ഹോർമുസ് കടലിടുക്ക്

 

file photo

Editorial

ഇന്ധന പ്രതിസന്ധി: കരുതൽ വേണം

പശ്ചിമേഷ്യയിലെ യുദ്ധം ഇന്ധന വിപണിയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്

MV Desk

പശ്ചിമേഷ്യയിലെ യുദ്ധം ഇന്ധന വിപണിയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ രൂപപ്പെട്ടിരിക്കുന്ന ഇന്ധന നീക്കത്തിലെ പ്രതിസന്ധി പല രാജ്യങ്ങളെയും ദോഷകരമായി ബാധിക്കുന്ന അവസ്ഥയിലാണ്. ഗതാഗത ഇടനാഴിയിലുണ്ടായിട്ടുള്ള തടസങ്ങൾക്കൊപ്പം ഉത്പാദനത്തിലെ കുറവു കൂടിയാവുമ്പോൾ പ്രശ്നം കൂടുതൽ രൂക്ഷമാവുന്നു. ഗൾഫ് മേഖലയിലെ പ്രധാന ഉത്പാദകർ ഉത്പാദനം കുറച്ചിരിക്കുകയാണ്.

വിതരണം തടസപ്പെടുന്നതുകൊണ്ട് സംഭരണ കേന്ദ്രങ്ങൾ നിറഞ്ഞിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. എന്തായാലും യുദ്ധം നീണ്ടുപോയാൽ ഇന്ധനക്ഷാമം രൂക്ഷമാകുകയും വില ഇനിയും ഉയരുകയും ചെയ്യുമെന്നുറപ്പാണ്. കഴിഞ്ഞ ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ വരെ ഉയർന്നതാണ്. യുദ്ധം ഇനി അധികം നീളില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സൂചന നൽകിയതോടെ വിലയിൽ ഇടിവുണ്ടായിട്ടുണ്ട്. ബാരലിന് 90 ഡോളറിനടുത്തേക്കു വില താഴ്ന്നു.

പക്ഷേ, യുദ്ധത്തിനു മുൻപുള്ള വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതും ഉയർന്ന വില തന്നെയാണ്. ഈ വർഷം ആദ്യം ഇന്ത്യയുടെ ശരാശരി ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവ് ബാരലിന് 60 ഡോളറിൽ താഴെയെത്തിയിരുന്നു. അവിടെ നിന്നാണ് ഇപ്പോഴത്തെ ഈ കയറ്റം. പശ്ചിമേഷ്യൻ സംഘർഷം നീണ്ടുനിൽക്കുകയാണെങ്കിൽ വില ഇനിയും വർധിക്കും.

യുദ്ധം എന്നു തീരണമെന്നു തീരുമാനിക്കുന്നതു തങ്ങളാണെന്നാണ് ഇറാൻ പ്രതികരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ ഇറാന്‍റെ ആക്രമണങ്ങൾ തുടരുന്നുമുണ്ട്. ഈ സാഹചര്യത്തിൽ യുദ്ധം ഇനിയും നീണ്ടുകൂടെന്നില്ല. അതിനാൽ തന്നെ പെട്രോളിയം ഉത്പന്നങ്ങളുടെ ഉപയോഗത്തിൽ ഇന്ത്യയിലും ജാഗ്രത ആവശ്യമായിരിക്കുകയാണ്. പാചക വാതക ക്ഷാമം ഇപ്പോൾ തന്നെ അനുഭവപ്പെടുന്നുണ്ട്. പാചക വാതക വില വർധിപ്പിച്ചിട്ടുണ്ട്.

ഗാർഹിക സിലിണ്ടറിന് 60 രൂപയാണു കൂട്ടിയിരിക്കുന്നത്. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന് 115 രൂപയുടെ വർധന വരുത്തി. പാചക വാതക വിതര‍ണത്തിലും പൊതുമേഖലാ എണ്ണക്കമ്പനികൾ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഗാർഹിക എൽപിജി ബുക്കിങ്ങിനുള്ള ഇടവേള 21 ദിവസമെന്നത് 25 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്. വാണിജ്യ പാചക വാതകത്തിന്‍റെ ക്ഷാമം ഹോട്ടൽ മേഖലയ്ക്കു വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നു ഹോട്ടലുടമകൾ ഭയപ്പെടുന്നുണ്ട്.

രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്നും വിതരണത്തിലെ തടസങ്ങളെക്കുറിച്ച് ആശങ്ക വേണ്ടെന്നും പെട്രോളിയം- പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. പെട്രോൾ, ഡീസൽ വിലയിൽ തത്കാലം വർധനയുണ്ടാവില്ലെന്നും കേന്ദ്ര സർക്കാർ പറയുന്നുണ്ട്. പശ്ചിമേഷ്യൻ പ്രശ്നങ്ങൾ രാജ്യത്തെ ഇന്ധന വിതരണ ശൃംഖലയെ ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചുവരുന്നുവെന്നാണു സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്.

അടുത്ത എട്ടാഴ്ചത്തേക്കുള്ള അസംസ്കൃത എണ്ണയും ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങളും രാജ്യത്തുണ്ടെന്നാണു സർക്കാർ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 50 ശതമാനത്തോളം ഹോർമുസ് കടലിടുക്കിലൂടെയാണ്. അവിടെയാണ് ഇറാൻ തടസങ്ങളുണ്ടാക്കിയിട്ടുള്ളത്. പാചകവാതക ഇറക്കുമതിയിൽ 85-90 ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. ഇതും ഹോർമുസ് കടലിടുക്കു വഴിയാണ്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സൂക്ഷ്മ നിരീക്ഷണം കേന്ദ്ര സർക്കാരിന് ആവശ്യമായി വരും. പാചക വാതക ലഭ്യത ഉറപ്പാക്കാൻ ഇവയുടെ ഉത്പാദനം വർധിപ്പിക്കണമെന്നു രാജ്യത്തെ റിഫൈനറികൾക്കു സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്.

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വർധിപ്പിച്ച് പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണത്തിൽ ആശങ്കയൊഴിവാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്. ഈ മാസം റഷ്യയില്‍ നിന്ന് 33 ദശലക്ഷം ബാരല്‍ എണ്ണ ഇന്ത്യയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിനകം 10 ദശലക്ഷം എണ്ണ റഷ്യയില്‍ നിന്നു വാങ്ങിക്കഴിഞ്ഞു.

ഈ മാസം ശേഷിക്കുന്ന കാലയളവില്‍ 23 ദശലക്ഷം ബാരൽ എണ്ണ കൂടി എത്തും. യുദ്ധ സാഹചര്യത്തിൽ റഷ്യന്‍ എണ്ണ വാങ്ങാൻ ഇന്ത്യയെ അനുവദിക്കുമെന്ന് അമെരിക്കൻ ഭര‍ണകൂടം പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അമെരിക്കയുടെ നിർദേശമല്ല, രാജ്യത്തിന്‍റെ താത്പര്യമാണ് ഇന്ത്യയ്ക്കു നോക്കാനുള്ളത്.

ഇന്ത്യൻ വിപണിയിൽ ഇന്ധന വില വർധന തടയുക എന്നതാണു മുഖ്യം. അതിന് ഏറ്റവും ഉചിതമായ നടപടി എന്താണോ അതു സ്വീകരിക്കണം. പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധന രാജ്യത്തെ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും. രാജ്യവ്യാപകമായി സർവ വസ്തുക്കൾക്കും വിലക്കയറ്റമുണ്ടാവുന്നതു തടയേണ്ടതുണ്ട്. ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ ഏതൊക്കെ രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ കഴിയുമോ അതിനുള്ള സാധ്യതകളെല്ലാം പരിശോധിക്കാവുന്നതാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ ഉപയോഗത്തിൽ ഉപയോക്താക്കൾക്കും ഒരു കരുതൽ ഉണ്ടാവേണ്ടതുണ്ട്.

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭയായി അംഗീകരിക്കും

പത്മകുമാറിനെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി; നിര്‍ണായക നീക്കവുമായി സിപിഎം

കെ.ജി. സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ

പാലക്കാട്ട് കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്