ഡോ. ഷംഷീർ വയലിൽ ജീവനക്കാർക്കൊപ്പം.

 
ShibilZain
Business

ആഗോള വിപണിയിൽ നേട്ടമുണ്ടാക്കി മലയാളി സംരംഭകൻ

ഡോ. ഷംഷീർ വയലിലിന്‍റെ ബുർജീൽ ഹോൾഡിങ്സ് ഇസ്ലാമിക് ബോണ്ട് വഴി സമാഹരിച്ചത് 4,708 കോടി രൂപ

UAE Correspondent

ദുബായ്: പ്രമുഖ മലയാളി ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിലിന്‍റെ 'ബുർജീൽ ഹോൾഡിങ്സ്' ആദ്യമായി പുറത്തിറക്കിയ 'സുക്കൂക്' (ഇസ്ലാമിക് ബോണ്ട്) വഴി 4,708 കോടി രൂപ (500 മില്യൺ യുഎസ് ഡോളർ) വിജയകരമായി സമാഹരിച്ചു.

കമ്പനി ലക്ഷ്യമിട്ടതിന്‍റെ മൂന്നിരട്ടിയിലധികം, അതായത് 15,066 കോടി രൂപയുടെ (1.6 ബില്യൺ യുഎസ് ഡോളർ) നിക്ഷേപ താല്പര്യമാണ് ആഗോള-പ്രാദേശിക വിപണികളിൽ നിന്ന് ലഭ്യമായത്. ഈ ബോണ്ടുകൾ ജൂലൈ ഒന്നിന് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിനായി ലിസ്റ്റ് ചെയ്യും.

മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക (മിന ) മേഖലയിലെ ഒരു ഹെൽത്ത്കെയർ കമ്പനി 2018-ന് ശേഷം പുറത്തിറക്കുന്ന ആദ്യ സുക്കൂക് ബോണ്ടാണിത്. മേഖലയിലെ സമീപകാല പ്രതിസന്ധികൾക്ക് ശേഷം യുഎഇയിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യ കോർപ്പറേറ്റ് ബോണ്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. 5 വർഷത്തെ കാലാവധിയുള്ള ഈ സുക്കൂക്, അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ബുർജീലിന്‍റെ 1.5 ബില്യൺ ഡോളർ ബോണ്ട് പദ്ധതിയുടെ ഭാഗമാണ്.

ആകെ അലോട്ട്മെന്‍റിന്‍റെ 61 ശതമാനവും അന്താരാഷ്ട്ര തലത്തിൽ നിന്നാണ് സമാഹരിച്ചത്. ഇതിൽ യുകെ (34%), യുഎസ് ഓഫ്ഷോർ (24%), മറ്റ് ആഗോള വിപണികൾ (3%) എന്നിവ ഉൾപ്പെടുന്നു. ജിസിസി മേഖലയിൽ നിന്ന് 39% നിക്ഷേപകരും പങ്കാളികളായി. കമ്പനിക്ക് അന്താരാഷ്ട്ര റേറ്റിങ് ഏജൻസികളായ എസ് ആൻഡ് പി 'BB+' റേറ്റിങ്ങും മൂഡീസ് 'Ba2' റേറ്റിങ്ങുമാണ് നൽകിയിട്ടുള്ളത്. നിക്ഷേപകരുടെ താല്പര്യം മുൻനിർത്തി ലാഭവിഹിത നിരക്ക് 7 ശതമാനമായും യീൽഡ് 7.125 ശതമാനമായും നിജപ്പെടുത്തി.

സമാഹരിച്ച മൂലധനം നിലവിലുള്ള ബാധ്യതകൾ തീർക്കാനും ഗ്രൂപ്പിന്‍റെ തന്ത്രപ്രധാനമായ വികസന പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കും. ഒപ്പം, അത്യാധുനിക ചികിത്സാരീതികൾ, മെഡിക്കൽ ഗവേഷണം, നിർമിത ബുദ്ധി ), പുതിയ സാങ്കേതികവിദ്യകളുടെ വികസനം എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ഡോ. ഷംഷീർ വയലിൽ

"കമ്പനിയുടെ ബിസിനസ് തന്ത്രങ്ങൾക്കും സാമ്പത്തിക ഭദ്രതയ്ക്കും ആഗോള നിക്ഷേപകർ നൽകിയ വലിയ അംഗീകാരമാണിത്. ആരോഗ്യസംരക്ഷണം അടുത്ത തലത്തിലേക്ക് വികസിപ്പിക്കാൻ ഈ നേട്ടം കമ്പനിക്ക് വലിയ സാമ്പത്തിക സ്വാതന്ത്ര്യം നൽകും."- ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

സിറ്റി ബാങ്ക്, എമിറേറ്റ്സ് എൻബിഡി കാപ്പിറ്റൽ, ഫസ്റ്റ് അബുദാബി ബാങ്ക് എന്നിവയായിരുന്നു ബോണ്ട് ഇഷ്യൂവിന്‍റെ ആഗോള കോർഡിനേറ്റർമാർ. യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലായി 20 ആശുപത്രികളും 41 മെഡിക്കൽ സെന്‍ററുകളും ഉൾപ്പെടെ 89 സ്ഥാപനങ്ങളാണ് നിലവിൽ ബുർജീൽ ഹോൾഡിങ്സിന് കീഴിൽ പ്രവർത്തിക്കുന്നത്.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്