നോട്ട് നിരോധന ആശങ്ക വീണ്ടും
മുംബൈ: 2026 മാര്‍ച്ചോടെ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ (ആര്‍ബിഐ) 500 രൂപയുടെ നോട്ടുകള്‍ ഇഷ്യു ചെയ്യുന്നത് നിര്‍ത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന വിഡിയൊ പുറത്തുവന്നതോടെ പലരും ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിലാണ് ഇതുസംബന്ധിച്ച വിഡിയൊ പോസ്റ്റ് ചെയ്തത്.
500 രൂപയുടെ നോട്ടുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ ആര്‍ബിഐയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്നും, 2026 മാര്‍ച്ചോടെ ഈ പ്രക്രിയ പൂര്‍ത്തിയാകുമെന്നുമാണ് വിഡിയൊയിൽ അവകാശപ്പെടുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (പിഐബി), വസ്തുതകള്‍ പരിശോധിക്കുന്ന ഫാക്റ്റ് ചെക്ക് പ്രകാരം, ഇത്തരത്തിലൊരു പ്രഖ്യാപനവും ആർബിഐ നടത്തിയിട്ടില്ല.
500 രൂപയുടെ നോട്ടുകള്‍ക്ക് ഇപ്പോഴും നിയമസാധുതയുണ്ടെന്നും, രാജ്യമെമ്പാടും ഇപ്പോഴും ഇഷ്യു ചെയ്യുന്നുണ്ടെന്നും പിഐബി അറിയിച്ചു. 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വിഡിയൊ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അതില്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഏതെങ്കിലും ഔദ്യോഗിക പ്രസ്താവനയുടെയോ ആര്‍ബിഐ സര്‍ക്കുലറിന്‍റെയോ പിന്തുണയില്ലെന്നും പിഐബി വ്യക്തമാക്കുന്നു.
2025 ഏപ്രിലില്‍ ആര്‍ബിഐ ഒരു സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുമെന്ന് പ്രചരിക്കുന്നത് ഒരുപക്ഷേ ഈ സര്‍ക്കുലറിന്‍റെ അടിസ്ഥാനത്തിലായിരിക്കാമെന്നാണ് അനുമാനിക്കുന്നത്. കാരണം സര്‍ക്കുലറില്‍ എടിഎമ്മുകള്‍ വഴി 100, 200 രൂപയുടെ നോട്ടുകളുടെ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകളോടും വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്റര്‍മാരോടും ആര്‍ബിഐ നിര്‍ദേശിച്ചിരുന്നു.
2026 മാര്‍ച്ച് 31ഓടെ എല്ലാ എടിഎമ്മുകളിലും 90 ശതമാനവും 100 രൂപ അല്ലെങ്കില്‍ 200 രൂപ മൂല്യമുള്ള നോട്ടുകളായിരിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇതായിരിക്കാം ഇപ്പോള്‍ 500 രൂപയുടെ കറന്‍സി നോട്ടുകള്‍ ആര്‍ബിഐ പിന്‍വലിക്കുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതെന്നാണ് അനുമാനം.