മാരുതി കാറുകൾക്ക് 1.29 ലക്ഷം രൂപ വരെ വില കുറച്ചു.
ജിഎസ്ടി നിരക്ക് കുറച്ചതിനെത്തുടർന്ന് മാരുതി സുസുകി തങ്ങളുടെ എല്ലാ കാറുകളുടെയും വില കുറച്ചു. ഈ ആനുകൂല്യം ഉപയോക്താക്കൾക്ക് പൂർണമായി കൈമാറുമെന്നും, എൻട്രി-ലെവൽ കാറുകൾക്ക് കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. വിലക്കുറവ് സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.
ന്യൂഡൽഹി: മാരുതി സുസുകി വാഹനങ്ങളുടെ വില 1,29,600 രൂപ വരെ കുറച്ചു. തീരുമാനം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ. ജിഎസ്ടി നിരക്ക് കുറച്ചതിന്‍റെ ആനുകൂല്യം ഉപയോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി.
ഇരുചക്രവാഹന ഉപയോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ കാറുകൾ ലഭ്യമാക്കുന്നതിനായി ചെറിയ കാറുകളുടെ വിലയിൽ ജിഎസ്ടി ആനുകൂല്യത്തിന് പുറമേ 8.5% അധിക ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളാണ് മാരുതി.
ഇന്ത്യൻ പാസഞ്ചർ വാഹന വ്യവസായത്തിന് കൂടുതൽ ഉത്തേജനം നൽകുന്നതിനായി എൻട്രി-ലെവൽ കാറുകളുടെ വിലയിലും കുറവ് വരുത്തിയെന്ന് കമ്പനി അറിയിച്ചു.
മാരുതി പുറത്തിറക്കിയ പ്രസ്താവന പ്രകാരം, എസ്-പ്രസ്സോയുടെ വില 1,29,600 രൂപ വരെയും, ആൾട്ടോ കെ10-ന്‍റെ വില 1,07,600 രൂപ വരെയും, സെലെറിയോയുടെ വില 94,100 രൂപ വരെയും, വാഗൺ-ആറിന് 79,600 രൂപ വരെയും, ഇഗ്നിസിന് 71,300 രൂപ വരെയും കുറയും.
പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റിന്‍റെ വില 84,600 രൂപ വരെയും, ബലേനോയുടെ വില 86,100 രൂപ വരെയും, ടൂർ എസ്-ന് 67,200 രൂപ വരെയും, ഡിസയറിന് 87,700 രൂപ വരെയും, ഫ്രോങ്സിന് 1,12,600 രൂപ വരെയും, ബ്രെസക്ക് 1,12,700 രൂപ വരെയും, ഗ്രാൻഡ് വിറ്റാരക്ക് 1.07 ലക്ഷം രൂപ വരെയും, ജിംനിക്ക് 51,900 രൂപ വരെയും, എർട്ടിഗക്ക് 46,400 രൂപ വരെയും, എക്സ്എൽ6-ന് 52,000 രൂപ വരെയും കുറവുണ്ടാകും.
അതുപോലെ, ഇൻവിക്ടോയുടെ വില 61,700 രൂപ വരെയും, ഈക്കോക്ക് 68,000 രൂപ വരെയും, സൂപ്പർ കാരി എൽസിവിക്ക് 52,100 രൂപ വരെയും കുറയുമെന്ന് കമ്പനി അറിയിച്ചു.