വായ്പ തിരിച്ചടവിന് പുതിയ ചട്ടങ്ങളുമായി ആർബിഐ
ന്യൂഡൽഹി: വായ്പയുടെ ഇഎംഐ തിരിച്ചടവ് മുടങ്ങിയതിന്‍റെ പേരിൽ വായ്പക്കാരെ ഭീഷണിപ്പെടുത്തുകയോ അപമാനിക്കുകയോ രാത്രികാലങ്ങളിൽ നിരന്തരം ഫോൺ വിളിക്കുകയോ ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഇതുസംബന്ധിച്ച പുതിയ വായ്പാ തിരിച്ചുപിടിക്കൽ ചട്ടങ്ങൾ 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
പുതിയ ചട്ടപ്രകാരം ബാങ്കുകൾക്കും റിക്കവറി ഏജന്‍റുമാർക്കും സാധാരണയായി രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴ് വരെ മാത്രമേ വായ്പക്കാരെ ബന്ധപ്പെടാൻ കഴിയൂ. ഇതിന് പുറത്തുള്ള സമയങ്ങളിൽ ഫോൺ വിളിക്കുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുന്നത് വായ്പക്കാരൻ പ്രത്യേകമായി ആവശ്യപ്പെടുകയോ അനുമതി നൽകുകയോ ചെയ്താൽ മാത്രമേ അനുവദിക്കൂ. മരണം, അടിയന്തര ചികിത്സ, വിവാഹ ചടങ്ങ് തുടങ്ങിയ സെൻസിറ്റീവ് സാഹചര്യങ്ങളിൽ വായ്പക്കാരെ ബന്ധപ്പെടുന്നത് ഒഴിവാക്കണമെന്നും ആർബിഐ നിർദേശിച്ചിട്ടുണ്ട്.
ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപകരമോ ഭയപ്പെടുത്തുന്നതോ ആയ ഭാഷ റിക്കവറി ഏജന്‍റുമാർ ഉപയോഗിക്കരുത്. അജ്ഞാത നമ്പറുകളിൽനിന്നുള്ള ഭീഷണി കോളുകൾ, നിരന്തരം ഫോൺ വിളിക്കൽ, പൊതുജനമധ്യേ അപമാനിക്കൽ, വായ്പക്കാരന്‍റെ കുടുംബത്തെയോ സ്വത്തുക്കളെയോ പ്രതിച്ഛായയെയോ ഭീഷണിപ്പെടുത്തൽ എന്നിവയും അനുവദനീയമല്ല.
വായ്പക്കാരെ അപമാനിക്കാനായി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. വായ്പക്കാരന്‍റെ വ്യക്തിഗത വിവരങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ റെക്കോർഡുകൾ എന്നിവ പുറത്തുവിട്ട് അപമാനിക്കാൻ പാടില്ല. റിക്കവറി ഏജൻസി ആദ്യമായി നേരിട്ട് സന്ദർശിക്കുന്നതിന് കുറഞ്ഞത് ഒരു ദിവസം മുൻപ് വായ്പക്കാരനെ അറിയിക്കണം. കേസിനായി നിയോഗിച്ച ഏജൻസിയുടെ വിവരങ്ങളും ബാങ്ക് നൽകണം.
വായ്പക്കാരൻ നിർദേശിച്ച സ്ഥലത്താണ് സാധാരണയായി റിക്കവറി ഏജന്‍റുമാർ ബന്ധപ്പെടേണ്ടത്. വായ്പക്കാരൻ സ്ഥലം നിർദേശിച്ചിട്ടില്ലെങ്കിൽ, അല്ലെങ്കിൽ തെരഞ്ഞെടുത്ത സ്ഥലത്ത് പലതവണ ഹാജരാകാതെ വന്നാൽ മാത്രമേ വീടോ ജോലിസ്ഥലമോ സന്ദർശിക്കാൻ കഴിയൂ. റിക്കവറി ഏജന്‍റുമാർ തിരിച്ചറിയൽ കാർഡ്, അധികാരപത്രം, ബന്ധപ്പെട്ട നോട്ടീസ് എന്നിവ കൈവശം കരുതണം. ഏജൻസിയുടെയും ബാങ്കിന്‍റെ പരാതിപരിഹാര ഉദ്യോഗസ്ഥന്‍റെയും ബന്ധപ്പെടാനുള്ള വിവരങ്ങളും അധികാരപത്രത്തിൽ ഉണ്ടായിരിക്കണം.
റിക്കവറി നടപടികളിലെ ഫോൺ സംഭാഷണങ്ങൾ ബാങ്കുകൾ റെക്കോർഡ് ചെയ്യുകയും കോളുകളുടെ സമയവും എണ്ണവും ഉൾപ്പെടെയുള്ള വിവരങ്ങൾ സൂക്ഷിക്കുകയും വേണം. ഈ രേഖകൾ സാധാരണയായി കുറഞ്ഞത് ആറ് മാസം സൂക്ഷിക്കണം. റിക്കവറി നടപടികൾ പുറത്തുള്ള ഏജൻസിയെ ഏൽപ്പിച്ചാലും അതിന്‍റെ പ്രവർത്തനം നിരീക്ഷിക്കുകയും ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം ബാങ്കിന് തന്നെയായിരിക്കും. റിക്കവറി ഏജന്‍റുമാർക്ക് ആവശ്യമായ പരിശീലനം നൽകണമെന്നും ആക്രമണാത്മകമായ രീതിയിൽ പണം തിരിച്ചുപിടിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സംവിധാനങ്ങൾ ബാങ്കുകൾ ഒഴിവാക്കണമെന്നും ആർബിഐ നിർദേശിച്ചിട്ടുണ്ട്.
ഇഎംഐ മുടങ്ങിയാൽ ഫോൺ ഉടൻ ലോക്ക് ചെയ്യില്ല
വായ്പയെടുത്ത് വാങ്ങിയ സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങൾ സാങ്കേതികവിദ്യ ഉപയോഗിച്ച് വിദൂരമായി നിയന്ത്രിക്കുന്നതിനും ആർബിഐ ചട്ടക്കൂട് കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഒരു ഇഎംഐ മുടങ്ങിയ ഉടൻ ഉപകരണം ലോക്ക് ചെയ്യാനാകില്ല. വായ്പ 30 ദിവസമെങ്കിലും കുടിശ്ശികയായതിന് ശേഷമേ നിയന്ത്രണം ആരംഭിക്കാൻ കഴിയൂ. 60 ദിവസമായി കുടിശ്ശികയായാൽ മാത്രമേ ഉപകരണം പൂർണമായി നിയന്ത്രിക്കാൻ കഴിയൂ.
എന്നിരുന്നാലും ഇൻകമിങ് കോളുകൾ, എസ്എംഎസ്, അടിയന്തര ആശയവിനിമയം, ജോലി ചെയ്യാൻ ആവശ്യമായ പ്രവർത്തനങ്ങൾ എന്നിവ തുടർന്നും ലഭ്യമാകണം. കോൺടാക്റ്റുകൾ, ചിത്രങ്ങൾ, വീഡിയോകൾ, കോൾ ലോഗുകൾ, എസ്എംഎസ്, ലൊക്കേഷൻ ചരിത്രം തുടങ്ങിയ ബന്ധമില്ലാത്ത വ്യക്തിഗത വിവരങ്ങൾ വായ്പദാതാവിന് ഈ സാങ്കേതികവിദ്യയിലൂടെ ലഭ്യമാക്കാൻ പാടില്ല. ഉപകരണം വിദൂരമായി നിയന്ത്രിക്കാൻ കഴിയുമെന്ന് വായ്പക്കാരനെ മുൻകൂട്ടി അറിയിക്കുകയും വേണം. ഈ വ്യവസ്ഥകൾ വായ്പാ കരാറിൽ ഒളിച്ചുവയ്ക്കാൻ പാടില്ല.
കുടിശ്ശിക അടയ്ക്കുകയോ വായ്പ അക്കൗണ്ട് സാധാരണ നിലയിലാക്കുകയോ ചെയ്താൽ ഉപകരണം സാധാരണയായി ഒരു മണിക്കൂറിനുള്ളിൽ പുനഃസ്ഥാപിക്കണം. വൈകുന്ന ഓരോ മണിക്കൂറിനും 250 രൂപ വീതം നഷ്ടപരിഹാരം ലഭിക്കാൻ വായ്പക്കാരന് അർഹതയുണ്ടാകാം. എന്നാൽ ഇത് കുടിശ്ശികയുള്ള വായ്പാ തുകയുമായി ബന്ധപ്പെട്ട പരിധിക്ക് വിധേയമായിരിക്കും.