ഇലക്‌ട്രിക് വാഹന വിപണിയെ ഞെട്ടിച്ച് ടാറ്റ ഹാരിയർ
കൊച്ചി: ടാറ്റയുടെ എസ്‌യുവിയായ ഹാരിയറിന്‍റെ ഇലക്‌ട്രിക് പതിപ്പ് പുറത്തിറക്കി. 21.49 ലക്ഷം രൂപ മുതലാണ് വില. ഒറ്റ ചാർജിങ്ങിൽ 627 കിലോമീറ്റർ മൈലേജ് നൽകുന്ന വാഹനത്തിന് 250 കിലോമീറ്റർ സഞ്ചരിക്കാൻ വെറും 15 മിനിറ്റ് ചാർജ് ചെയ്താൽ മതി. രണ്ട് ബാറ്ററി പായ്ക്കുകളിൽ ലഭിക്കുന്ന വാഹനത്തിന്‍റെ ബാറ്ററിക്ക് ലൈഫ് ടൈം വാറന്‍റിയും ടാറ്റ നൽകുന്നുണ്ട്.
നാലു നിറങ്ങളിൽ ഹാരിയർ ഇവി ലഭിക്കും. ഇതോടൊപ്പം, ടാറ്റ ഹാരിയർ ഇവിയുടെ സ്റ്റെൽത്ത് എഡിഷനുമുണ്ട്. ഇതിൽ ഉള്ളിലും പുറത്തും ബ്ലാക്ക്ഡ്-ഔട്ട് ഡിസൈൻ ഘടകങ്ങളാണ് നൽകിയിരിക്കുന്നത്. ഇന്‍റീരിയറിലെ പ്രധാന ആകർഷണം 14.53-ഇഞ്ച് ഇൻഫോടെയ്ൻമെന്‍റ് സ്ക്രീനാണ്. സാംസങ് നിയോ ക്യുഎൽഇഡി ഡിസ്പ്ലേ കൂടിയാകുമ്പോൾ, സിനിമാറ്റിക് എക്സ്പീരിയൻസാണ് വാഹനം നൽകുന്നതെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.
ഇലക്‌ട്രിക് വാഹന വിപണിയെ ഞെട്ടിച്ച് ടാറ്റ ഹാരിയർ
മാപ്പ് അടക്കം സംവിധാനങ്ങളുള്ള ഡിജിറ്റൽ ഇൻട്രമെന്‍റ് ക്ലസ്റ്ററാണുള്ളത്. ഡോൾബി അറ്റ്മോസ് 5.1, ജെബിഎൽ മോഡ്, ഹോം തിയെറ്റർ എക്സ്പീരിയൻസ് എന്നിവ ഹാരിയർ ഇവി നൽകും. ടാറ്റയുടെ പുതുതലമുറ വാഹനങ്ങളെപ്പോലെ തന്നെ ഇലുമിനേറ്റഡ് ഫോർ-സ്പോക്ക് സ്റ്റിയറിങ് വീലാണ്. ഓഫ് റോഡിൽ സപ്പോർട്ടായി ബീസ്റ്റ് മോഡ് അസിസ്റ്റിങ് ഫീച്ചറുമുണ്ട്.
റീഡസൈൻ ചെയ്ത ഗ്രിൽ, പുതുക്കിയ ഫ്രണ്ട് - റിയർ ബംപറുകൾ, ഇവി ബാഡ്ജുകൾ, എയ്റോ-ഒപ്റ്റിമൈസ്‌ഡ് അലോയ് വീലുകൾ എന്നിങ്ങനെ രൂപത്തിലും വ്യത്യസ്തമായാണ് ഹാരിയർ ഇവി പുറത്തിറക്കിയത്. പാർക്ക് അസിസ്റ്റ്, റിവേഴ്സ് അസിസ്റ്റ് തുടങ്ങി ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങും വിധം ക്രമീകരിച്ചിട്ടുള്ള 22 എഡിഎഎസ് സംവിധാനങ്ങൾ വാഹനത്തിലുണ്ട്. സുരക്ഷയ്ക്കായി 540 ഡിഗ്രി സറൗണ്ട് കാമറ വ്യൂവും നൽകിയിട്ടുണ്ട്.
വാഗമണിലെ ആനപ്പാറ കീഴടക്കിയാണ് ടാറ്റ ഹാരിയർ കരുത്ത് തെളിയിച്ചത്. ഹാരിയർ വിപണിയിലിറക്കും മുൻപുള്ള ടീസർ വിഡിയൊ ചിത്രീകരിച്ചത് വാഗമണ്ണിലെ ആനപ്പാറയിലാണ്. സമുദ്ര നിരപ്പിൽ നിന്ന് 3,937 അടി ഉയരമുള്ള ആനപ്പാറയുടെ മുകളിൽ വാഹനം ഓടിച്ചു കയറ്റിയാണ് ഹാരിയർ ഇവിയുടെ ഓഫ് റോഡ് എഡബ്ല്യുഡി, ബൂസ്റ്റ് മോഡുകൾ കരുത്ത് തെളിയിച്ചത്.