എന്ന ഇൻസ്റ്റഗ്രാം യൂസറാണ് തന്‍റെ ഒരുമാസത്തിന്‍റെ ചെലവ് കണക്കുകൾ പുറത്തുവിട്ടത്.
വീട്ടുടമസ്ഥനൊപ്പം 3 ബിഎച്ച്കെ വിട്ടീലാണ് അജയ് ശർമയുടെ താമസം. വീട്ടിൽ സ്വന്തമായി മുറിയും അടുക്കളയുമുണ്ട്. പ്രതിമാസം 15,000 രൂപയാണ് അജയ് ശർമയുടെ വാടക. പലചരക്ക് സാധനങ്ങൾ വാങ്ങുന്നതാണ് അദ്ദേഹത്തിന്‍റെ മറ്റ് ചെലവ്. ഇതിനായി 6,000 രൂപ മാസം ചെലവഴിച്ചെന്നും മണാലിയെയും ഡൽഹിയെയും അപേക്ഷിച്ച് ഇവയ്ക്ക് വില കൂടുതലാണെന്നും ആദ‍്യ ആഴ്ചയിൽ തന്നെ 1,500 രൂപ മുടക്കിയെന്നും അജയ് ശർമ പറയുന്നു.
കൂടാതെ ജിമ്മിൽ ചേർന്നതിന് 2,000 രൂപയും ഗോവയിൽ ജീവിക്കുന്നതിന് സ്കൂട്ടർ അത‍്യാവശ‍്യമായതിനാൽ അതിനായി ഓഫ് സീസണിൽ 4,500 രൂപ മുടക്കുന്നുണ്ടെന്നും അദ്ദേഹം വ‍്യക്തമാക്കി. എന്നാൽ സ്കൂട്ടർ വീട്ടുടമയുമായി പങ്കിടുന്നതിനാൽ 2,250 രൂപ മാത്രമെ തനിക്ക് ചെലവ് വരുന്നുള്ളൂയെന്നും അജയ് ശർമ കൂട്ടിച്ചേർത്തു. മാസം ഇന്ധന ചെലവ് 1,200 രൂപയും മറ്റു ചെലവുകൾക്കായി മാസം 5,000 രൂപയും മുടക്കുന്നു. മൊത്തം മാസം 30,000 രൂപ തനിക്ക് ചെലവ് വരുന്നുണ്ടെന്നാണ് അജയ് ശർമ പറയുന്നത്.