2000 സർവീസുകൾ പൂർത്തിയാക്കിയ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനൽ.

 
Business

2000 പ്രൈവറ്റ് ജെറ്റ് സർവീസുകൾ തികച്ച് സിയാൽ

രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രൈവറ്റ് ജെറ്റ് ടെർമിനലാണ് സിയാലിലേത്. 2000 സർവീസുകൾ ഇതുവഴി പൂർത്തിയാക്കി.

Kochi Bureau

ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ്‌വേ എന്ന ആശയത്തോടെ സിയാൽ ആരംഭിച്ച ബിസിനസ് ജെറ്റ് ടെർമിനൽ 2000 സർവീസുകൾ പൂർത്തിയാക്കി. രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രൈവറ്റ് ജെറ്റ് ടെർമിനലാണ് സിയാലിലേത്. 2022 -’23 സാമ്പത്തിക വർഷത്തിൽ 242 ചാർട്ടർ സർവീസുകളാണ് പൂർത്തിയാക്കിയത്. 2023 -’24 ൽ 708 സർവീസുകളും 2024 -’25 ൽ 714 പ്രൈവറ്റ് ജെറ്റ് ഓപ്പറേഷനുകളും സിയാൽ കൈകാര്യം ചെയ്തു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതു വരെ 344 സർവീസുകൾ പൂർത്തിയാക്കി.

2022 ഡിസംബർ 10നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്ഘാടനം ചെയ്തത്. ഗൾഫ് രാജ്യങ്ങൾക്കു പുറമെ ലണ്ടൻ, മാലദ്വീപ്, ഹോങ്കോങ്, മോണ്ടെനിഗ്രോ, ഇന്ത്യൻ നഗരങ്ങളായ മുംബൈ, ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, തിരുപ്പതി എന്നിവിടങ്ങളുമായി ബന്ധിപ്പിച്ചാണ് പ്രധാനമായും സർവീസുകൾ നടത്തുന്നത്.

2022 ഡിസംബറിൽ കൊച്ചിയിൽ നടത്തിയ ഐപിഎൽ ലേലം, 2023 മാർച്ച് മുതൽ ജൂൺ വരെ സംഘടിപ്പിച്ച വിവിധ ജി-20 സമ്മേളനങ്ങൾ, 2022 ഡിസംബർ മുതൽ ഏപ്രിൽ 2023 വരെ സംഘടിപ്പിക്കപ്പെട്ട കൊച്ചി മുസിരിസ് ബിനാലെ പോലുള്ള രാജ്യാന്തര സമകാലിക കലാ-സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയോടനുബന്ധിച്ച് സിയാൽ ബിസിനസ് ജെറ്റ് ടെർമിനലിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രൈവറ്റ് ജെറ്റുകൾ പറന്നിറങ്ങി.

2023 ഏപ്രിലിൽ ലക്ഷദ്വീപിൽ നടത്തിയ ജി-20 യോഗത്തിൽ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി ഒരു ഡസനോളം ചാർട്ടർ വിമാനങ്ങൾ ടെർമിനലിൽ എത്തിയിരുന്നു. 2023 സെപ്റ്റംബറിൽ ചാർട്ടേർഡായി ബോയിങ് 737 വിമാനം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 58 യാത്രക്കാരുമായാണ് എത്തിയത്. ചാർട്ടർ വിമാനങ്ങൾക്കും സ്വകാര്യ വിമാനങ്ങൾക്കും പ്രത്യേക സേവനം ലഭ്യമാക്കി, പ്രധാനപ്പെട്ട ബിസിനസ് കോൺഫറൻസുകൾക്കും വിനോദ സഞ്ചാരത്തിനുമായി ചാർട്ടർ വിമാനങ്ങൾ എത്തിക്കാനും സിയാലിനു സാധിക്കുന്നുണ്ട്.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനൽ.

കേരളത്തിന്‍റെ തനതു കലകൾക്കും കലാകാരൻമാർക്കും അവരുടെ കലാസപര്യയ്ക്കും കൊച്ചി വിമാനത്താവളത്തിൽ ഇടങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും സിയാലിൽ നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി, കഥകളി ശിൽപ്പങ്ങളും, കലാമണ്ഡലം ഗോപിയുടെ നവരസാവിഷ്കാര പെയിന്‍റിങ്ങുകളും ബിസിനസ് ജെറ്റ് ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്.

ഈ വർഷം ഡിസംബറിൽ ആരംഭിക്കുന്ന ആറാമത്തെ ബിനാലെ പതിപ്പിനോടനുബന്ധിച്ചുള്ള അന്വേഷണങ്ങളും സിയാലിലേക്കെത്തുന്നുണ്ട്. ശബരിമല തീർത്ഥാടന കാലമാകുമ്പോഴേക്കും സർവീസുകളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.

"സമ്മർദത്തിലാക്കാൻ ഭരണകൂടം ശ്രമിക്കുന്നു, ഭീഷണപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ട": കെ.എം. ഷാജഹാൻ

എയിംസ് വിഷയത്തിൽ ബിജെപിയിൽ തമ്മിലടിയെന്ന് എം.വി. ഗോവിന്ദൻ; തള്ളി പി.കെ. കൃഷ്ണദാസ്

നവരാത്രി: സംസ്ഥാനത്ത് 30ന് പൊതു അവധി

സൽമാൻ റുഷ്ദിയുടെ 'ദ സാത്താനിക് വേഴ്സസ്' നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

കെ.ജെ. ഷൈനിനെതിരായ അപവാദ പ്രചാരണം; യ‍്യൂടൂബർ കെ.എം. ഷാജഹാന് ജാമ‍്യം