'വെറും വാഴപ്പഴമല്ല'; ഗ്യാലറിയുടെ ചുമരിൽ ഒട്ടിച്ച ഒറ്റ വാഴപ്പഴം വിറ്റു പോയത് 6.2 ദശലക്ഷം ഡോളറിന്|Video
ന്യൂയോർക്ക്: വാഴപ്പഴം അത്ര നിസാരക്കാരനല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ന്യൂയോർക്കിലെ ആർട് ഗ്യാലറിയിൽ നടന്ന ലേലം. ഗ്യാലറിയുടെ ചുമരിൽ വെള്ളി നിറമുള്ള ടേപ്പ് കൊണ്ട് ഒട്ടിച്ചു വച്ച ഫ്രഷ് വാഴപ്പഴം വിറ്റു പോയത് 6.2 ദശലക്ഷം യുഎസ് ഡോളറുകൾക്കാണ്. ഏകദേശം 52 കോടിയിലധികം രൂപയ്ക്ക്. കൊമേഡിയൻ എന്ന പേരിൽ പ്രദർശിപ്പിച്ച വാഴപ്പഴമാണ് ലേലത്തിൽ വൻ തുകയ്ക്ക് വിറ്റു പോയക്. ക്രിപ്റ്റോകറൻസി സംരംഭകനാണ് വാഴപ്പഴം വാങ്ങിയത്.
2019ൽ മൊറിസോ കാറ്റലൻ എന്ന ഇറ്റാലിയൻ കലാകാരനാണ് ആദ്യമായി കൊമേഡിയൻ എന്ന പേരിൽ വാഴപ്പഴം പ്രദർശനത്തിനു വച്ചത്. ബേസൽ മിയാമി ബീച്ചിലായിരുന്നു ആ പ്രദർശനം. വെളുതത ചുവരിൽ പതിപ്പിച്ചു വച്ച വാഴപ്പഴം അന്നു വലിയ വിമർശനങ്ങൾക്കിടയാക്കീ. ഇതെങ്ങനെ ഒരു ആർട് ആകുമെന്നും ചോദ്യം ഉയർന്നിരുന്നു. മറ്റൊരു കലാകാരൻ അതു പറിച്ചെടുത്ത് തിന്നുകയും ചെയ്തു.
എന്തായാലും ആ എക്സിബിഷനിൽ വാഴപ്പഴം ആയിരുന്നു ഹീറോ. അത്രയധികം ശ്രദ്ധയാണ് കൊമേഡിയന് കിട്ടിയത്. പിന്നീട് മൂന്നു തവണ കൂടി ഇതേ വാഴപ്പഴം പ്രദർശിപ്പിച്ചു. ഒരു ലക്ഷത്തിൽ കുറയാത്ത ഡോളറുകൾക്കാണ് അന്നെല്ലാം വിറ്റു പോയത്. അഞ്ച് വർഷങ്ങൾക്കു ശേഷം ക്രിപ്റ്റോകറൻസ് പ്ലാറ്റ്ഫോം ട്രോണിന്‍റെ ഉടമ ജസ്റ്റിൻ സൺ ആണ് വീണ്ടും വൻ തുക നൽകി കൊമേഡിയനെ സ്വന്തമാക്കിയിരിക്കുന്നത്. ന്യൂയോർക്കിലെ പ്രദർശനത്തിലും വാഴപ്പഴത്തിന് ധാരാളം ആരാധകരായിരുന്നു. സെൽഫിയെടുക്കാനെത്തുന്ന സന്ദർശകരെ നിയന്ത്രിക്കാൻ വാഴപ്പഴത്തിനിരുവശത്തും പ്രത്യേകം സുരക്ഷാ ജീവനക്കാരെ നിയമിച്ചിരുന്നു.