Auto

ടെസ്‌ല ഇലക്‌ട്രിക് കാറുകൾ ഇന്ത്യയിലേക്ക്

നിർമാണ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താനും അവരുടെ കാറുകള്‍ ഇറക്കുമതി ചെയ്ത് വിപണിയില്‍ അവതരിപ്പിക്കാനും സാഹചര്യമൊരുങ്ങി

Renjith Krishna

ബിസിനസ് ലേഖകൻ

കൊച്ചി: അമെരിക്കന്‍ കാര്‍ ഭീമന്‍ ടെസ്‌ലയുടെ വൈദ്യുതി വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ സാധ്യത തെളിയുന്നു.

ഇന്ത്യയില്‍ ഫാക്റ്ററി ആരംഭിക്കാന്‍ 415 കോടി രൂപയിലധികം നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്ക് 15 ശതമാനം തീരുവയോടെ പ്രതിവര്‍ഷം 80,000 വൈദ്യുത വാഹനങ്ങള്‍ ഇറക്കുമതി നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ ഉപാധിയോടെ അനുമതി നല്‍കിയത്. ഇതോടെ ടെസ്‌ല അടക്കമുള്ള ആഗോള വാഹന

നിർമാണ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താനും അവരുടെ കാറുകള്‍ ഇറക്കുമതി ചെയ്ത് വിപണിയില്‍ അവതരിപ്പിക്കാനും സാഹചര്യമൊരുങ്ങി.

വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചാല്‍ മാത്രമേ ഇന്ത്യന്‍ വാഹന വിപണിയില്‍ പ്രവേശിക്കൂവെന്നാണ് ടെസ്‌ല ഇതുവരെ വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ 40,000 ഡോളര്‍ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് 100% ഇറക്കുമതി നികുതിയാണ് ഇന്ത്യ ഈടാക്കുന്നത്. 40,000 ഡോളറിലധികം വിലയുള്ള വാഹനങ്ങള്‍ക്ക് 70 ശതമാനമാണ് ഇറക്കുമതി തീരുവ. പുതിയ നയം വന്നതോടെ പുതിയ നിർമാണ പ്ലാന്‍റ് ഇന്ത്യയില്‍ ആരംഭിച്ചാല്‍ 15% തീരുവ നല്‍കി വൈദ്യുതി വാഹനങ്ങള്‍ ഇറക്കുമതി നടത്താന്‍ ടെസ്‌ലയ്ക്ക് കഴിയും.

വൈദ്യുതി വാഹനങ്ങളുടെ നിർമാണ മേഖലയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഇന്നലെ കേന്ദ്ര വാണിജ്യ മന്ത്രാലയം പുതിയ വ്യവസായ നയം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ പുതിയ നിർമാണ പ്ലാന്‍റ് ആരംഭിക്കുന്ന ആഗോള ഇലക്‌ട്രിക് വാഹന നിർമാതാക്കളുടെ ഇറക്കുമതി തീരുവ 15 ശതമാനമായി കുറയുമെന്ന് നയത്തില്‍ പറയുന്നു. വൈദ്യുതി വാഹന പ്ലാന്‍റുകളില്‍ 4,150 കോടി രൂപയിലധികം നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്ക് 35,000 ഡോളറിലധികം വിലയുള്ള 80,000 കാറുകള്‍ 15% തീരുവയില്‍ പ്രതിവര്‍ഷം ഇറക്കുമതി നടത്താനാകും.

പ്ലാന്‍റിന്‍റെ നിർമാണം പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷം വരെ കാലാവധി ലഭിക്കും. എന്നാല്‍ ഇതിനാവശ്യമായ അസംസ്കൃത സാധനങ്ങളില്‍ 25 ശതമാനം ആഭ്യന്തര വിപണിയില്‍ നിന്ന് വാങ്ങണം. നിലവില്‍ വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതിയില്‍ 70 മുതല്‍ 100% വരെ നികുതിയാണ് ഈടാക്കുന്നത്.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?