കരുതിയിരിക്കണം, ഉഷ്ണതരംഗത്തെ

 

symbolic image

Editorial

കരുതിയിരിക്കണം, ഉഷ്ണതരംഗത്തെ

ക്ലിനിക്കുകളിൽ ആവശ്യമായ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പാവേണ്ടതുണ്ട്.

MV Desk

കൊടും ചൂടിൽ കത്തിയെരിയുകയാണു കേരളം. ചിലയിടങ്ങളിൽ ചെറിയ തോതിലെങ്കിലും വേനൽ മഴ ലഭിച്ചെങ്കിലും സംസ്ഥാന വ്യാപകമായി ചൂടിനൊരു കുറവും ഉണ്ടാവുന്നില്ല. പാലക്കാട് താപനില 41 ഡിഗ്രി സെൽഷ്യസ് കടന്നതായി റിപ്പോർട്ടുകളുണ്ട്. ഇതേത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ താത്കാലികമായി നിർത്തി വയ്ക്കാൻ ജില്ലാ കലക്റ്റർ ഉത്തരവിടുകയുണ്ടായി. പാലക്കാട് ജില്ലയിൽ നിർജലീകരണം മൂലം രണ്ടു പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും മറ്റു ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കാമെന്നാണു പറയുന്നത്. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നു ദുരന്ത നിവാരണ അഥോറിറ്റി നിർദേശിച്ചിട്ടുണ്ട്.

ഉഷ്ണതരംഗം ഉയർത്തുന്ന ഭീഷണി ജനങ്ങൾ സ്വയം പ്രതിരോധത്തിലൂടെ നേരിടേണ്ട ദിവസങ്ങളാണിത്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുണ്ട്. എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇവിടങ്ങളിലൊക്കെ ജനജീവിതം ദുസഹമായിരിക്കുകയാണ്. പകലും രാത്രിയും പുലർച്ചെയും എല്ലാം വളരെ ഉയർന്ന ചൂടാണ് അനുഭവപ്പെടുന്നത്. വേനൽ മഴ കാര്യമായി പെയ്യാത്തതിനാൽ ചുട്ടുപൊള്ളുന്നതിനു താത്കാലിക ശമനം പോലും കിട്ടാത്ത സ്ഥലങ്ങളുമുണ്ട്. കണ്ണൂർ ജില്ലയിൽ സൂര്യാഘാതമേറ്റു യുവാവു മരിച്ചതു കഴിഞ്ഞ ദിവസമാണ്. പള്ളിപ്പൊയിൽ സ്വദേശി മുപ്പത്തേഴുകാരനായ സനൽകുമാറിന് കിണർ പണിക്കിടെ ശാരീരിക അവശത അനുഭവപ്പെടുകയും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയുമായിരുന്നു. കോഴിക്കോട് ജില്ലയിൽ ആംഗൻവാടി അധ്യാപികയ്ക്കു സൂര്യാഘാതമേറ്റിട്ടുണ്ട്. ജില്ലയിൽ തന്നെ ഒരു ആംഗൻവാടി ഹെൽപ്പർക്കും സൂര്യാഘാതമേറ്റിരുന്നു. മലപ്പുറം വണ്ടൂരിൽ മുറ്റത്തു കളിക്കുകയായിരുന്ന നാലു വയസുള്ള കുട്ടിക്കും സൂര്യാതപമേറ്റു.

ഇപ്പോഴത്തെ ചൂടിനെ നിസാരമായി കാണരുതെന്നാണ് ഇതൊക്കെ കാണിക്കുന്നത്. അൾട്രാ വയലറ്റ് രശ്മികളുടെ തോത് ഉയരുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഓർമ വേണം. ഈ ദിവസങ്ങളിലെ ചൂടുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനങ്ങൾ നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കാനേ പാടില്ല. ചൂടു കൊണ്ടുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ എല്ലാ പ്രധാന ആശുപത്രികളിലും ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിക്കുകയുണ്ടായി. ഇവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ആരോഗ്യ വകുപ്പിലെ സംവിധാനങ്ങൾ ഉറപ്പുവരുത്തട്ടെ. ക്ലിനിക്കുകളിൽ ആവശ്യമായ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പാവേണ്ടതുണ്ട്.

പുറംജോലികളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്ന ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദേശം ഗൗരവത്തിൽ എടുക്കേണ്ടതാണ്. രാവിലെ 11 മുതൽ ഉച്ചയ്ക്കു മൂന്നു വരെയുള്ള സമയത്തു ശരീരത്തിൽ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നതു കഴിയുന്നത്ര ഒഴിവാക്കണമെന്നാണു വിദഗ്ധർ നിർദേശിക്കുന്നത്. അതുപ്രകാരം ഈ ദിവസങ്ങളിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തേണ്ടതുണ്ട്. ജോലിസമയം ക്രമീകരിക്കുന്നതിൽ കാണിക്കുന്ന ഉദാസീനത ദോഷകരമായി മാറാം. ദാഹിക്കുന്നില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ നിർദേശങ്ങളും അവഗണിക്കരുത്. കുടിക്കുന്നതു ശുദ്ധജലമാവുക എന്നതും പ്രധാനമാണ്. ആവശ്യത്തിനു ശുദ്ധജലം ലഭിക്കാതിരിക്കുകയും ആളുകൾ മലിന ജലത്തെ ആശ്രയിക്കുകയും ചെയ്യുമ്പോൾ പലവിധ അസുഖങ്ങൾ പടർന്നുപിടിക്കാനും ഇടയാവും. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടവർ ഇക്കാര്യം പ്രത്യേകം ഓർക്കേണ്ടതുണ്ട്. ഓരോ തുള്ളി കുടിവെള്ളവും വിലപ്പെട്ടതാണെന്നതിനാൽ അതു പാഴാക്കാതിരിക്കാൻ ജനങ്ങളും ശ്രദ്ധിക്കണം. കത്തുന്ന വെയിലിൽ നിന്നു കുട്ടികളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. പലവിധ രോഗങ്ങളുള്ളവർ, പ്രായമായവർ, ആരോഗ്യ പ്രശ്നങ്ങളുള്ളവർ തുടങ്ങിയവരും കൂടുതൽ ജാഗ്രത കാണിക്കണം. പൊതുപരിപാടികൾ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്നു സംഘാടകർ ഉറപ്പുവരുത്തണം.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളാണു വേണ്ടത്. വനമേഖലയോടു ചേർന്നു താമസിക്കുന്നവരും വിനോദ സഞ്ചാരികളും കാട്ടുതീ വ്യാപിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ജാഗ്രത പാലിക്കേണ്ടതുണ്ട്. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കുന്നതു പ്രധാനമാണ്. വനം വകുപ്പിന്‍റെ നിർദേശങ്ങൾ ഈ മേഖലയിലുള്ളവർ കർശനമായി പാലിക്കേണ്ടതുണ്ട്. പൊതുസ്ഥലങ്ങളിൽ ‍തീ പടരുന്നത് ഒഴിവാക്കാൻ പതിവിലും കൂടുതൽ ജാഗ്രത ‍ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരും പുലർത്തേണ്ടിയിരിക്കുന്നു. ഉയർന്ന താപനിലയുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു സ്വയം ബോധ്യമുണ്ടാവുകയും അതിനനുസരിച്ച് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

മുംബൈക്ക് റെക്കോഡ് തോൽവി സമ്മാനിച്ച് സഞ്ജുവും ചെന്നൈ സ്പിന്നർമാരും

പാമ്പുകടി: വേണം ജാഗ്രത, പ്രതിരോധം, ചികിത്സ

പുതു ചരിത്രം; തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും റെക്കോഡ് പോളിങ്

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം; തിരുവനന്തപുരത്ത് 2 പേർക്ക് പാമ്പുകടിയേറ്റു

'വാട്ട്സാപ്പ് യൂണിവേഴ്സിറ്റി'യില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ല; ശബരിമല കേസിലെ വാദത്തിനിടെ സുപ്രീം കോടതി