'വരൻ ഗാങ്സ്റ്റർ കാലാ ജാത്തേദി, വധു റിവോൾവർ റാണി'; ഡൽഹിയിൽ ഗുണ്ടകളുടെ കല്യാണം

വിവാഹത്തിനായി 6 മണിക്കൂർ പരോളാണ് ഡൽഹി കോടതി സന്ദീപിന് അനുവദിച്ചിരിക്കുന്നത്.
സന്ദീപും അനുരാധ ചൗധരിയും
സന്ദീപും അനുരാധ ചൗധരിയും

ന്യൂഡൽഹി: കുപ്രസിദ്ധ മാഫിയാത്തലവന്‍റെയും വനിതാ ഗാംങ്സ്റ്ററുടെയും വിവാഹത്തിനൊരുങ്ങി ഡൽഹി. മാഫിയാ തലവനായ കാലാ ജാത്തേദി എന്നറിയപ്പെടുന്ന സന്ദീപും മാഡം മിൻസ, റിവോൾവർ റാണി എന്നീ പേരുകളിൽ അറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളി അനുരാധ ചൗധരിയുമാണ് ചൊവ്വാഴ്ച വിവാഹിതരാകുന്നത്. ഇരുവരുടെയും വിവാഹദിനത്തിൽ എന്തും സംഭവിക്കാമെന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ട്. ഇതു പ്രകാരം വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. മെറ്റൽ ഡിറ്റക്റ്ററുകൾ, സിസിടിവി ക്യാമറകൾ, ഡ്രോണുകൾ, സായുധരായ കമാൻഡോകൾ എന്നിവയെല്ലാം ഡൽഹിയിൽ തയാറായിക്കഴിഞ്ഞു. നിലവിൽ തീഹാർ ജയിലിലാണ് സന്ദീപ്.

വിവാഹത്തിനായി 6 മണിക്കൂർ പരോളാണ് ഡൽഹി കോടതി സന്ദീപിന് അനുവദിച്ചിരിക്കുന്നത്. കൊള്ള, കൊല, കൊലപാതകശ്രമം, പണം തട്ടിപ്പ് തുടങ്ങി നിരവധി കേസുകളിൽ വിചാരണ നേരിടുകയാണ് സന്ദീപ്. അതിനെല്ലാം പുറമേ ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ , ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആയുധ നിയമപ്രകാരമുള്ള കേസുകളും നില നിൽക്കുന്നുണ്ട്. മാഡം മിൻസ, റിവോൾവർ റാണി എന്നീ പേരുകളിൽ അറിയപ്പെടുന്ന വധു അനുരാധ ചൗധരിക്കെതിരേയും നിരവധി കേസുകളുണ്ട്. എ.കെ. 47 ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളിലൂടെയാണ് അനുരാധ കുപ്രസിദ്ധയായത്. ജയിലിൽ കഴിയുന്ന മാഫിയാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ വിശ്വസ്തനായ സന്ദീപ് 2020 മുതൽ അനുരാധയുമായി പ്രണയത്തിലാണ്. വിവാഹത്തിന്‍റെ മറവിൽ സന്ദീപ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ഡൽഹി പൊലീസ് എടുത്തിട്ടുണ്ട്. വിവാഹവേദിയിൽ മാഫിയാസംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടാകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് സുരക്ഷാ ഒരുക്കിയിരിക്കുന്നത്.

തീഹാർ ജയിലിൽ നിന്ന് 7 കിലോമീറ്റർ അകലെയായുള്ള ദ്വാർക സെക്റ്റർ -3 യിലെ സന്തോഷ് ഗാൻഡനിലുള്ള ബാങ്കറ്റ് ഹാളിലാണ് വിവാഹം. 51,000 രൂപ നൽകി സന്ദീപിന്‍റെ അഭിഭാഷകനാണ് മണ്ഡപം വാടകയ്ക്ക് എടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ നാലു മണി വരെയാണ് സന്ദീപിന് പരോൾ അനുവദിച്ചിരിക്കുന്നത്. വിവാഹത്തിന്‍റെ പിറ്റേ ദിവസം വിവാഹശേഷമുള്ള ചടങ്ങുകൾക്കായി സന്ദീപിനെ ഹരിയാനയിലെ ജാത്തേദി ഗ്രാമത്തിൽ എത്തിക്കും. വിവാഹവേദിയിലേക്ക് കൈയിൽ ബാർ കോഡോടു കൂടിയ ബാൻഡ് ധരിച്ചവർക്ക് മാത്രമേ പ്രവേശനം നൽകൂ. വേദിയോടു ചേർന്ന് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും പ്രത്യേക പ്രവശനാനുമതി നേടിയിരിക്കണം.

വിവാഹദിനത്തിലെ ഓരോ നിമിഷവും സസൂക്ഷ്മം നിരീക്ഷിക്കുന്നതിനായി ആറോളം രഹസ്യ ക്യാമറകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഡ്രോണുകളും വിന്യസിക്കും. ഇതിനെല്ലാം പുറമേ പ്രത്യേക സാങ്കേതിക വിദ്യയോടു കൂടിയ ആയുധങ്ങൾ ധരിച്ച സ്വാത് കമാൻഡോകളും, സ്പെഷ്യൽ സെൽ, ക്രൈം ബ്രാഞ്ച്, എൻഐഎ, സിഐഎ, രാജസ്ഥാൻ പൊലീസ് എന്നിവർ അടക്കം 250 പൊലീസുകാരും വേദിയോട് ചേർന്നുണ്ടായിരിക്കും. 150 അതിഥികളുടെ പട്ടികയാണ് സന്ദീപിന്‍റെ കുടുംബം നിലവിൽ പൊലീസിനു കൈമാറിയിരിക്കുന്നത്. വിവാഹത്തിന് ഭക്ഷണം വിളമ്പാനും മറ്റു ജോലികൾക്കുമായെത്തുന്നവർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നൽകിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com