ആരവല്ലി മലനിരകൾ

 

file photo

Editorial

ആരവല്ലി മലനിരകൾ സംരക്ഷിക്കപ്പെടണം

നൂറു മീറ്ററിൽ താഴെ ഉയരമുള്ള കുന്നുകളൊന്നും ആരവല്ലിയിൽ പെടില്ല എന്നു വന്നാൽ ഇപ്പോഴത്തെ ആരവല്ലിയുടെ ഭൂരിഭാഗം ഭാഗങ്ങളും അതിൽ നിന്നു പുറത്താകും.

Reena Varghese

ലോകത്തെ ഏറ്റവും പഴക്കമുള്ള പർവത നിരകളിലൊന്നായ ആരവല്ലി അതിന്‍റെ പുതിയ നിർവചനത്തെച്ചൊല്ലിയുള്ള വലിയ വിവാദത്തിലായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ. ആരവല്ലിയുടെ നാശത്തിനു കാരണമാവുന്നതാണു പുതിയ നിർവചനം എന്ന ആക്ഷേപം രാജ്യവ്യാപകമായി ഉയർന്നു. പരിസ്ഥിതിവാദികൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു രംഗത്തെത്തി. എന്തായാലും ഇപ്പോൾ സുപ്രീം കോടതി ആ നിർവചനം മരവിപ്പിച്ചിരിക്കുകയാണ്. അതിന്‍റെ ആശ്വാസം രാജ്യവ്യാപകമായി പരിസ്ഥിതി സ്നേഹികൾ പ്രകടിപ്പിക്കുന്നുണ്ട്.

ആരവല്ലി സംരക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കേന്ദ്ര സർക്കാരും ബന്ധപ്പെട്ട എല്ലാവരും അതിന് അനുകൂലമായി തന്നെയാണു നിലകൊള്ളേണ്ടത്. വടക്കു പടിഞ്ഞാറൻ ഇന്ത്യയുടെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ളതാണ് ആരവല്ലി പർവത നിരകൾ. ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലായി 700 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുകയാണത്.

ഉത്തരേന്ത്യയുടെ ഹരിത ശ്വാസകോശമെന്നാണ് ഈ പർവത നിരകൾ അറിയപ്പെടുന്നതും. ഥാർ മരുഭൂമിയിലെ പൊടിക്കാറ്റിൽ നിന്ന് രാജ്യതലസ്ഥാനമടക്കം വിശാലമായൊരു മേഖലയെ സംരക്ഷിക്കുന്നത് ആരവല്ലിയാണ്. മരുഭൂമി കൂടുതൽ വ്യാപിക്കാതെ തടഞ്ഞുനിർത്തുന്നതിൽ ഈ പർവത നിരകൾക്കു നിർണായക പങ്കുണ്ട്. ജൈവവൈവിധ്യത്തിന്‍റെ സംരക്ഷണം, ഭൂഗർഭജല സംരക്ഷണം എന്നിവയിലും ആരവല്ലി അതിപ്രധാന പങ്കുവഹിക്കുന്നു.

അതുകൊണ്ടൊക്കെ തന്നെ ആരവല്ലി രാജ്യത്തിന് ഏറ്റവും വിലപ്പെട്ട നിധി തന്നെയാണ്. അതിന്‍റെ നിലനിൽപ്പിന് ഏതെങ്കിലും തരത്തിൽ ഭീഷണി ഉയർത്തുന്നത് അടിയന്തര പ്രാധാന്യത്തോടെ തടയേണ്ടതും അനിവാര്യമാണ്. ആരവല്ലി പർവത നിരകളുടെ നിർവചനത്തിൽ മാറ്റം വേണമെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്‍റെ സമിതി ശുപാർശ ചെയ്തത് ഈ വർഷം ഒക്റ്റോബറിലാണ്. കഴിഞ്ഞ മാസം 20ന് സുപ്രീം കോടതി അത് അംഗീകരിച്ചതോടെയാണ് രാജ്യവ്യാപകമായി പരിസ്ഥിതി സ്നേഹികളിൽ ആശങ്ക ഉയർന്നത്.

സുപ്രീം കോടതി അംഗീകരിച്ച പുതിയ നിർവചന പ്രകാരം നൂറു മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള കുന്നുകൾ മാത്രമാണ് ആരവല്ലി കുന്നിന്‍റെ നിർവചനത്തിൽ വരുക. 500 മീറ്ററിനുള്ളിൽ രണ്ടോ അതിൽ കൂടുതലോ ഇത്തരത്തിലുള്ള കുന്നുകളുണ്ടെങ്കിൽ അതിനെ ചേർത്ത് ആരവല്ലി മലനിരകളായി കണക്കാക്കാമെന്നും പറയുന്നു. നൂറു മീറ്ററിൽ താഴെ ഉയരമുള്ള കുന്നുകളൊന്നും ആരവല്ലിയിൽ പെടില്ല എന്നു വന്നാൽ ഇപ്പോഴത്തെ ആരവല്ലിയുടെ ഭൂരിഭാഗം ഭാഗങ്ങളും അതിൽ നിന്നു പുറത്താകും.

ഈ ഭാഗങ്ങളിലൊക്കെ ഖനനം അടക്കം മലനിരകൾക്കു ദോഷകരമായ പ്രവർത്തനങ്ങൾ അനുവദിക്കപ്പെടും. അതോടെ ആരവല്ലി കുന്നുകൾ തന്നെ നശിക്കും എന്നതാണു വലിയ വിവാദത്തിനു വഴിതുറന്നത്. രാജസ്ഥാനിൽ മാത്രം 12,081 ആരവല്ലി കുന്നുകളുള്ളതിൽ 1,048 എണ്ണം മാത്രമേ പുതിയ നിർവചനത്തിനു കീഴിൽ വരൂ എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വേണ്ടത്ര ശാസ്ത്രീയമായ വിലയിരുത്തലുകൾ നടത്താതെയും വിദഗ്ധാഭിപ്രായങ്ങൾ തേടാതെയുമാണു പുതിയ നിർവചനം ഉണ്ടാക്കിയത് എന്നാണു വിമർശനം ഉയർന്നത്. ഹരിയാനയിലെയും രാജസ്ഥാനിലെയും ഗുജറാത്തിലെയും നിരവധി സ്ഥലങ്ങളിൽ ഖനനം അനുവദിക്കാനുള്ള നീക്കമായി ഇതു ചൂണ്ടിക്കാണിക്കപ്പെട്ടു. ഉത്തരേന്ത്യയുടെ ഹരിത കവചം തകരുമോ എന്ന ആശങ്ക പൊതുവിൽ ഉയർന്നു. എന്നാൽ, ഖനനത്തിന് അനുമതി നൽകില്ലെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കുകയുണ്ടായി.

ആരവല്ലി മലനിരകളിൽ പുതിയ ഖനന ലൈസൻസുകൾ നൽകുന്നതു വിലക്കിക്കൊണ്ട് ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങൾക്കു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവു നൽകുകയും ചെയ്തു. നിലവിലുള്ള ഖനന പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കാനും നിർദേശമുണ്ടായി. രാജസ്ഥാനിലെ ആരവല്ലി മലനിരകൾ കേന്ദ്രീകരിച്ച് വ്യാപകമായി അനധികൃത ഖനനം നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ കൂടിയാണു കർശനമായ നിയന്ത്രണം എന്ന നിർദേശം പ്രസക്തമാവുന്നത്.

എന്തായാലും 100 മീറ്റർ ഉയരമുള്ള കുന്നുകളെ മാത്രമേ ആരവല്ലിയുടെ ഭാഗമായി കണക്കാക്കാവൂ എന്ന പുതിയ നിർവചനം സുപ്രീം കോടതി ഇപ്പോൾ സ്റ്റേ ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ അവധിക്കാല ബെഞ്ചിന്‍റെ തീരുമാനം വന്നിരിക്കുന്നത്. പുതിയ നിർവചനം സംബന്ധിച്ചു കൂടുതൽ വിശകലനത്തിന് വിദഗ്ധ സമിതി രൂപീകരിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

പുതിയ നിർവചനം മലനിരകളുടെ വ്യാപ്തി കുറയ്ക്കുമോ എന്നതടക്കം കാര്യങ്ങളിൽ വ്യക്തത വരുത്താൻ കേന്ദ്ര സർക്കാരിനോടു കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് സ്വാഗതം ചെയ്ത കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വിഷയം പഠിക്കാൻ പുതിയ സമിതിയെ നിയോഗിക്കുന്നതിനും അനുകൂലമായാണു പ്രതികരിച്ചിരിക്കുന്നത്. പരിസ്ഥിതി വിദഗ്ധർ കൂടി ഉൾപ്പെട്ട സമിതിയാവണം വിഷയം പഠിക്കുന്നതെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. സർക്കാർ അതു പരിഗണിക്കുമെന്നു കരുതാം.

യെലഹങ്കയിലെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യ വീട് ലഭിക്കില്ല; 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ

പെരിയയിൽ രാഷ്ട്രീയ നാടകം; വൈസ്പ്രസിഡന്‍റ് സ്ഥാനം യുഡിഎഫിന്

താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; നിയന്ത്രണം ജനുവരി 5 മുതൽ

തോൽവി പഠിക്കാൻ സിപിഎമ്മിന്‍റെ ഗൃഹ സന്ദർശനം; സന്ദർശനം ജനുവരി 15 മുതൽ 22 വരെ

മെട്രൊ വാർത്ത മൂവാറ്റുപുഴ ലേഖകൻ അബ്ബാസ് ഇടപ്പള്ളിഅന്തരിച്ചു