കെ. മുരളീധരൻ
കഴിഞ്ഞ 10 വർഷത്തിനിടെ ആരോഗ്യ വകുപ്പിൽ നടന്ന ഇടപാടുകൾ സംബന്ധിച്ചു വിശദമായ അന്വേഷണത്തിന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർദേശിച്ചിട്ടുള്ളതു സ്വാഗതാർഹമാണ്. ഓരോ പർച്ചേസുകളും വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷിക്കാനാണു തീരുമാനം.
മുൻ സർക്കാരിന്‍റെ കാലത്ത് സർക്കാർ മെഡിക്കൽ കോളെജിൽ ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യതക്കുറവുകൊണ്ട് നിരവധി ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടിവന്ന ഒരു ഡോക്റ്ററുടെ നിസഹായാവസ്ഥ തുറന്നുപറഞ്ഞത് തിരുവനന്തപുരം മെഡിക്കൽ കോളെജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലായിരുന്നു. അദ്ദേഹത്തിന്‍റെ ആ വെളിപ്പെടുത്തൽ സംസ്ഥാനത്തു വലിയ കോളിളക്കമുണ്ടാക്കിയതാണ്. ബന്ധപ്പെട്ടവരുടെ അവഗണനയും സംവിധാനങ്ങളുടെ തകരാറുകളും പാവപ്പെട്ട രോഗികളുടെ ചികിത്സയെ ബാധിക്കുന്നു എന്നതു കണ്ണടച്ചു തള്ളാവുന്ന നിസാര കുറ്റമല്ല. അതുകൊണ്ടു തന്നെയാണ് ഇന്ന് അധികാരത്തിലുള്ള അന്നത്തെ പ്രതിപക്ഷ കക്ഷികൾ അടക്കം ഡോക്റ്റർക്കൊപ്പം നിന്നതും ആരോഗ്യ മേഖലയിലെ സിസ്റ്റം തകരാറിൽ കടുത്ത വിമർശനം ഉന്നയിച്ചതും. ഒരു വശത്ത് ഇത്തരത്തിൽ ഉപകരണങ്ങളുടെ ക്ഷാമം അതീവ ഗൗരവമുള്ള വിഷയമായി നിലനിൽക്കുമ്പോൾ തന്നെയാണ് മറുവശത്ത് കോടിക്കണക്കിനു രൂപ വിലയുള്ള ഉപകരണങ്ങൾ കെട്ടിക്കിടന്നു നശിക്കുന്നതും എന്നതാണ് ഇപ്പോൾ വെളിച്ചത്തു വരുന്നത്.
അടുത്തിടെ ആരോഗ്യ മന്ത്രി കെ. മുരളീധരൻ വയനാട് മെഡിക്കൽ കോളെജിൽ നടത്തിയ സന്ദർശനത്തിൽ കോടികളുടെ ഉപകരണങ്ങൾ കെട്ടിക്കിടന്നു നശിക്കുന്നതായി കണ്ടെത്തുകയുണ്ടായി. തുരുമ്പെടുത്തും മറ്റും അവ നശിക്കുന്നതിൽ ആർക്കും ഒരു ഖേദവുമില്ല എന്നതാണു മനസിലാവുന്നത്. ലക്ഷക്കണക്കിനു രൂപ വില വരുന്ന മൊബൈൽ മോർച്ചറി യൂണിറ്റുകൾ അടക്കം ഇങ്ങനെ കൂട്ടിയിട്ടിട്ടുണ്ട്. വിലപിടിപ്പുള്ള പല ഉപകരണങ്ങളും പെട്ടിപോലും പൊട്ടിക്കാതെ കിടക്കുകയായിരുന്നു. എസികൾ, സ്ട്രെച്ചറുകൾ, വീൽ ചെയറുകൾ, ട്രോളികൾ, ബെഡ്ഡുകൾ എന്നിവയെല്ലാം ഉപയോഗിക്കാതെ കിടന്നു നശിച്ചവയിൽ ഉൾപ്പെടുന്നുണ്ട്. നിലവിൽ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലാണ് വയനാട് ഗവൺമെന്‍റ് മെഡിക്കൽ കോളെജ് പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളെജിനു സ്ഥിരം സംവിധാനങ്ങളുണ്ടാക്കാനുള്ള പരിശ്രമങ്ങൾ എവിടെയും എത്തിയിട്ടില്ല. നിരവധിയായ പരാധീനതകൾ ഇവിടെയുണ്ട്. അതിനിടെയാണ് ഉള്ളതു കൂടി ഉപയോഗിക്കാതെ നശിപ്പിക്കുന്നത്.
കോടികളുടെ ഉപകരണങ്ങൾ വാങ്ങുമ്പോൾ ലഭിക്കാൻ സാധ്യതയുള്ള കമ്മിഷൻ ലക്ഷ്യമിട്ടാണോ ഇവയൊക്കെ വാങ്ങിക്കൂട്ടിയിരിക്കുന്നത് എന്നതു കൂടി പരിശോധിക്കേണ്ടതുണ്ട്. ആരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത് എന്നു കണ്ടെത്തണം. ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്ന ഉപകരണങ്ങളിൽ ഏതെങ്കിലുമൊക്കെ ഇനി ഉപയോഗിക്കാനാവുമോ എന്നതും പരിശോധിക്കേണ്ടതാണ്. വയനാട്ടിൽ മാത്രമല്ല സംസ്ഥാനത്തു പലയിടത്തും സർക്കാർ ആശുപത്രികളിൽ ഇത്തരത്തിലുള്ള സാഹചര്യമുണ്ടെന്നാണു പരാതി ഉയരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനു മുന്നിൽ ഓട്ടോക്ലേവ് മെഷീൻ മഴയും വെയിലുമേറ്റ് നശിക്കുന്നുവെന്നു റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. തിരുവനന്തപുരത്തു തന്നെ ജനറൽ ആശുപത്രിയിൽ കൊവിഡ് കാലത്തു ലഭിച്ച ഓക്സിജൻ കോൺസെൻട്രേറ്റർ മെഷീനുകളും ഇതുവരെ പ്രവർത്തനസജ്ജമാക്കിയിട്ടില്ല. ഇത്തരത്തിൽ ഉപയോഗിക്കാവുന്ന പലവിധ സൗകര്യങ്ങളും സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ നശിപ്പിച്ചുകളയുന്നു എന്നുവേണം കരുതാൻ.
എന്തായാലും കഴിഞ്ഞ 10 വർഷത്തിനിടെ ആരോഗ്യ വകുപ്പിൽ നടന്ന ഇടപാടുകൾ സംബന്ധിച്ചു വിശദമായ അന്വേഷണത്തിന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർദേശിച്ചിട്ടുള്ളതു സ്വാഗതാർഹമാണ്. ഓരോ പർച്ചേസുകളും വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷിക്കാനാണു തീരുമാനം. വില കൂടിയ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ടു നിരവധി പരാതികൾ സർക്കാരിന്‍റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നാണു പറയുന്നത്. വാങ്ങിയ ഉപകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടോ എന്നു കണ്ടെത്തുന്നതും ഇല്ലെങ്കിൽ അതിനു കാരണമെന്ത് എന്നു പരിശോധിക്കുന്നതും അത്യാവശ്യമാണ്. ഒരാവശ്യവുമില്ലാതെ വാങ്ങിയതാണെങ്കിൽ അതിനു പിന്നിലുള്ള താത്പര്യമെന്തായിരുന്നുവെന്നും കണ്ടെത്തേണ്ടതാണ്. കൊവിഡ് കാലത്ത് കേന്ദ്ര സർക്കാർ നൽകിയ വിലയേറിയ ഉപകരണങ്ങൾ പലതും ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. പേരിനു സ്ഥാപിച്ച ശേഷം കൃത്യമായി പരിപാലിക്കാത്തതിനാൽ ഉപകരണങ്ങൾ പ്രവർത്തനരഹിതമായ സംഭവങ്ങളുമുണ്ടത്രേ.
അടുത്തിടെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎംഎസ്‌സിഎൽ) ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ കോടികളുടെ അനാവശ്യച്ചെലവുണ്ടാക്കിയെന്ന ആരോപണവും അന്വേഷിക്കാൻ മുരളീധരൻ നിർദേശിച്ചിട്ടുണ്ട്. കൊവിഡ് കാലത്തു നടന്ന വാങ്ങലുകളുമായി ബന്ധപ്പെട്ട് മെഡിക്കൽ സർവീസസ് കോർപ്പറേഷനെതിരേ മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുള്ളതാണ്.
കോടികളുടെ ക്രമക്കേടുകളെക്കുറിച്ച് സിഎജി റിപ്പോർട്ടിൽ തന്നെ പരാമർശമുണ്ടായിരുന്നു. മുൻകാല തട്ടിപ്പുകൾ കണ്ടെത്തുന്നതു മാത്രമല്ല ഇനിയുള്ള പ്രവർത്തനങ്ങൾ നേരായ വഴിയിലാണെന്ന് ഉറപ്പാക്കാനും മന്ത്രിക്കു കഴിയട്ടെ. ആരോഗ്യ വകുപ്പിലെ പർച്ചേസുകളെല്ലാം ശരിയായ വിധത്തിലുള്ളതായാൽ അതിന്‍റെ നേട്ടം ഈ നാട്ടിലെ സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികൾക്കാണ്.