

ലിങ്ക്ഡ്ഇൻ യൂസർ പ്രിയം തഹബിൽദെർ പങ്കുവച്ച പോസ്റ്റിൽ നിന്നും
പ്രമുഖ ഭക്ഷണ വിതരണ ശ‍്യംഖലയായ സൊമാറ്റോയിലൂടെ പാവ് ഭാജി ഓർഡർ ചെയ്ത ബെംഗളൂരു സ്വദേശിക്ക് കിട്ടിയത് ബീഡി. പാവ് ഭാജിക്കൊപ്പം ലഭിച്ച സവാളയിൽ നിന്നുമാണ് ബീഡി ലഭിച്ചത്. ലിങ്ക്ഡ്ഇൻ യൂസർ പ്രിയം തഹബിൽദെറിനാണ് ഇത്തരത്തിലൊരു വിചിത്രമായ അനുഭവമുണ്ടായത്.
ലിങ്ക്ഡ്ഇന്നിൽ സൊമാറ്റോയെ ടാഗ് ചെയ്തുകൊണ്ട് പ്രിയം ഒരു പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സൊമാറ്റോയിലൂടെ പാവ് ഭാജി ഓർഡർ ചെയ്തപ്പോൾ സൗജന‍്യമായി ബീഡി ലഭിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയത്തിന്‍റെ പോസ്റ്റ് തുടങ്ങുന്നത്. ഒടുവിൽ സൊമാറ്റോ തന്നെ പോസ്റ്റിന് മറുപടി നൽകി.
വിഷയത്തിൽ അന്വേഷണം നടത്താൻ ഓർഡറിന്‍റെ വിശദാംശങ്ങൾ പങ്കുവയ്ക്കണമെന്നായിരുന്നു സൊമാറ്റോയുടെ മറുപടി. സൊമാറ്റോ പിന്നീട് തനിക്ക് അടുത്ത ഓർഡറിന് 100 രൂപയുടെ കൂപ്പൺ വാഗ്ദാനം ചെയ്തെന്ന് പ്രിയം വ‍്യക്തമാക്കി. വിഷയത്തിൽ സമ്മിശ്ര പ്രതികരണമാണ് സോഷ‍്യൽ മീഡിയ ഉപയോക്താക്കളിൽ നിന്നും ലഭിച്ചത്.
പ്രതികരണവുമായി ഒരു വിഭാഗം ആളുകൾ വീട്ടിൽ നിന്നും പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കണമെന്ന് ആഹ്വാനം ചെയ്തു. ഇത് സൊമാറ്റോയുടെ പിഴവല്ലെന്നും റസ്റ്റോറന്‍റിൽ നിന്നുമാണ് ഭക്ഷണം പാക്ക് ചെയ്യുന്നതെന്നും മറ്റു ചിലർ വാദിച്ചു.