KAS റിക്രൂട്ട്മെന്‍റ് വൈകുന്നു, ഉദ്യോഗാർഥികൾ ആശങ്കയിൽ.
കെഎഎസ് രണ്ടാം ബാച്ച് നിയമനം മൂന്ന് മാസം കഴിഞ്ഞിട്ടും ആരംഭിക്കാത്തതോടെ 261 പേരടങ്ങുന്ന റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ ആശങ്കയിൽ. 31 ഒഴിവുകളിലേക്ക് നിയമന ശുപാർശ നൽകാൻ പിഎസ്‌സി പല കത്തുകളും നൽകിയിട്ടും സെക്രട്ടേറിയറ്റ് തലത്തിലെ അനാസ്ഥയും ഡെപ്യൂട്ടേഷൻ റിസർവ് പോസ്റ്റുകളുടെ അന്തിമ വിവരം നൽകാത്തതുമാണ് പ്രധാന തടസ്സം. റാങ്ക് ലിസ്റ്റ് 2027 ജനുവരി 30ന് അവസാനിക്കുന്നതിനാൽ സമയം കുറയുന്നു.
ബിനിത ദേവസി
കൊച്ചി: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 3 മാസം കഴിഞ്ഞിട്ടും ചുവപ്പുനാടയിൽ കുരുങ്ങി കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) നിയമനം. 261 പേരടങ്ങുന്ന പട്ടികയിൽ നിന്ന് ഒരു ബാച്ചിനു പോലും ഇതുവരെ നിയമന ശുപാർശ ലഭിച്ചിട്ടില്ല. 2025 മാർച്ച് 7ന് വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്കുള്ള നിയമനമാണ് വൈകുന്നത്.
റിപ്പോർട്ട് ചെയ്യപ്പെട്ട 31 ഒഴിവുകളിലേക്ക് കെഎഎസ് റാങ്ക് പട്ടികയിൽ നിന്നു നിയമന ശുപാർശ നൽകുന്നതിന് നടപടിക്രമം പൂർത്തീകരിച്ച് വിവരമറിയിക്കാൻ പിഎസ്‌സി ഇതിനകം നിരവധി കത്തുകൾ നൽകിയിരുന്നു. എന്നാൽ സെക്രട്ടേറിയറ്റ് തലത്തിലെ അനാസ്ഥ മൂലം അഡ്വൈസ് പ്രക്രിയ ആരംഭിക്കാനായിട്ടില്ല. നിശ്ചയിച്ചതിലും നേരത്തേ, അതായത് 2026 ജനുവരി 30ന് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും മുൻ സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തതിനാൽ നിയമന പ്രക്രിയ വൈകുകയാണ്.
ഡെപ്യൂട്ടേഷന്‍ റിസര്‍വ് പോസ്റ്റുകളുടെ അന്തിമ വിവരം പിഎസ്‌സിയെ അറിയിക്കുക എന്ന സാങ്കേതിക നടപടി പൂർത്തിയാകാത്തതാണ് നിയമനം നീളാൻ കാരണം. റാങ്ക് ലിസ്റ്റിന്‍റെ കാലാവധി 2027 ജനുവരി 30ന് അവസാനിക്കുമെന്നിരിക്കേ ഉദ്യോഗാർഥികൾ ആശങ്കയിലാണ്.
സിവില്‍ സര്‍വീസ് മാതൃകയില്‍ പ്രലിമിനറി (2 പേപ്പര്‍), മെയിന്‍ (3 പേപ്പര്‍), ഇന്‍റർവ്യൂ എന്നിവ നടത്തി കോടിക്കണക്കിനു രൂപ ചെലവാക്കിയാണ് പിഎസ്‌സി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ആദ്യ റാങ്ക് ലിസ്റ്റില്‍ നിന്ന് 35 പേരെ വച്ച് ഓരോ സ്ട്രീമില്‍ നിന്ന് എടുത്തിരുന്നെങ്കിലും സംവരണ പ്രാതിനിധ്യം പൂർണമായിട്ടില്ല. ഈ പ്രശ്നം കൂടി പരിഹരിക്കാനുള്ളതാണ് രണ്ടാം ഘട്ടം നിയമനം. ഇതു പൂർത്തിയാകാത്ത പക്ഷം നാടാര്‍ പോലുള്ള വിഭാഗങ്ങളിലും സാമ്പത്തിക സംവരണവും അട്ടിമറിക്കപ്പെടും.
ചീഫ് സെക്രട്ടറി അധ്യക്ഷനായ വകുപ്പുതല സെക്രട്ടറിമാരുടെ കമ്മിറ്റിക്കാണ് 31 തസ്തികകൾ തീരുമാനിക്കാനുള്ള ചുമതല. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ്, പുതിയ സർക്കാർ രൂപീകരണം, തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം തുടങ്ങി പല കാരണങ്ങളും ഉന്നയിച്ച് നടപടികൾ വൈകിക്കുകയായിരുന്നു എന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. ഇതിനെല്ലാം പുറമെ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനത്തെ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും മറ്റു സർവീസ് സംഘടനകളും ശക്തമായ എതിർക്കുന്നതും ഉദ്യോഗാർഥികളുടെ ആശങ്ക വർധിപ്പിക്കുന്നു.
ആദ്യ ബാച്ചിൽ നിയമിക്കപ്പെട്ടവരുടെ സ്ഥാനക്കയറ്റവും തസ്തിക മാറ്റവും സംബന്ധിച്ചും ഉദ്യോഗസ്ഥർക്കിടയിലും സർക്കാരിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഈ ഡെപ്യൂട്ടേഷനുകളിൽ സർക്കാർ ഉദ്യോഗസ്ഥർ നിയമിക്കപ്പെടുന്നതിനു വേണ്ടിയാണ് രണ്ടാം ബാച്ച് നിയമനം വൈകിക്കുന്നതെന്നും ആരോപണമുണ്ട്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്താണ് സംസ്ഥാനത്തിന്‍റെ സ്വന്തം സിവില്‍ സര്‍വീസ് എന്ന രീതിയിൽ കെഎഎസ് എന്ന ആശയം കൊണ്ടുവന്നത്. 2013ല്‍ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ഇ.കെ. ഭരത് ഭൂഷണിന്‍റെ നേതൃത്വത്തിൽ കെഎഎസിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ടും സമർപ്പിച്ചു. പിന്നീട് വന്ന പിണറായി സര്‍ക്കാരാണ് കെഎഎസ് രൂപീകരിച്ചത്. 2021ലെ ആദ്യ ബാച്ചിൽ 105 കേഡർ തസ്തികളിലേക്ക് നിയമനം നടത്തി.
അതിനുശേഷം ഓള്‍ ഇന്ത്യ സര്‍വീസ് മാതൃകയില്‍ വിവിധ ബോര്‍ഡുകളിലേക്കും സ്ഥാപനങ്ങളിലേക്കും കെഎഎസില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ നല്‍കാനുള്ള സര്‍ക്കാരിന്‍റെ നയപരമായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടാം ബാച്ചിന് നിയമനം നടത്താന്‍ തീരുമാനിച്ചത്. അതനുസരിച്ചു കേഡര്‍ അംഗബലത്തിന്‍റെ 30% റിസര്‍വായി രൂപീകരിച്ചു, 31 ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ടും ചെയ്തു. രണ്ടു വര്‍ഷത്തിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ 46 തസ്തികകളുടെ ചുരുക്കപ്പട്ടികയും സര്‍ക്കാര്‍ തയാറാക്കി. ഇതിന്‍റെ അവസാനഘട്ട പ്രക്രിയയായി 31 തസ്തികകൾ നിശ്ചയിച്ച് നിയമന ഉത്തരവ് ഇറക്കേണ്ട പ്രക്രിയ മാത്രമാണ് ഇനി അവശേഷിക്കുന്നത്.
ഉമ്മൻ ചാണ്ടിക്കു ശേഷം 10 വർഷങ്ങൾക്കിപ്പുറം വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ ഇന്നു പുതിയൊരു യുഡിഎഫ് സർക്കാർ അധികാരത്തിലേറുമ്പോഴെങ്കിലും നിയമനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ.