ട്രംപിനു നന്ദി, കടമ നിർവഹിച്ചു; ഡോജിൽ നിന്നു പടിയിറങ്ങി മസ്ക്

 
Business

ട്രംപിനു നന്ദി, കടമ നിർവഹിച്ചു; ഡോജിൽ നിന്നു പടിയിറങ്ങി മസ്ക്

ബിൽ നിരാശാജനകമാണെന്നും യുഎസ് ഗവണ്മെന്‍റിന്‍റെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനു പകരം കൂട്ടാനുള്ള ബില്ലാണിതെന്നും മസ്ക് വിമർശിച്ചു.

വാഷിങ്ടൺ: യുഎസ് സർക്കാരിന്‍റെ പ്രത്യേക ഏജൻസിയായ ഡോജ് (ഡിപ്പാർട്ട്മെന്‍റ് ഒഫ് ഗവണ്മെന്‍റ് എഫിഷ്യൻസി) തലപ്പത്തുനിന്ന് ശതകോടീശ്വരനും ടെസ് ല സിഇഓയുമായ ഇലോൺ മസ്ക്. ഒരു പ്രത്യേക സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ തന്‍റെ കടമ നിർവഹിച്ചു എന്നും ട്രംപിനു നന്ദിയെന്നും അറിയിച്ചാണ് മസ്ക് ഡോജ് തലപ്പത്തു നിന്ന് മടങ്ങുന്നത്.

പാഴ് ചെലവുകൾ കുറയ്ക്കാൻ തനിക്കു ട്രംപ് നൽകിയ അവസരത്തിനു നന്ദി പറഞ്ഞ മസ്ക് ഭാവിയിൽ ഡോജ് ദൗത്യം ശക്തിപ്പെടുമെന്നും എക്സിൽ കുറിച്ചു. എന്നാൽ ട്രംപിന്‍റെ താരിഫ് നയങ്ങളിൽ പ്രതിഷേധിച്ചാണ് മസ്ക് ഡോജ് വിടുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യുഎസ് ഗവണ്മെന്‍റിന്‍റെ ക്ഷേമച്ചെലവുകൾ കുത്തനെ കൂട്ടാനും ആഭ്യന്തര നികുതികൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ബില്ലാണ് കഴിഞ്ഞയാഴ്ച പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കൊണ്ടു വന്നത്. ബില്ലിനെ മനോഹരം എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്. നിലവിൽ തന്നെ 30 ലക്ഷം കോടി ഡോളറിലേറെ കടബാധ്യതയുണ്ട് യുഎസ് ഗവണ്മെന്‍റിന്.

ഇതിലേയ്ക്ക് അധികമായി 3.3 ലക്ഷം കോടി ഡോളർ കൂടി കൂട്ടിച്ചേർക്കാൻ വഴി വയ്ക്കുന്നതാണ് ട്രംപ് ദ ബിഗ്, ബ്യൂട്ടിഫുൾ ടാക്സ് ആക്റ്റ് എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ബിൽ. എന്നാൽ യുഎസ് ഗവണ്മെന്‍റിന്‍റെ അധികച്ചെലവ് ആവിഷ്കരിച്ച ഡിപ്പാർട്ട്മെന്‍റ് ഒഫ് ഗവണ്മെന്‍റ് എഫിഷ്യൻസിയുടെ പ്രവർത്തന ലക്ഷ്യത്തെ തന്നെ തച്ചുടയ്ക്കുന്നതാണ് ട്രംപിന്‍റെ പുതിയ ബില്ലെന്ന് ഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ ഇലോൺ മസ്ക് തുറന്നടിച്ചു.

ബിൽ നിരാശാജനകമാണെന്നും യുഎസ് ഗവണ്മെന്‍റിന്‍റെ സാമ്പത്തിക ഭാരം അഥവാ ധനക്കമ്മി കുറയ്ക്കുന്നതിനു പകരം കൂട്ടാനുള്ള ബില്ലാണിതെന്നും മസ്ക് വിമർശിച്ചു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു