Concept work space Image by Freepik
Career

ഏറ്റവും കൂടുതല്‍ ആളുകൾ ഇഷ്ടപ്പെടുന്ന തൊഴിലിടം കേരളം, സ്ത്രീകൾക്ക് കൊച്ചി

കേരളത്തിലെ വിദ്യാർഥികള്‍ കംപ്യൂട്ടര്‍ നൈപുണ്യത്തില്‍ ഉയര്‍ന്ന മുന്നേറ്റം കൈവരിച്ചതിനെ റിപ്പോര്‍ട്ട് പ്രത്യേകം പരാമര്‍ശിക്കുന്നു

തിരുവനന്തപുരം: പഠനം പൂര്‍ത്തിയാക്കി തൊഴില്‍ രംഗത്തിറങ്ങുന്ന ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ ലിംഗഭേദമന്യേ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് കേരളത്തിലെന്ന് ഏറ്റവും പുതിയ ഇന്ത്യ സ്കില്‍സ് റിപ്പോര്‍ട്ട്. 18-21 പ്രായക്കാരില്‍ ഏറ്റവും തൊഴില്‍ക്ഷമതയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനവും കേരളത്തിനാണ്.

പ്രായവ്യത്യാസമില്ലാതെ സ്ത്രീകളും പുരുഷന്മാരും ഒരേപോലെ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന നഗരങ്ങളില്‍ കൊച്ചി രാജ്യത്ത് രണ്ടാമതും തിരുവനന്തപുരം നാലാമതുമെത്തി. ഏറ്റവും കൂടുതല്‍ വനിതകള്‍ തൊഴില്‍ ചെയ്യാനിഷ്ടപ്പെടുന്ന നഗരം കൊച്ചിയാണ്. നഗരങ്ങളിലെ 18-21 പ്രായപരിധിയിലുള്ളവരുടെ തൊഴില്‍ക്ഷമതയിലും തിരുവനന്തപുരം മൂന്നാം സ്ഥാനത്തോടെ മികവ് തെളിയിച്ചു. കംപ്യൂട്ടര്‍ നൈപുണിയില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനവും കേരളം മൂന്നാം സ്ഥാനവും സ്വന്തമാക്കി.

രാജ്യത്തെ 51.25 ശതമാനം യുവജനങ്ങളും തൊഴില്‍ക്ഷമത ഉള്ളവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുന്‍വര്‍ഷം ഇത് 50.3 ശതമാനമായിരുന്നു. ഈ പുരോഗതിക്ക് സംഭാവന ചെയ്തതിലും കേരളത്തിന് വലിയ പങ്കുണ്ട്. രാജ്യത്തുടനീളം 3.88 ലക്ഷം യുവജനങ്ങളെ പങ്കെടുപ്പിച്ച് ഗൂഗ്ള്‍, സിഐഐ, എഐസിടിഇ, എഐയു, ടാഗ്ഡ് എന്നിവരുമായി ചേര്‍ന്ന് വീബോക്സ് വിപുലമായി നടത്തിയ നാഷണല്‍ എംപ്ലോയബിലിറ്റി ടെസ്റ്റിലൂടെയാണ് ഇന്ത്യ സ്കില്‍സ് റിപ്പോര്‍ട്ട് തയാറാക്കിയത്.

സാങ്കേതിക മുന്നേറ്റങ്ങളോടുള്ള പ്രതിബദ്ധത അടിവരയിടുന്ന വിധത്തില്‍ കേരളത്തിലെ വിദ്യാർഥികള്‍ കംപ്യൂട്ടര്‍ നൈപുണ്യത്തില്‍ ഉയര്‍ന്ന മുന്നേറ്റം കൈവരിച്ചതിനെ റിപ്പോര്‍ട്ട് പ്രത്യേകം പരാമര്‍ശിക്കുന്നു. പ്രായോഗിക പഠനത്തോട് പ്രതിബദ്ധതയുള്ള, വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്നതിന് പേരുകേട്ട ദക്ഷിണേന്ത്യന്‍ സംസ്ഥാനമായും കേരളത്തെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഐടി, കംപ്യൂട്ടര്‍ സയന്‍സ്, എൻജിനീയറിങ് എന്നീ വിഷയങ്ങളിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നൈപുണ്യമുള്ളത്. ഇംഗ്ലീഷ് ഭാഷാ പ്രവീണ്യം, കംപ്യൂട്ടര്‍ പരിജ്ഞാനം, സംഖ്യാ നൈപുണ്യം, വിമര്‍ശനാത്മക ചിന്ത എന്നീ നൈപുണ്യങ്ങളില്‍ കേരളത്തിലെ 18-29 പ്രായഗണത്തിലുള്ള യുവജനങ്ങള്‍ രാജ്യത്തു തന്നെ ഏറ്റവും മുന്നിലാണ്.

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കേരള സംസ്ഥാനത്ത് യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും തൊഴില്‍ക്ഷമതയും നൈപുണ്യവും വികസിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചതായും സ്കില്‍ ഇന്ത്യ റിപ്പോര്‍ട്ട് 2024 പറയുന്നു.

ഏഷ്യ കപ്പ്: കളിക്കാനിറങ്ങാതെ പാക്കിസ്ഥാൻ, പിണക്കം കൈ കൊടുക്കാത്തതിന്

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ

അഹമ്മദാബാദ് വിമാന അപകടം: അന്വേഷണ മേധാവി വ്യോമയാന സെക്രട്ടറിയെ കാണും

ഇസ്രയേല്‍ ആക്രമണം: 1,000ത്തി​ലേറെ പലസ്തീനികള്‍ പലായനം ചെയ്തു

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകളെ വധിച്ചു