2025 സാമ്പത്തിക വർഷം ഏഴ് പ്രമുഖ ഇന്ത്യൻ ഐടി കമ്പനികൾക്ക് ആകെ ലഭിച്ചത് 4573 എച്ച് 1 ബി വിസകൾ
symbolic
വാഷിങ്ടൺ: അമെരിക്കയിലെ ഇന്ത്യൻ ഐടി കമ്പനികൾക്ക് എച്ച് 1 ബി വിസ ലഭ്യതയിൽ വൻ ഇടിവ്. 2016മായി താരതമ്യപ്പെടുത്തുമ്പോൾ 70 ശതമാനം കുറവാണ് 2025ൽ രേഖപ്പെടുത്തിയിരിക്കുന്നത്. നാഷണൽ ഫൗണ്ടേഷൻ ഫൊർ അമെരിക്കൻ പോളിസി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 2025 സാമ്പത്തിക വർഷം ഏഴ് പ്രമുഖ ഇന്ത്യൻ ഐയി കമ്പനികൾക്ക് ആകെ ലഭിച്ചത് 4573 എച്ച് 1 ബി വിസകൾ മാത്രമാണ്. ഇത് 2015 നെ അപേക്ഷിച്ച് 70 ശതമാനം കുറവാണ്. കഴിഞ്ഞ വർഷത്തേതുമായുള്ള താരതമ്യത്തിൽ 37 ശതമാനം കുറവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യുഎസ് സിറ്റിസൺഷിപ്പ് ആന്‍ഡ് ഇമിഗ്രേഷൻ സർവീസസിന്‍റെ (USCIS)എച്ച് 1ബി എംപ്ലോയർ ഡാറ്റാ ഹബ്ബിൽ ആണ് ഇക്കാര്യങ്ങൾ വ്യക്തമായി കാണുന്നത്.
കൂടുതൽ എച്ച്1 ബി വിസ ലഭിച്ചതിനു പുറമേ, നിലവിലുള്ള എച്ച്1 ബി വിസകൾ നീട്ടി നൽകുന്നതിനോ അല്ലെങ്കിൽ പുതുക്കുന്നതിനോ സമർപ്പിച്ച അപേക്ഷകളിന്മേൽ അംഗീകാരം നേടിയ കമ്പനികളുടെ പട്ടികയിലെ ആദ്യ അഞ്ചിൽ ഇടം പിടിച്ചത് ഇന്ത്യയിൽ നിന്നും ടിസിഎസ് മാത്രമാണ്.
കൂടുതൽ എച്ച് വൺ ബി വിസകൾ ലഭിച്ച ആദ്യ നാലു കമ്പനികൾ ആമസോൺ , മെറ്റ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവയാണ്. കൂടുതൽ എച്ച്1 ബി വിസകൾ ലഭിച്ച ആദ്യ 25 കമ്പനികളുടെ പട്ടികയിൽ ഇന്ത്യ ആസ്ഥാനമായുള്ള മൂന്നു കമ്പനികൾ മാത്രമാണുള്ളത്. ഇൻഫോസിസ്, വിപ്രോ, എൽടിഐമിൻഡ്ട്രി എന്നിവയുടെ റിജക്ഷൻ റേറ്റ് ഒരു ശതമാനത്തിനും രണ്ടു ശതമാനത്തിനും ഇടയിലാണ്. എന്നാൽ 2025 സാമ്പത്തിക വർഷത്തിൽ പുതിയ വിസകളുടെ റിജക്ഷൻ റേറ്റ് വർധിച്ചു.
ഇതിൽ ഏറ്റവും കുറവ് വിസ റിജക്ഷൻ റേറ്റുള്ള കമ്പനി ടിസിഎസ് ആണ്. രണ്ടു ശതമാനമാണ് റിജക്ഷൻ റേറ്റ്. എച്ച്സിഎൽ അമെരിക്കയ്ക്ക് ആറു ശതമാനവും എൽടിഐമിൻഡ്ട്രിക്ക് അഞ്ച് ശതമാനവും കാപ്ജെമിനിക്ക് നാലു ശതമാനവുമാണ് വിസ റിജക്ഷൻ റേറ്റ്.