<a href="https://www.freepik.com/free-vector/digital-money-inr-indian-rupee-trading-concept-background_34426971.htm#query=indian%20economy&position=1&from_view=search&track=ais">Image by starline</a> on Freepik
Business

ഇന്ത്യൻ സമ്പദ് വ്യവസ്ഥ മുന്നേറ്റം തുടരുന്നു

ബിസിനസ് ലേഖകൻ

കൊച്ചി: സേവന, ധനകാര്യ മേഖലകളിലെ മികച്ച പ്രകടനത്തിന്‍റെ കരുത്തില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം മുന്നേറ്റം തുടരുന്നു. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ആഭ്യന്തര മൊത്തം ഉത്പാദനത്തില്‍ (ജിഡിപി) 7.8 ശതമാനം വളര്‍ച്ച നേടിയതിനൊപ്പം രാജ്യത്തെ ഓഹരി, വാഹന, മാനുഫാക്ച്ചറിങ് മേഖലകള്‍ ഉണര്‍വിന്‍റെ പാതയിലാണ്.

കഴിഞ്ഞ മാസം രാജ്യത്തെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാന സമാഹരണത്തില്‍ 11 ശതമാനം വർധനയാണ് ദൃശ്യമായത്. ഇതോടൊപ്പം രാജ്യത്തെ ഉത്സവ കാലത്തിന്‍റെ തുടക്കമായ ഓഗസ്റ്റില്‍ വാഹന വിപണിയില്‍ മികച്ച ഉണര്‍വാണ് ദൃശ്യമായത്. പ്രമുഖ വാഹന നിർമാണ കമ്പനികളെല്ലാം കഴിഞ്ഞ മാസം മികച്ച വില്‍പ്പന കൈവരിച്ചെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാനുഫാക്ച്ചറിങ് മേഖലയിലും ഉത്പാദന ഉണര്‍വ് ദൃശ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതോടെ ഇന്ത്യയിലും ഇന്ധന വില സൂചിക താഴുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളില്‍ ഗാര്‍ഹിക, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വിലയില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ നാണയപ്പെരുപ്പ സമ്മര്‍ദം ഒഴിവാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടക്കാനുള്ള സാധ്യത സജീവമായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതിയില്‍ ഗണ്യമായ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാണയപ്പെരുപ്പം അതിവേഗം നിയന്ത്രണ വിധേയമാകാന്‍ ഈ നടപടി സഹായിക്കുമെന്നും വിലയിരുത്തുന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.7 ശതമാനമായി ഉയരുമെന്നാണ് പ്രമുഖ രാജ്യാന്തര ധനകാര്യ ഏജന്‍സിയായ മൂഡീസ് പ്രവചിക്കുന്നത്. നേരത്തെ 5.5 ശതമാനം വളര്‍ച്ച ഇന്ത്യ നേടുമെന്നാണ് മൂഡീസ് വിലയിരുത്തിയിരുന്നത്. ഇതോടൊപ്പം രാജ്യത്തെ പ്രമുഖ വാഹന നിർമാണ കമ്പനികള്‍ ഓഗസ്റ്റില്‍ വില്‍പ്പനയില്‍ രണ്ടക്ക വളര്‍ച്ച നേടിയതും സാമ്പത്തിക മേഖലയിലെ അനുകൂല ഘടകമാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു.

കഴിഞ്ഞമാസം രാജ്യത്തെ മുന്‍നിര വാഹന നിർമാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വില്‍പ്പനയില്‍ 19 ശതമാനം വർധനയാണ് നേടിയത്. മാരുതി സുസുക്കി ഓഗസ്റ്റില്‍ മൊത്തം 1.89 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് മാരുതി സുസുക്കി കൈവരിച്ചത്. കഴിഞ്ഞ മാസം രാജ്യത്തെ ജിഎസ്ടി വരുമാനം 11 ശതമാനം ഉയര്‍ന്ന് 1.6 ലക്ഷം കോടി രൂപയിലെത്തിയതും സാമ്പത്തിക മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തിലാണെന്ന് വിദഗ്ധര്‍ പറയുന്നു.

ഫെഡറേഷൻ കപ്പിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

ന്യൂസ് ക്ലിക്ക് കേസ്: പുരകായസ്തയുടെ അറസ്റ്റ് അസാധുവാക്കി

അഭയ കൊലക്കേസിലെ പ്രതി ഫാ.തോമസ് കോട്ടൂരിന്‍റെ പെൻഷൻ പിൻവലിച്ചു

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതാ വ്ളോഗറെ അപമാനിച്ച പ്രതി പിടിയില്‍

കള്ളപ്പണം വെളുപ്പിക്കൽ: ഝാർഖണ്ഡ് മന്ത്രി അറസ്റ്റിൽ