വലിയങ്ങാടിയില്‍ തകര്‍ന്നു വീണ 60 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ്
file photo
സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അധികൃതർ കാണിക്കുന്ന അലംഭാവം വലിയ ദുരന്തങ്ങൾക്കു വഴിവയ്ക്കും. അത് ആവർത്തിച്ചു തെളിയിക്കുകയാണു കോഴിക്കോട് നഗരം. കഴിഞ്ഞ ദിവസം വലിയങ്ങാടിയിൽ കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ കോൺക്രീറ്റ് ബീമും സൺഷെയ്ഡും തകർന്നുവീണ് നാലു പേരാണു മരിച്ചത്.
ഇതേത്തുടർന്ന് കോഴിക്കോട് കോർപ്പറേഷന്‍റെ അനാസ്ഥയെച്ചൊല്ലി വലിയ തോതിലുള്ള പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. അപകട ഭീഷണിയിലെന്നു നേരത്തേ കണ്ടെത്തിയ കെട്ടിടം തുടർന്നും ഉപയോഗിക്കാൻ അനുവദിച്ചതാണ് ഇപ്പോഴത്തെ അപകടത്തിനു കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അര നൂറ്റാണ്ടിലേറെ പഴക്കമുള്ള മൂന്നുനില കെട്ടിടത്തിലാണ് അപകടമുണ്ടാവുന്നത്. മുൻപ് പാസ്പോർട്ട് ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടം. ഇതിന്‍റെ പല ഭാഗത്തും കോൺക്രീറ്റ് അടർന്നു തുടങ്ങിയതാണ്.
കാലപ്പഴക്കം കൊണ്ട് ഏതു നിമിഷവും അപകടമുണ്ടാകാവുന്ന അവസ്ഥയിലായതിനാൽ കെട്ടിടം പൊളിച്ചുപണിയാൻ മൂന്നുവർഷം മുൻപ് കോർപ്പറേഷൻ തീരുമാനിക്കുകയും ചെയ്തതാണത്രേ. പക്ഷേ, ഒന്നും നടന്നില്ല. അതിനു ശേഷവും അവിടെ ഷോപ്പുകളും ഗോഡൗണുകളുമൊക്കെ പ്രവർത്തിച്ചു.
കെട്ടിടത്തിലെ മുറികൾ ലേലം ചെയ്യുന്നതിന് റവന്യൂ വിഭാഗം റിപ്പോർട്ട് തേടിയപ്പോൾ അപകടാവസ്ഥയിലാണെന്നും ലേലയോഗ്യമല്ലെന്നും എൻജിനീയറിങ് വിഭാഗം അറിയിച്ചു. അതിനുശേഷം മുറികൾ പുതുതായി ലേലം ചെയ്തില്ല. എന്നാൽ, ലൈസൻസുകൾ പുതുക്കി നൽകിയത്രേ. വ്യാപാര സ്ഥാപനങ്ങൾ ഒഴിയാൻ നോട്ടീസ് കിട്ടിയിട്ടില്ലെന്നു കച്ചവടക്കാർ പറയുന്നുണ്ട്.
കെട്ടിടത്തിലുള്ള 23 കടമുറികളിൽ കുറച്ചെണ്ണമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. വലിയങ്ങാടിയിലെ തൊഴിലാളികൾ ഈ കെട്ടിടത്തിനു പുറത്താണു വിശ്രമിക്കാറുള്ളത്. ഇങ്ങനെ വിശ്രമിച്ചിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് സൺഷെയ്ഡ് തകർന്നു വീഴുകയായിരുന്നു. കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ കുടുങ്ങിയവരെ മറ്റു തൊഴിലാളികളും അഗ്നിശമന സേനയും ചേർന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്.
പക്ഷേ, നാലു പേരുടെ ജീവൻ രക്ഷിക്കാനായില്ല. ഒരാൾക്കു പരുക്കേറ്റിട്ടുമുണ്ട്. ചുമട്ടുതൊഴിലാളികളും ഡ്രൈവർമാരുമൊക്കെയായി നിരവധിയാളുകൾ സാധാരണ ദിവസങ്ങളിൽ ഇവിടെയുണ്ടാവാറുണ്ട്. കടകളിലേക്കുള്ള ഗേറ്റ്പാസ് ക്രമീകരിക്കുന്നത് ഇവിടെയിരുന്നായിരുന്നു. അപകടമുണ്ടായ ദിവസം ആളുകൾ കുറവായിരുന്നു. അതല്ലായിരുന്നെങ്കിൽ ദുരന്തത്തിന്‍റെ വ്യാപ്തി ഇതിലും കൂടിയേനേ.
പൊളിക്കാൻ തീരുമാനിച്ച കെട്ടിടം പ്രവർത്തിക്കാൻ അനുവദിച്ചു എന്നതാണ് കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കുന്നത്. അപകടം സംഭവിച്ചതിനു പിന്നാലെ കെട്ടിടം ഒഴിയാൻ നോട്ടീസ് പതിച്ചിട്ടുണ്ട് കോർപ്പറേഷൻ അധികൃതർ. കെട്ടിടത്തിൽ സ്ഥാപനങ്ങൾ തുടരുന്നത് ലൈസൻസികളുടെയും പൊതുജനങ്ങളുടെയും ജീവനു ഭീഷണിയാണെന്നു നോട്ടീസിൽ പറയുന്നുണ്ട്.
ബന്ധപ്പെട്ടവർക്കു വിഷയത്തിന്‍റെ ഗൗരവം മനസിലാവാൻ ഒരു വലിയ ദുരന്തം ഉണ്ടാവേണ്ടിവന്നു എന്നതാണ് ദുഃഖകരമായിട്ടുള്ളത്. ഇതുപോലെ കാലപ്പഴക്കം ചെന്ന നിരവധി കെട്ടിടങ്ങൾ കോഴിക്കോട് നഗരത്തിലുണ്ട്. കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള 16 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് 2022ൽ തന്നെ എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നതാണ്. എന്നാൽ, കോർപ്പറേഷൻ അധികൃതർ ഇതുമായി ബന്ധപ്പെട്ടു നടപടികളെടുക്കുന്നതിൽ വീഴ്ച വരുത്തുകയാണ്.
കച്ചവടക്കാരെ ഒരുമിച്ച് ഒഴിപ്പിക്കുന്നതിലുള്ള പ്രായോഗിക തടസങ്ങൾ പറഞ്ഞ് "അൺ ഫിറ്റ്' കെട്ടിടങ്ങൾ അതുപോലെ നിലനിർത്തുന്നത് ഇനിയും ദുരന്തങ്ങൾക്കു സാധ്യത സൃഷ്ടിക്കുകയാണ്. കെട്ടിടങ്ങളുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്ന് ഇനിയെങ്കിലും കോർപ്പറേഷനു ബോധ്യപ്പെടണം. വ്യാപാരികളിൽ നിന്നു പണം വാങ്ങിയാണ് ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങൾ പ്രവർത്തിപ്പിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം അപകടം സംബന്ധിച്ച സമഗ്ര അന്വേഷണത്തിന്‍റെ ഭാഗമാക്കണം.
കോഴിക്കോടുണ്ടായ ദുരന്തം മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഒരു മുന്നറിയിപ്പാണ്. കാലപ്പഴക്കം കൊണ്ട് "അൺ ഫിറ്റായ' കെട്ടിടങ്ങൾ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം അപകടം പതിയിരിക്കുന്നുണ്ട്. സംസ്ഥാനത്ത് ഒട്ടേറെ സർക്കാർ കെട്ടിടങ്ങൾ ഏതു നിമിഷവും തകർന്നുവീഴാവുന്ന സ്ഥിതിയിലാണ്.
തദ്ദേശ സ്ഥാപനങ്ങൾ ഇതു സംബന്ധിച്ചു വിശദമായ പരിശോധനകൾ നടത്തണം. കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലെ പഴഞ്ചൻ കെട്ടിടത്തിന്‍റെ ശുചിമുറി ഇടിഞ്ഞുവീണ് ഒരാൾ മരിച്ചതു കഴിഞ്ഞ വർഷമായിരുന്നു. 68 വർഷത്തെ പഴക്കമുണ്ടായിരുന്ന കെട്ടിടത്തിനു ബലക്ഷയമുണ്ടെന്നു നേരത്തേ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടതായിരുന്നു.
ഏതാണ്ട് പണി പൂർത്തിയായ പുതിയ കെട്ടിടത്തിലേക്കു രോഗികളെ മാറ്റാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് ഈ ദുരന്തമുണ്ടാവുന്നത്. കെട്ടിടത്തിന്‍റെ ബലക്ഷയം ചൂണ്ടിക്കാണിച്ച് എക്സിക്യൂട്ടിവ് എന്‍ജിനീയർ 2013ൽ തന്നെ റിപ്പോർട്ട് നൽകിയതാണ്. അതു കഴിഞ്ഞ് ഒരു ദശകക്കാലത്തിലേറെ അതേ കെട്ടിടം ഉപയോഗിച്ചു എന്നതാണ് ദുരന്തത്തിലേക്കു കാര്യങ്ങൾ എത്തിച്ചത്.
ദുരന്തങ്ങളുണ്ടായ ശേഷം നടപടികൾ എടുക്കുന്നതിനു പകരം ദുരന്തങ്ങൾ ഒഴിവാക്കാനാണു ശ്രമിക്കേണ്ടത്. കോഴിക്കോട് നഗരത്തിൽ തന്നെ ആവർത്തിച്ച് അഗ്നിബാധകൾ ഉണ്ടാവുന്നുണ്ട്. അതിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളുണ്ടാവുന്നുണ്ട്. നഗരത്തിലെ സുരക്ഷാ സംവിധാനങ്ങളിൽ വലിയ മാറ്റങ്ങൾ അനിവാര്യമാണെന്നാണ് ഇതു കാണിക്കുന്നത്.