അനന്ത് അംബാനിയും ഭാര്യ രാധിക മർച്ചന്‍റും
ഫയൽ
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ എന്ന നിലയില്‍ അനന്ത് അംബാനിക്ക് പ്രതിവര്‍ഷം ശമ്പളമായി ലഭിക്കുക 10 മുതല്‍ 20 കോടി രൂപ വരെ. ഇതിനു പുറമെ കമ്പനിയുടെ ലാഭത്തില്‍ നിന്നുള്ള കമ്മിഷനും ലഭിക്കും.
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂന്ന് മക്കളില്‍ ഇളയ ആളാണ് അനന്ത്. റിലയന്‍സ് എനര്‍ജി ബിസിനസിന്‍റെ ചുമതലയാണ് അനന്ത് വഹിക്കുന്നത്.
മൂത്ത മകൻ ആകാശ് അംബാനി റിലയന്‍സിന്‍റെ ടെലികോം വിഭാഗമായ ജിയോയുടെ ചുമതലയാണ് വഹിക്കുന്നത്. ജിയോ ഇന്‍ഫോകോമിന്‍റെ ചെയര്‍മാനാണ് ആകാശ്. മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ടീമിന്‍റെ ചുമതലയും ആകാശിനു തന്നെ. ഇഷ അംബാനിക്ക് റിലയന്‍സ് റീട്ടെയ്‌ലിന്‍റെയും ലക്ഷ്വറി ബിസിനസിന്‍റെയും ചുമതലയാണുള്ളത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ 2023ലാണ് നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍മാരായി ആകാശും ഇഷയും അനന്തും നിയമിതരാകുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ മൂന്നു പേരെയും എക്‌സിക്യുട്ടീവ് ഡയറക്റ്ററായി നിയമിക്കുകയായിരുന്നു.
നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍മാരായപ്പോള്‍ മൂന്ന് പേര്‍ക്കും ശമ്പളത്തിന് അര്‍ഹതയില്ലായിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഓരോരുത്തര്‍ക്കും 4 ലക്ഷം രൂപ വീതം സിറ്റിങ് ഫീസായി ലഭിച്ചിരുന്നു. ഇതിനു പുറമെ കമ്മിഷനായി 97 ലക്ഷം രൂപയാണ് ലഭിച്ചിരുന്നത്.