തിരുവനന്തപുരം: യുഎസ് തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനു പിന്നാലെ കേരളത്തിൽ സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് 1320 രൂപയാണ് വ്യാഴാഴ്ച കുറഞ്ഞത്. ഇതോടെ പവന് 57,600 രൂപയായി വില. ഗ്രാമിന് 165 രൂപ കുറഞ്ഞ് 5,930 രൂപയിലെത്തി. 18 ക്യാരറ്റ് സ്വർണവിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 140 രൂപ കുറഞ്ഞ് 5,930 രൂപയാണ് വില. വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. 3 രൂപ കുറഞ്ഞ് ഗ്രാമിന് 99 രൂപയായി വില.
ട്രംപ് അധികാരത്തിലേറുമെന്ന് ഉറപ്പായോടെ ഡോളറിന്‍റെ മൂല്യം ഉയരുകയും യുഎസ് സർക്കാരിന്‍റെ കടപ്പത്ര ആദായനിരക്ക് ഉയരുകയും ക്രിപ്റ്റോകറൻസികൾ റെക്കോഡ് സൃഷ്ടിച്ചതുമാണ് സ്വർണവില ഇടിയാൻ കാരണമായത്. രാജ്യാന്തര തലത്തിൽ സ്വർണവില ഇടിഞ്ഞിട്ടുണ്ട്. ബിറ്റ് കോയിന്‍റെ വില 76,000 ഡോളർ എന്ന സർവ കാല റെക്കോഡാണ് തകർത്തത്.
കേരളത്തിൽ സ്വർണം വാങ്ങാനായി കുറഞ്ഞത് 5 ശതമാനം പണിക്കൂലി ഉൾപ്പെടുത്തിയാൽ പവന് 62,350 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 7,794 രൂപയാണ് വില.