വാളയാർ ചെക്ക് പോസ്റ്റ്
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്‍റെ പരിവാഹൻ വെബ്സൈറ്റ് പണിമുടക്കിയതോടെ സംസ്ഥാന അതിർത്തി ചെക്ക്പോസ്റ്റുകളിൽ വാഹനങ്ങൾ കുടുങ്ങി. അവധി ദിനം കണക്കിലെടുത്ത് ശനിയാഴ്ചയോടെ വിനോദ യാത്രയ്ക്കായി പോയ സഞ്ചാരികളാണ് പാതിവഴിയിൽ കുടുങ്ങിയത്. ഇതര സംസ്ഥാനങ്ങളിലേക്കു പോകാനുള്ള സ്പെഷൽ പെർമിറ്റ് ലഭ്യമാകാതായതോടെയാണ് പ്രതിസന്ധിയുടലെടുത്തത്.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സൈറ്റിൽ സാങ്കേതിക തകരാർ നേരിട്ടത്. സ്പെഷൽ പെർമിറ്റ് ഓൺലൈനായി എടുക്കാൻ കഴിയാത്തതോടെ ആയിരക്കണക്കിനു വാഹനങ്ങൾ വിവിധ അതിർത്തി കടക്കാൻ കഴിയാതെ കുടുങ്ങി.സാങ്കേതിക തകരാർ പരിഹരിക്കപ്പെടുമെന്നും യാത്രാ മധ്യേ പെർമിറ്റ് എടുക്കാമെന്നും പ്രതീക്ഷിച്ചാണ് പലരും യാത്ര തുടങ്ങിയത്. എന്നാൽ അതുണ്ടായില്ല.
വഴിക്കടവ്, വാളയാർ, കുമളി, ആര്യങ്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വിനോദയാത്രക്കാർ അധികൃതരെ ബന്ധപ്പെട്ടെങ്കിലും മണിക്കൂറുകൾക്ക് ശേഷമാണ് താത്കാലിക അനുമതിയിൽ ചിലയിടങ്ങളിലെങ്കിലും കടത്തിവിട്ടത്. നേരത്തെ താത്കാലിക പെർമിറ്റ് എടുക്കാനുള്ള സംവിധാനം ചെക് പോസ്റ്റുകളിൽ ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല. ആ സംവിധാനം തിരികെ കൊണ്ടുവന്നാൽ ഈ പ്രതിസന്ധിക്കു പരിഹാരമാകുമെന്നാണ് യാത്രക്കാരുടെ ആവശ്യം.
അതേസമയം, സൈറ്റിലുണ്ടാകുന്ന തകരാറുകൾ ചൂണ്ടിക്കാട്ടി കേന്ദ്രത്തെ ബന്ധപ്പെടുമെന്ന് ഗതാഗത മന്ത്രി പ്രതികരിച്ചു. സ്‌പെഷ്യല്‍ പെര്‍മിറ്റ് കടലാസില്‍ നടന്നിരുന്ന കാര്യമാണെന്നും കേന്ദ്രസര്‍ക്കാരാണ് ഇവ കേന്ദ്രീകരിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് പറഞ്ഞ അദ്ദേഹം തകരാറ് കേന്ദ്രസര്‍ക്കാരിന്‍റെ കുഴപ്പമാണെന്നും വിമര്‍ശിച്ചു. പരിവാഹന്‍ സൈറ്റ് ഇടയ്ക്കിടെ ഇത്തരത്തില്‍ പണിമുടക്കുന്നത് യാത്രക്കാര്‍ക്ക് സ്ഥിരം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.